'സാൻ ഫെർണാണ്ടോ തീരത്തടുക്കുന്നു'; 9 മണിയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിക്കും, ട്രയൽ റൺ നാളെ

ഒൻപത് മണിയോടെ കപ്പൽ തുറമുഖത്ത് അടുപ്പിക്കും.
vizhinjam
'സാൻ ഫെർണാണ്ടോ തീരത്തടുക്കുന്നു'ഫെയ്സ്ബുക്ക്
Updated on
2 min read

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ഒടുവിൽ കപ്പലടക്കുന്നു. ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ 7.30 ഓടെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തും. ഒൻപത് മണിയോടെ കപ്പൽ തുറമുഖത്ത് അടുപ്പിക്കും. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ചരക്കുകപ്പൽ തീരമണയുന്നത്.

നിലവിൽ സാൻ ഫർണാണ്ടോ വിഴിഞ്ഞത്ത് നിന്നും 25 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ പുറംകടലിലെത്തിച്ചേർന്നിട്ടുണ്ട്. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ വരവേൽക്കും. തുറമുഖമന്ത്രി വി എൻ വാസവൻ അടക്കമുള്ളവർ കപ്പലിനെ സ്വീകരിക്കും. റഷ്യക്കാരനായ വ്ലാഡിമർ ബോണ്ടാരങ്കോ ക്യാപ്റ്റനായ കപ്പലിലെ ക്രൂവിൽ ആകെ 22 പേരുണ്ട്. മലയാളിയായ പ്രജീഷ് ഗോവിന്ദരാജ് അടക്കം അഞ്ച് ഇന്ത്യക്കാരുണ്ടെന്നു സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുന്നത്. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്. വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കു മുതൽക്കൂട്ടാകുമെന്നും ഇതു സർക്കാരും ജനങ്ങളും ഒരുമിച്ചു നിന്നു യാഥാർഥ്യമാക്കുന്ന സ്വപ്നമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്‌ബുക്കിൽ കുറിച്ചു.

vizhinjam
യദുവിന്റെ കൈയില്‍ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ല; പിന്നില്‍ യുവമോര്‍ച്ച ബന്ധമുള്ള എക്‌സൈസ് ഉദ്യോഗസ്ഥന്‍; വിശദീകരണവുമായി സിപിഎം

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

കേരളത്തിന്റെ വികസന ചരിത്രത്തിൽ ഉജ്ജ്വലമായ അധ്യായം തുന്നിച്ചേർത്തുകൊണ്ട് വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് ജൂലൈ 12-ന് എത്തിച്ചേരുകയാണ്. 2015- ആഗസ്റ്റ് 17-നാണ് വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാർ ഒപ്പു വയ്ക്കുന്നത്. ആ വർഷം ഡിസംബറിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു.

തുറമുഖം സമയബന്ധിതമായി ഈ വിധത്തിൽ പൂർത്തിയാക്കാൻ പ്രത്യേക ശ്രദ്ധയും കരുതലുമാണ് 2016 മുതൽ സർക്കാർ കൈകൊണ്ടത്. പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കിയും പ്രതിമാസ അവലോകനങ്ങൾ നടത്തിയും ദൈനംദിന അവലോകനങ്ങൾക്ക് പ്രത്യേക മൊബൈൽ ആപ്പ് തന്നെ തയ്യാറാക്കിയുമാണ് നിർമ്മാണം മുന്നോട്ടുകൊണ്ടു പോയത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കി. പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കേണ്ട ഓരോ ഘടകത്തിന്റെയും സമയകൃത്യത ഉറപ്പാക്കി. സമയബന്ധിതമായി ഇത് പൂർത്തിയാക്കുന്നതിനായി അദാനി ഗ്രൂപ്പ് പ്രവർത്തിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന് 8867 കോടി രൂപയാണ് ആകെ മുതൽമുടക്ക്. ഇതിൽ 5595 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരുമാണ് വഹിക്കുന്നത്. തുറമുഖ നിർമ്മാണത്തിനുള്ള കരാർ ഒപ്പുവെക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികളോട് വളരെ അനുകൂലമായ നയം സ്വീകരിച്ചതിന്റെ ഫലമായി 100 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെയായി ചെലവഴിച്ചു.

വിഴിഞ്ഞം നിവാസികൾ ഉന്നയിച്ച പ്രശ്നങ്ങളുടെ പരിഹാരത്തിനായി സർക്കാർ ഫണ്ട് ഉപയോഗപ്പെടുത്തിയും അദാനി കമ്പനിയുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചും വേണ്ട പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നത്.

ഈ തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്‌നർ ബിസിനസ്സിന്റെ കേന്ദ്രമായി കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളിൽ വലിയ വികസനത്തിനും അങ്ങനെ സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം തുറമുഖം മുതൽക്കൂട്ടാകും. ഇതു സർക്കാരും ജനങ്ങളും ഒരുമിച്ചു നിന്നു യാഥാർത്ഥ്യമാക്കുന്ന സ്വപ്നമാണ്. അഭിമാനപൂർവ്വം ഈ നേട്ടം നമുക്ക് ഓരോരുത്തർക്കും ആഘോഷമാക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com