'മുകളിലൊരാൾ കാണുന്നുണ്ട്', എഐ ക്യാമറകൾ കണ്ണുതുറന്നു; 'കുട്ടി'ക്കുടുംബത്തിനും ഹെൽമറ്റിൽ പിഴവീഴും

റോഡ് അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: റോഡ് അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങി. സംസ്ഥാനമൊട്ടാകെ 726 എഐ (നിർമിതബുദ്ധി) ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ 3 പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും എഐ ക്യാമറയിൽ പതിഞ്ഞാൽ പിഴയുണ്ടാകും. ഇതുൾപ്പെടെ കർശന വ്യവസ്ഥകൾ പൂർണ തോതിൽ നടപ്പാക്കാനാണ് പുതിയ പരിഷ്കാരം. കാറിൽ കൈക്കുഞ്ഞുങ്ങളെ പിൻസീറ്റിൽ മുതിർന്നവർക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണം. ഒരു ക്യാമറയിൽ നിയമലംഘനം കണ്ടെത്തുന്ന വാഹനത്തിനും വ്യക്തിക്കും തുടർന്നുള്ള ക്യാമറകളിൽ ഓരോ തവണ പതിയുമ്പോഴും അതേ കുറ്റത്തിനു പിഴ വരും.

അതേസമയം, ദൃശ്യങ്ങളിൽ വ്യക്തമാകുന്ന നിയമലംഘനത്തിനു മാത്രമേ പിഴയുണ്ടാകൂ എന്നും വാഹന രേഖകൾ കൃത്യമാണോ എന്നതുൾപ്പെടെയുള്ള മറ്റു പരിശോധനകൾ കൺട്രോൾ റൂം മുഖേന തൽക്കാലമില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ ലൈൻ ട്രാഫിക് ലംഘനങ്ങളും പരിശോധിക്കില്ല.

വാഹനമോടിക്കുന്നതിനിടെ ഫോണിൽ സംസാരിക്കുന്നതും പിടികൂടും. കാറിൽ ഹാൻഡ്സ് ഫ്രീ ബ്ലൂടൂത്ത് സൗകര്യമുപയോഗിച്ചു ഫോണിൽ സംസാരിക്കുന്നതും ഒഴിവാക്കണമെന്നാണു നിർദേശമെങ്കിലും തൽക്കാലം ഇതിനു പിഴയില്ല. പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർദേശിച്ചിട്ടുണ്ടെങ്കിലും ഇതു ലംഘിക്കുന്നവർക്കും തൽക്കാലം പിഴ ചുമത്തില്ല.

ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, അപകടം ഉണ്ടാക്കി നിർത്താതെ പോകൽ എന്നിവ പിടിക്കാൻ 675 ക്യാമറകളും സിഗ്നൽ ലംഘിച്ച് പോയി കഴിഞ്ഞാൽ പിടികൂടാൻ 18 ക്യാമറകളാണ് ഉള്ളത്. അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറകളും അതിവേഗം കണ്ടെത്താൻ നാലു ക്യാമറകളും പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി ക്യാമറകൾ ഒപ്പിയെടുക്കും.

നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളിൽ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസിൽ രജിസ്റ്റേർഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കിൽ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റം ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാൽ അത്രയധികം തവണ പിഴയടക്കേണ്ടി വരും. ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ 500 രൂപയാണ് പിഴ. അമിതവേഗത്തിന് 1500 രൂപ, മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവിങ് ചെയ്താൽ 2000 രൂപ, അനധികൃതപാർക്കിങിന് 250 രൂപ, പിൻസീറ്റിൽ ഹെൽമെറ്റ് ഇല്ലെങ്കിൽ 500 രൂപ, മൂന്ന് പേരുടെ ബൈക്ക് യാത്ര 1000 രൂപ എന്നിങ്ങനെയാണ് പിഴ.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com