

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം കണക്കിലെടുത്ത് മദ്യ വില്പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
തിരുവനന്തപുരത്ത് 24 മണിക്കൂറാണ് മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 24ന് വൈകിട്ട് 6 മണി മുതല്‍ 25 വൈകിട്ട് 6 വരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലുമാണ് നിരോധനം.
ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 17-നാണ് ആരംഭിക്കുന്നത്. ഉത്സവം 27-ന് സമാപിക്കും. പൊങ്കാല ഇടാനുളള മണ്‍കലങ്ങളും ഇഷ്ടികകളും പ്രധാന കവലകളില്‍ നിരന്നു തുടങ്ങി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വഴിയോരത്ത് അലങ്കാരങ്ങള്‍ക്കുളള ഒരുക്കങ്ങളും തുടങ്ങി.
പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പും കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തീര്‍ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ചു. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മുഴുവന്‍ ഭക്ഷ്യസ്ഥാപനങ്ങളും ലൈസന്‍സിന്റെ/രജിസ്‌ട്രേഷന്റെ പകര്‍പ്പ് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതള പാനീയം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന്‍ മുന്‍കൂറായി എടുക്കണം. അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനുള്ള സംവിധാനം ലഭ്യമാണ്. ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികള്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates