

പത്തനംതിട്ട: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആറന്മുള ഉത്രട്ടാതി വള്ളം കളി മത്സരമായി നടത്തേണ്ടതില്ലെന്ന് തീരുമാനം. അതേസമയം ഉത്രട്ടാതി വള്ളം കളിയുടെ ദിനമായ ഓഗസ്റ്റ് 25 ന് മൂന്ന് പള്ളിയോടങ്ങൾ പങ്കെടുത്തു കൊണ്ട് ജല ഘോഷയാത്രയായി നടത്താനും തീരുമാനമായി. തിരുവോണത്തോണി വരവ്, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ചും തീരുമാനം എടുത്തിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ഓഗസ്റ്റ് 21ന് തിരുവോണ തോണി വരവേൽപ്പ് ആചാരപരമായി 40 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്നതിനാണ് യോഗത്തിൽ തീരുമാനിച്ചത്. കഴിഞ്ഞ വർഷം 20 പേർ മാത്രമാണ് തോണിയിൽ പ്രവേശിച്ചിരുന്നത്. നിശ്ചയിക്കപ്പെട്ട തീരുമാനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് പള്ളിയോട സേവാ സംഘത്തിന് പുറമേ ബന്ധപ്പെട്ട വകുപ്പുകളും ഉറപ്പു വരുത്തണം.
തിരുവോണ തോണിക്ക് അകമ്പടി സേവിക്കുന്നതിനായി മൂന്ന് മേഖലയിൽ നിന്ന് ഓരോ പള്ളിയോടങ്ങൾ എന്ന ക്രമത്തിൽ മൂന്ന് പള്ളിയോടങ്ങളെ പങ്കെടുക്കാൻ അനുവദിക്കും. ഓരോ പള്ളിയോടത്തിലും 40 പേർ വീതം പങ്കെടുക്കും.
പള്ളിയോടത്തിലും തിരുവോണത്തോണിയിലും പങ്കെടുക്കുന്നവർ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും എടുത്തിരിക്കണം. ഇതിന് പുറമേ ആർടിപിസിആർ പരിശോധനയയിൽ നെഗറ്റീവാണെന്ന് ഉറപ്പാക്കണം. രണ്ട് വാക്സിൻ എടുത്തവർക്ക് ഇത് ബാധകമല്ല.
തിരുവോണത്തോണിയിലും പള്ളിയോടത്തിലും വരുന്നവരിൽ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തു എന്ന് ഉറപ്പാക്കാൻ പ്രത്യേക വാക്സിനേഷൻ ക്യാംപ് ആരോഗ്യ വകുപ്പ് നേതൃത്വത്തിൽ നടത്തും. ഇതിനാവശ്യമായ ലിസ്റ്റ് പള്ളിയോട സേവാസംഘം നൽകും.
പള്ളിയോട സേവാസംഘം ഭരണ സമിതി തെരഞ്ഞെടുപ്പ് കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് മാറ്റി വച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് ഓഗസ്റ്റോടെ ഭരണ സമിതി തിരഞ്ഞെടുപ്പ് നടത്താൻ യോഗം തീരുമാനിച്ചു. പുതിയ ഭാരവാഹികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഓഗസ്റ്റ് പകുതിയോടെ വീണ്ടും അവലോകന യോഗം ചേർന്ന് അഷ്ടമി രോഹിണി വള്ളസദ്യ, വള്ള സദ്യ വഴിപാട് എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം എടുക്കും. എല്ലാ ചടങ്ങുകളിലും നിശ്ചയിക്കപ്പെട്ടവർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർ, പള്ളിയോട സേവാസംഘം സെക്രട്ടറി പി ആർ രാധാകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി, ജില്ലാ മെഡിക്കൽ ഓഫീസർ എഎൽ ഷീജ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, മറ്റ് വകുപ്പുകളുടെ മേധാവികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
