

തിരുവനന്തപുരം: മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ എന്നിവര്‍ക്ക് തുറന്ന കത്തുമായി സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍. നവംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ മൂന്നു താരങ്ങളെയും സര്‍ക്കാര്‍ ക്ഷണിച്ചതിനു പിന്നാലെയാണ് ആശമാരുടെ കത്ത്. മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാന്‍ കഴിയാത്ത, മാരക രോഗം വന്നാല്‍ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത, കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും പ്രഖ്യാപനത്തിന് മുന്‍പ് സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപോരാളികളെ വന്ന് കാണണമെന്നുമാണ് കത്തിലെ ആവശ്യം.
അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുക വഴി നിങ്ങള്‍ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് ചടങ്ങില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ഹാസനും വിട്ടുനില്‍ക്കണമെന്നും ആശാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദന്‍, കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്.
ഇമെയില്‍ മുഖേനയാണ് താരങ്ങള്‍ക്കു കത്തയച്ചത്. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുക വഴി നിങ്ങള്‍ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് ചടങ്ങില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ഹാസനും വിട്ടുനില്‍ക്കണമെന്നാണ് ആശമാരുടെ ആവശ്യം.
ആശമാരുടെ കത്തിന്റെ പൂര്‍ണരൂപം
കഴിഞ്ഞ എട്ടര മാസമായി ഈ മണ്ണില്‍ മനുഷ്യോചിതമായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി സെക്രട്ടേറിയറ്റിനു മുന്‍പില്‍ സര്‍ക്കാരിന്റെ അനുഭാവപൂര്‍ണമായ തീരുമാനം കാത്ത് രാപകല്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആശാപ്രവര്‍ത്തകരായ സ്ത്രീ തൊഴിലാളികളാണ് ഞങ്ങള്‍. തീര്‍ത്തും നിസ്വരായ ഞങ്ങളുടെ ദാരിദ്ര്യമോ ജീവിതക്ലേശങ്ങളോ തെല്ലും പരിഗണിക്കാതെ കഴിഞ്ഞ 18 വര്‍ഷമായി സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയില്‍ സമര്‍പ്പിതമായി പ്രര്‍ത്തിക്കുന്നവരാണ് ആശമാര്‍. പകര്‍ച്ചവ്യാധികളുടെ നാളുകളില്‍ ഞങ്ങള്‍ ജനങ്ങളെ പരിചരിച്ചു. രോഗിപരിചരണത്തിനായി രംഗത്തിറങ്ങിയ ഞങ്ങളുടെ 11 സഹപ്രവര്‍ത്തകര്‍ കോവിഡ് ബാധിതരായി മരിച്ചു. ആശമാരുടെ നിസ്വാര്‍ഥ പ്രയത്‌നങ്ങളെ മാനിച്ചുകൊണ്ട് ആരോഗ്യരംഗത്തെ കാലാള്‍പ്പട എന്ന് ഞങ്ങള്‍ വിശേഷിപ്പിക്കപ്പെട്ടു. എന്നാല്‍ പരമ ദരിദ്രമായ ഞങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനോ ദുരിതങ്ങള്‍ അവസാനിപ്പിക്കാനോ ഒരു നടപടിയും എവിടെനിന്നും ഉണ്ടായില്ല.
ഞങ്ങളുടെ ദിവസ വേതനം 233 രൂപയെന്ന തുച്ഛമായ തുക മാത്രമാണ്. ജോലി ചെയ്യാന്‍ ഏറ്റവും കുറഞ്ഞത് 100 രൂപയെങ്കിലും ദിനേന ചെലവഴിക്കേണ്ടി വരുന്ന ഞങ്ങളുടെ കൈവശം അവശേഷിക്കുന്ന തുക കൊണ്ട് എങ്ങനെയാണ് കുടുംബം പുലര്‍ത്തുക? നിത്യച്ചെലവുകള്‍ക്കായി പോലും കടം വാങ്ങേണ്ടി വരുന്നു. കടഭാരമേറി ജീവിതംതന്നെ അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണ് ഞങ്ങളില്‍ ഏറെപേരും. പലര്‍ക്കും കിടപ്പാടമില്ല. ഭര്‍ത്താക്കന്മാരും മാതാപിതാക്കളും മാറാ രോഗികളായവരുമുണ്ട്.
ജീവിതദുരിതങ്ങള്‍ ശ്വാസംമുട്ടിക്കുന്ന വേളയിലാണ് ഞങ്ങള്‍ സെക്രട്ടേറിയറ്റ് നടയില്‍ രാപകല്‍ സമരവുമായി എത്തിയത്. ദുഃഖവും നിരാശയും നിറയുന്ന ഞങ്ങളുടെ ജീവിതത്തില്‍ ആശ്വാസത്തിന്റെ വെളിച്ചം തേടിയാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. നിലവിലുള്ള 233 രൂപ ദിവസവേതനം വര്‍ദ്ധിപ്പിക്കുക, 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ഏറ്റവും ന്യായമായ ആവശ്യങ്ങളാണ് ഞങ്ങള്‍ സര്‍ക്കാരിനു മുന്‍പില്‍ ഉണര്‍ത്തുന്നത്.
കഴിഞ്ഞ ഫെബ്രുവരി 10 മുതല്‍ ഞങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നിലെ തെരുവിലാണ് രാപകല്‍ കഴിയുന്നത്. കൊടിയ വെയിലും കനത്ത മഴയും ആരോഗ്യത്തെ തകര്‍ക്കുന്ന മലിനീകരണവും നേരിട്ട് ഞങ്ങള്‍ തെരുവില്‍ അന്തിയുറങ്ങുകയാണ്. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സൗകര്യമില്ലാതെ സ്ത്രീകള്‍ തെരുവില്‍ കഴിയുക എന്നത് ഒരു ദിവസത്തേക്കുപോലും സാധ്യമല്ലാതിരിക്കേ, കഴിഞ്ഞ 260 ദിവസമായി ഞങ്ങള്‍ വിഷമിക്കുകയാണ്. കോരിച്ചൊഴിയുന്ന മഴയില്‍ ഒരു ടാര്‍പാളിന്‍ ഷീറ്റ് പോലും തലയ്ക്കുമുകളില്‍ പിടിക്കുന്നത് സര്‍ക്കാര്‍ വിലക്കി. ഏറ്റവുമൊടുവില്‍ ഞങ്ങളുടെ തുച്ഛവരുമാനത്തില്‍ നിന്നും ചില്ലിത്തുട്ടുകള്‍ ശേഖരിച്ച് വാങ്ങിച്ച ഉച്ചഭാഷിണിയും പൊലീസ് പിടിച്ചെടുത്തു. പ്രതിഷേധിച്ച ഞങ്ങളുടെ പ്രവര്‍ത്തകയുടെ നേര്‍ക്ക് പൊലീസ് ജീപ്പ് ഇരച്ചെത്തുന്നതുകണ്ട് കേരളം ഞെട്ടി. അങ്ങേയറ്റം സമാധാനപരമായി, ജനാധിപത്യ ശൈലിയില്‍, സഹനസമരത്തിന്റെ പാത സ്വീകരിച്ചിട്ടുള്ള, തീര്‍ത്തും പാവപ്പെട്ടവരായ സ്ത്രീകളോടാണ് ഈ അതിക്രമങ്ങളെന്ന് നിങ്ങള്‍ കാണണം. ഇതിന്റെയെല്ലാം മുമ്പില്‍ പരാജയപ്പെട്ടു മടങ്ങിപ്പോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്ന് ദയവായി അറിയുക. അതുകൊണ്ട്തന്നെ തന്നെ വിജയം വരെ ഈ തെരുവില്‍ കഴിയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്.
ഇന്ന് ഞങ്ങള്‍ അറിയുന്നു, അതിദാരിദ്ര്യ നിര്‍മാര്‍ജന സംസ്ഥാനമായി കേരളം മാറുകയാണത്രേ! അതിദരിദ്രരില്ലാത്ത കേരളത്തിന്റെ പ്രഖ്യാപനത്തിനായി നവംബര്‍ 1ന് സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ ചടങ്ങില്‍ മലയാളത്തിന്റെയും തമിഴകത്തിന്റെയും മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ജനമനസുകളെയും കീഴടക്കിയ മഹാ കലാകാരന്മാരായ നിങ്ങള്‍ പങ്കെടുക്കുന്നതായി ഞങ്ങള്‍ മനസിലാക്കുന്നു. പ്രിയ കലാകാരമാരേ, നിങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ള പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ അറിയുന്നവരാണ്. അവര്‍ക്കായി നന്മയുടെ ചുമതലകള്‍ പലതും നിറവേറ്റുന്നവരുമാണ്. ദയവായി നിങ്ങളറിയണം, 233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങള്‍ 26,125 ആശമാര്‍ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല. ഇത് ഞങ്ങള്‍ നെഞ്ചില്‍ കൈവച്ച് പറയുകയാണ്.
പ്രിയ കലാകാരന്മാരെ, സെക്രട്ടേറിയറ്റിനു മുന്നിലെ ആശാപോരാളികളെ വന്ന് കാണണം. മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാന്‍ കഴിയാത്ത, മാരക രോഗം വന്നാല്‍ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത, കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരാണ് ഞങ്ങള്‍ ആശമാര്‍. ഞങ്ങളുടെ തുച്ഛവേതനം വര്‍ധിപ്പിക്കാതെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം എന്നത് ഒരു വലിയ നുണയാണ്. സര്‍ക്കാരിന്റെ കാപട്യവും. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുക വഴി നിങ്ങള്‍ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് പ്രിയപ്പെട്ട മഹാ നടന്മാരായ മൂവരോടും സര്‍ക്കാരിന്റെ അതി ദാരിദ്ര്യ മുക്ത പ്രഖ്യാപന പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് സ്‌നേഹാദരങ്ങളോടെ ഞങ്ങള്‍, അതിദരിദ്രരായ ആശമാര്‍ അഭ്യര്‍ഥിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
