

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതോടെ, സര്‍പ്രൈസ് സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ജെന്‍ സി കാലഘട്ടത്തിലെ തെരഞ്ഞെടുപ്പില്‍ സിനിമാ രംഗത്തു നിന്നും കഴിയുന്നത്ര രംഗത്തിറക്കാന്‍ മുന്നണികള്‍ പരിശ്രമിക്കുന്നുണ്ട്. അവരുടെ താരപരിവേഷം ഉപയോഗപ്പെടുത്താനാകുമെന്നാണ് പാര്‍ട്ടികളുടെ പ്രതീക്ഷ.
സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലിറങ്ങി ശോഭിക്കുകയും, മന്ത്രിയാകുകയും ചെയ്തയാളാണ് കെ ബി ഗണേഷ് കുമാര്‍. പത്തനാപുരത്ത് ഗണേഷ് വീണ്ടും സ്ഥാനാര്‍ഥിയാകും. അതേസമയം കൊല്ലത്ത് എം മുകേഷ് ഇത്തവണ മത്സരരംഗത്തുണ്ടായേക്കില്ല. സമീപകാല വിവാദങ്ങള്‍ അടക്കം മുകേഷിനെ വീണ്ടും മത്സരിപ്പിച്ചാല്‍ തിരിച്ചടിച്ചേക്കുമെന്നാണ് സിപിഎമ്മിന്റെ ആശങ്ക.
യുവതാരങ്ങള്‍ അടക്കം നിരവധി പേരുകളാണ് പാര്‍ട്ടികളുടെ പരിഗണനയിലുള്ളത്. നടന്മാരായ ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, കൃഷ്ണകുമാര്‍, ദേവന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നടനും സംവിധായകനുമായ രമേഷ് പിഷാരടി, മേജര്‍ രവി, വി എം വിനു, നടിമാരായ ഗായത്രി, വീണ തുടങ്ങിയവര്‍ വിവിധ പാര്‍ട്ടികളുടെ പരിഗണനയിലുള്ളവരാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന നിര്ദേശവും ഉയര്‍ന്നിട്ടുണ്ട്.
തൃപ്പൂണിത്തുറ, പാലക്കാട് മണ്ഡലങ്ങളിലാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ പേര് കോണ്‍ഗ്രസ് ക്യാംപുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പരിഗണനയിലുണ്ട്. തൊടുപുഴയില്‍ ഇടതു സ്ഥാനാര്‍ഥിയായാണ് ആസിഫ് അലിയുടെ പേര് ഉയരുന്നത്. എന്നാല്‍ സിനിമ വിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താരം തയ്യാറാകുമോയെന്നതില്‍ വ്യക്തതയില്ല.
ബിജെപി ക്യാംപിലെ സര്‍പ്രൈസ് ലിസ്റ്റിലാണ് ഉണ്ണി മുകുന്ദന്റെ പേരുള്ളത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് നടന്‍ കൃഷ്ണകുമാര്‍ വീണ്ടും മത്സരിച്ചേക്കും. ദേവന്‍, മേജര്‍ രവി തുടങ്ങിയവരും ബിജെപിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാവു കൂടിയായ നടി വീണയെ തീരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതും പരിഗണിക്കുന്നതായാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates