

കാസര്‍കോട്: പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കാസര്‍കോട് നടന്ന നൂറാം വാര്‍ഷിക ആഘോഷ ചടങ്ങിലാണു സമസ്ത ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടു പ്രമേയം പാസാക്കിയത്. വെള്ളിയാഴ്ച നിസ്‌കാരത്തിന് തടസമാകാത്ത രീതിയില്‍ പരീക്ഷ സമയം നിശ്ചയിക്കണമെന്നും സമസ്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജുമുഅ സമയത്ത് ക്ലാസുകള്‍ നടത്തുന്നത് അനീതിയാണെന്നും സര്‍ക്കാര്‍ ഇതിന് തയ്യാറാകണമെന്നും മദ്രസ സമയവിഷയത്തില്‍ സര്‍ക്കാര്‍ ഉറപ്പുപാലിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.
മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജില്ലാ പുനര്‍നിര്‍ണയം അനിവാര്യമാണെന്നും കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ജനസംഖ്യയും ഭരണനിര്‍വ്വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ചു തീരുമാനം നടപ്പിലാക്കണമെന്നുമായിരുന്നു പ്രമേയത്തിലെ ആവശ്യം.
'ജില്ലകളുടെ പുനര്‍നിര്‍ണയം അനിവാര്യമായിരിക്കുകയാണ്. 45 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണ്. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്‌നങ്ങളുണ്ട്. 39 പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പരിധിയില്‍ 38 ജില്ലകള്‍ നിലനില്‍ക്കുന്ന തമിഴ്‌നാടിനെ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. പുതിയ ജില്ലകള്‍ വരുന്നതോടെ സിവില്‍ സ്റ്റേഷനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കും. പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അതു വേഗത കൂട്ടുകയും ചെയ്യും. ആയതിനാല്‍, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനര്‍നിര്‍ണയം യാഥാര്‍ഥ്യമാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒത്തൊരുമിച്ച് രംഗത്തിറങ്ങണം' -പ്രമയത്തിലൂടെ സമസ്ത ആവശ്യപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates