

കൊച്ചി: അരൂര്‍- തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എന്‍ എച്ച് 66ല്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളം ജില്ലയിലേക്ക് എത്തുന്ന വലിയ വാഹനങ്ങള്‍ തുറവൂരില്‍ നിന്ന് തിരിഞ്ഞ് എഴുപുന്ന, കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, തോപ്പുംപടി, ബിഒടി പാലം വഴി കുണ്ടന്നൂരില്‍ എത്തിച്ചേരുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. എലിവേറ്റഡ് ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അങ്കമാലി ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതും തിരിച്ചുമുള്ള കണ്ടെയ്‌നര്‍ വാഹനങ്ങള്‍ക്ക് എംസി റോഡിലൂടെ മാത്രമേ പോകാന്‍ അനുമതിയുള്ളൂ. ഇത്തരം വാഹനങ്ങള്‍ക്ക് ഗതാഗതം തിരിച്ചു വിടുന്ന വഴിയിലൂടെയും, ദേശീയപാതയിലൂടെയും സഞ്ചരിക്കാന്‍ അനുമതിയില്ല.
വാഹനങ്ങള്‍ തിരിച്ചു വിടുന്ന വഴികളില്‍ ഇരുവശവുമുള്ള ഇലക്ട്രിക് കേബിളുകള്‍ ഉയര്‍ത്തുന്നതിനും ഇലക്ട്രിക് പോസ്റ്റുകള്‍ നീക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റോഡിന് ഇരുവശമുള്ള മരങ്ങളുടെ ചില്ലകള്‍ വെട്ടി ഒതുക്കാന്‍ പൊതുമരാമത്ത് വകുപ്പിനും കെഎസ്ഇബിക്കും നിര്‍ദ്ദേശം നല്‍കി. ബിഎസ്എന്‍എല്‍ കേബിളുകളും പോസ്റ്റുകളും സ്വകാര്യ കേബിളുകളും മാറ്റുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി. ഈ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നാഷണല്‍ ഹൈവേ ഏജന്‍സിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കുമ്പളങ്ങി പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്ന നിലയിലാണെന്ന് ജനപ്രതിനിധികള്‍ ചൂണ്ടി കാട്ടിയതിനെ തുടര്‍ന്ന് ഇത് പരിഹരിക്കാന്‍ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ ചുമതലപ്പെടുത്തി. ബിഒടി പാലം, യുപി പാലം എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
സൂചന ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കണം. സ്‌കൂളുകളുടെയും പ്രധാന ഇടങ്ങളുടെയും സമീപം റോഡില്‍ ഹംമ്പുകള്‍, സീബ്ര ക്രോസ് ലൈനുകള്‍ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം നടപ്പിലാക്കി വഴികള്‍ക്ക് ഇരുവശവുമുള്ള തടസ്സങ്ങള്‍ ഒഴിവാക്കിയതിനു ശേഷം ഒക്ടോബര്‍ 25ന് ട്രയല്‍ റണ്‍ നടത്തും. ഇതിനു മുന്നോടിയായി ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഉദ്യോഗസ്ഥരുമായി ഈ വിഷയം സംബന്ധിച്ച് സംയുക്ത യോഗം ചേരാനും തീരുമാനമായി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates