ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ. ജാമ്യത്തിൽ ഇറങ്ങിയ ശേഷം സർക്കാർ സംവിധാനം ഉപയോഗിച്ച് ശിവശങ്കർ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് അപേക്ഷയിൽ ഇഡി പറയുന്നു. ഡൽഹിയിലെ ഇഡി ആസ്ഥാനത്തെ ഡെപ്യൂട്ടി ഡയറക്ടർ ജിതേന്ദ്ര കുമാർ ഗോഗിയയാണ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നുവെന്ന് ഇഡി പറയുന്നു. ശിവശങ്കറിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ജാമ്യം അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത കാര്യവും ഇഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഈ നീക്കം നിയമവാഴ്ച ഉറപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അപേക്ഷയിൽ പറയുന്നു.
സ്വപ്ന സുരേഷിന്റെ സുരക്ഷ ചുമതല ഉണ്ടായിരുന്ന രണ്ട് വനിത സിവിൽ പോലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴി ഇഡി തങ്ങളുടെ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വർണക്കടത്ത് ഇടപാടിൽ മുഖ്യമന്ത്രിയുടെ പേര് പറയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന മൊഴിയാണ് സിവിൽ പോലീസ് ഉദ്യോഗസ്ഥ നൽകിയത്. ഇത് പിന്നീട് മാധ്യമങ്ങൾക്ക് ചോർത്തി നൽകി.
എന്നാൽ തനിക്ക് ഒരു സമ്മർദ്ദവും നേരിടേണ്ടി വന്നില്ലെന്നാണ് സ്വപ്ന പറയുന്നതെന്ന് ഇഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. വ്യാജ മൊഴികൾ നൽകി അന്വേഷണ ഉദ്യോഗസ്ഥരെ സിവിൽ പോലീസ് ഉദ്യോഗസ്ഥ ഭീഷണി പെടുത്തുകയാണെന്നും ഇഡി കുറ്റപ്പെടുത്തി. കസ്റ്റഡിയിൽ ആയിരുന്നപ്പോൾ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന സന്ദീപ് നായരുടെ ആരോപണവും ഇഡി തള്ളി. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നപ്പോൾ സന്ദീപ് നായരെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് ഇഡി പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates