'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

മകനെയും കൂട്ടുപ്രതികളെയും രക്ഷിക്കാർ ലക്ഷങ്ങൾ അവർ വാരിവിതറുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. മലയാളത്തിലെ ഒരു വിഖ്യാത നടിക്ക് നീതി വാങ്ങിക്കൊടുക്കാൻ കഴിയാതിരുന്ന അതേ പ്രദേശത്താണ് ഈ നരഹത്യയും നടന്നിട്ടുള്ളത്.
Suhail Sajeev
അപകടമുണ്ടാക്കിയ കാർ, സുഹൈൽ സജീവ് എക്സ്പ്രസ് ചിത്രം/ എ സനേഷ്
Edited By:
Updated on: 
2 min read

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണി എയര്‍പോര്‍ട്ട് റോഡില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാറോടിച്ച തൃക്കാക്കര സ്വദേശി സുഹൈലിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കണമെന്ന് അപകടത്തില്‍ മരിച്ച ഗോപികയുടെ ഇളയച്ഛന്‍ എംആര്‍ അനില്‍ കുമാര്‍. അതിനുപകരം പാലൂട്ടാന്‍ ജുവനൈല്‍ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കില്‍ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെ പറ്റി സംശയമുണ്ടാകുമെന്ന് അനില്‍ കുമാര്‍ ഫെയ്്‌സ്ബുക്കില്‍ കുറിച്ചു.

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി എന്ന് ഓരോ സാധാരണ മലയാളിയും സംശയിക്കേണ്ടി വരും. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്കും സംസ്ഥാന ഡി.ജി.പിക്കും ഈ സംശയം ദൂരീകരിക്കാന്‍ വല്ല നൈതിക ബാധ്യതയും സ്വീകരിക്കാനുണ്ടോ എന്ന്ഉത്തരവാദിത്തപ്പെട്ട ഒരു ബന്ധു എന്ന നിലയില്‍ ചോദിക്കുന്നു. എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ ശമ്പളം കൊടുത്ത് വെച്ചിരിക്കുന്നത് എന്ന സംശയത്തിനും ഉത്തരം കിട്ടണം. നീതിക്ക് നിങ്ങള്‍ വല്ല വിലയും കല്‍പിക്കുന്നുണ്ടെങ്കില്‍ മറുപടി തരണം'- അനില്‍ കുമാര്‍ കുറിപ്പില്‍ പറയുന്നു.

എന്‍ആര്‍ അനില്‍ കുമാറിന്റെ കുറിപ്പ്‌

പ്രിയമുള്ളവരേ, എൻ്റെ അനിയൻ എം. ആർ. പ്രദീപ് കുമാറിൻ്റെ മൂത്ത മകൾ ഗോപിക നെടുമ്പാശ്ശേരിയിൽ വെച്ച് 4 പ്രതികൾ അത്യധികം മദ്യപിച്ച് ഉണ്ടാക്കിയ വാഹനാപകടത്തിൽ മരിച്ച വിവരം നിങ്ങളെല്ലാം അറിഞ്ഞിരിക്കുമല്ലോ. എൻ്റെ സ്വന്തം സംഹാദരൻ്റെ മകളാണ്. എനിക്ക് സ്വന്തം മകളെ പോലെയാണ് അവളും. രാത്രി 2 മണിക്ക് അവളും മറ്റു സുഹൃത്തുക്കളും ചേർന്ന് നെടുമ്പാശ്ശേരി എയർപോർട്ട് ഭാഗത്തു നിന്ന്, നൈറ്റ് ഷിഫ്റ്റിലുള്ള പാർട്ട്ടൈം ജോലി കഴിഞ്ഞ് ഭക്ഷണം കഴിച്ച് സ്വന്തം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് ഈ നരഹത്യ നടന്നത്.

എൻ്റെ സഹോദരൻ ഒരു ഓട്ടോ റിക്ഷ തൊഴിലാളിയാണ്. വളരെ പാവപ്പെട്ട കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച് വളർന്ന സാധാരണക്കാരായ മാതാപിതാക്കളുടെ മക്കളാണ് ഞങ്ങൾ. കൂലിപ്പണി ചെയ്തും ടെയ്ലറിങ്ങ് നടത്തിയും ചായക്കട നടത്തിയും ഒക്കെയാണ് ഞങ്ങൾ പഠിച്ചതും ജോലി കണ്ടെത്തിയതും. എൻ്റെ സഹോദരൻ്റെ മകൾ ഗോപിക BCA പാസ്സായതും പിന്നീട് ഡാറ്റാ അനലിറ്റിക്സ് കോഴ്സ് പാസായതും നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്ത് കിട്ടുന്ന കാശുകൊണ്ടാണ്. തുടർ പഠനത്തിനുള്ള പണം കണ്ടെത്താനും ഓട്ടോ തൊഴിലാളിയായ അച്ഛനെ ബുദ്ധിമുട്ടിക്കാതിരിക്കാനുമാണ് എൻ്റെ കുട്ടി അവൾ പഠിച്ച സ്ഥാപനത്തിനോട് ചേർന്ന ഒരു ആൻ്റിക് ഷോപ്പിൽ , അവളുടെ ദീർഘകാല സുഹൃത്തുക്കളോടൊപ്പം മാതാപിതാക്കളുടെ അറിവോടെയും സമ്മതത്തോടെയും ജോലി ചെയ്തുവരുന്നത്. വീക്കെൻഡ് ആയതിനാൽ എയപ്പോർട്ടിനോടു ചേർന്നുള്ള ഫുഡ് കോർട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ഹേം സ്റ്റേയിലേക്ക് മടങ്ങവെയാണ് കൊലയാളി ഞങ്ങളുടെ കുട്ടിയെ അടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയത്. അതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം എണ്ണമറ്റ നിരവധി തെളിവുകളും മെഡിക്കൽ റിപ്പോർട്ടുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പുറത്തു വന്നു കഴിഞ്ഞു.

പ്രതി അമിത മദ്യപനായിരുന്നു എന്ന് സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥർ മാധ്യമങ്ങളോടും എന്നോടും എറ്റവും അനുഭാവത്തോടെ വെളിപ്പെടുത്തിയതുമാണ്. പ്രതി നാട്ടുകാരോട് വാപ്പ രക്ഷിച്ചോളും എന്ന് വീരവാദം പറഞ്ഞതും സാക്ഷിമൊഴികളായി നമ്മൾ കണ്ടതാണ്. വലിയ കോടീശ്വരന്മാരായ മാതാപിതാക്കളുടെ മകനും കൂട്ടുകാരുമാണ് പ്രതികൾ. മകനെയും കൂട്ടുപ്രതികളെയും രക്ഷിക്കാർ ലക്ഷങ്ങൾ അവർ വാരിവിതറുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. മലയാളത്തിലെ ഒരു വിഖ്യാത നടിക്ക് നീതി വാങ്ങിക്കൊടുക്കാൻ കഴിയാതിരുന്ന അതേ പ്രദേശത്താണ് ഈ നരഹത്യയും നടന്നിട്ടുള്ളത്.

എന്നിട്ട് അതിലെ പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടക്കുന്നതി നു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെ പറ്റി സംശയമുണ്ടാകും.

ഭരണകൂടത്തിൻ്റെ പിന്തുണയോടെ കോടീശ്വരൻ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി എന്ന് ഓരോ സാധാരണ മലയാളിയും സംശയിക്കേണ്ടി വരും.

കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശനും ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തലക്കും സംസ്ഥാന ഡി.ജി.പിക്കും ഈ സംശയം ദൂരീകരിക്കാൻ വല്ല നൈതിക ബാധ്യതയും സ്വീകരിക്കാനുണ്ടോ എന്ന് ഉത്തരവാദിത്തപ്പെട്ട ഒരു ബന്ധു എന്ന നിലയിൽ ചോദിക്കുന്നു. എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്ത് വെച്ചിരിക്കുന്നത് എന്ന സംശയത്തിനും ഉത്തരം കിട്ടണം. നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം

Summary

Athani Airport Road Crash: Deceased Gopika's Uncle Demands Non-Bailable Charges and Lockup Imprisonment Against Suhail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com