

മൂന്നാർ: ചിന്നക്കനാൽ ജനവാസ മേഖലയിൽ ഭീഷണി സൃഷ്ടിക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടിയതിന് ശേഷം ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ എത്തി. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന സംഘടനയാണ് മൂന്നാർ ഡിഎഫ്ഒയ്ക്ക് ജിപിഎസ് കോളർ കൈമാറിയത്. വനംവകുപ്പ് സാങ്കേതിക പരിശോധന ആരംഭിച്ചു.
പറമ്പിക്കുളത്ത് ആനയെ തുറന്നുവിടണമെന്നുള്ള ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് അസമിൽ നിന്ന് ജിപിഎസ് കോളർ എത്തിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.
അതേസമയം, ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നതിന് പകരം സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി നിർദേശിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. സ്ഥലം കണ്ടെത്തും വരെ അരിക്കൊമ്പനെ നിരീക്ഷിക്കണമെന്ന് കോടതി നിർദേശിച്ചു.
അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നത് സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി നിർദേശം. വിദഗ്ധസമിതിയുടെ ശുപാർശ പ്രകാരം പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നതിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ കോടതിയെ സർക്കാർ ബോധിപ്പിച്ചു. അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം അടക്കം സർക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പകരം സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി നിർദേശിക്കാൻ സർക്കാരിന് കോടതി കൂടുതൽ സമയം അനുവദിച്ചത്. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.
പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ സുരക്ഷിത വനപ്രദേശങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്. അരിക്കൊമ്പനെ മാറ്റുന്നതിന് കണ്ണൂരിലെ ആറളം ഫാമും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഹർജി പരിഗണിക്കുന്നതിനിടെ, വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ വരുന്നത് തടയുന്നതിന് പരിഹാരം കണ്ടെത്തുന്നതിൽ വനംവകുപ്പിന് വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ അരിക്കൊമ്പനെ എവിടേയ്ക്ക് മാറ്റണമെന്ന് ഒരാഴ്ചയ്ക്കകം സർക്കാർ തീരുമാനിക്കണമെന്നും അല്ലാത്തപക്ഷം നേരത്തെ നിശ്ചയിച്ച പ്രകാരം പറമ്പിക്കുളത്തേയ്ക്ക് മാറ്റേണ്ടി വരുമെന്നുമായിരുന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചത്.പറമ്പിക്കുളത്തേയ്ക്ക് ആനയെ മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ഹർജി തള്ളിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ പ്രധാനമന്ത്രി കയറുന്നതിന് മുന്നേ ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ കയറി; വന്ദേഭാരതിൽ സുരക്ഷാവീഴ്ച
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates