

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ ചൊവ്വാഴ്ച വൈകീട്ട് 8 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്. ഈ സമയം തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളില്‍ കണ്ടെയ്‌നര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ റോഡുകളിലോ സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കില്ല. 2, 3 തീയതികളില്‍ ആറ്റുകാല്‍ ക്ഷേത്രപരിസരത്തുള്ളതും തിരക്ക് അനുഭവപ്പെടുന്നതുമായ പ്രധാന റോഡുകളായ കിള്ളിപ്പാലം -പാടശ്ശേരി - ചിറപ്പാലം ബണ്ട് റോഡ്, അട്ടക്കുളങ്ങര- മണക്കാട്- മാര്‍ക്കറ്റ് റോഡ് , അട്ടക്കുളങ്ങര കമലേശ്വരം റോഡ്, കമലേശ്വരം - വലിയപള്ളി റോഡ്, കൊഞ്ചിറവിള ആറ്റുകാല്‍ റോഡ്, ചിറമുക്ക് -ഐരാണിമുട്ടം റോഡ് , കിള്ളിപ്പാലം -അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര- ഈഞ്ചക്കല്‍ റോഡ് , വെട്ടിമുറിച്ച കോട്ട പടിഞ്ഞാറേകോട്ട റോഡ് , മിത്രാനന്ദപുരം - ശ്രീകണ്‌ഠേശ്വരം, പഴവങ്ങാടി - സെന്‍ട്രല്‍ തിയറ്റര്‍ റോഡ്, പഴവങ്ങാടി - എസ്പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ റോഡ്, മേലേ പഴവങ്ങാടി - പവര്‍ഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്‌ഠേശ്വരം- പുന്നപുരം റോഡ്, കൈതമുക്ക് വഞ്ചിയൂര്‍ റോഡ്, വഞ്ചിയൂര്‍ - പാറ്റൂര്‍ റോഡ്, വഞ്ചിയൂര്‍ - നാലുമുക്ക് റോഡ്, ഉപ്പിടാംമൂട് - ചെട്ടിക്കുളങ്ങര- ഓവര്‍ ബ്രിഡ്ജ് റോഡ്, കുന്നുംപുറം - ഉപ്പിടാംമൂട് റോഡ്, ഐരാണിമുട്ടം- കാലടി- മരുതൂര്‍ക്കടവ് റോഡ്,ചിറമുക്ക് -ചെക്കിട്ടവിളാകം- കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങിയ റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേരള പൊലീസ് അറിയിച്ചു.
ഈ പ്രദേശങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജംഗ്ഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പൊങ്കാലയിടാന്‍ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എംസി, എംജി റോഡുകളിലോ പാര്‍ക്ക് ചെയ്യരുത്. ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്‌നങ്ങളോ ഉണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ മുന്നറിയിപ്പു കൂടാതെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
തിരുവനന്തപുരം സിറ്റിയിലെ ഫുട്പാത്തുകളില്‍ അടുപ്പുകള്‍ കൂട്ടാന്‍ പാടില്ലെന്നു പൊലീസ് അറിയിച്ചു. തീപിടിത്തം ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകള്‍ക്കു സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ പാടില്ല. വഴിവക്കിലും ഫുട്പാത്തിലും വാഹന, കാല്‍നടയാത്രയ്ക്ക് തടസ്സമുണ്ടാക്കുന്ന അനധികൃത കച്ചവടങ്ങള്‍ അനുവദിക്കില്ല. റോഡുകളില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ്, പൊലീസ്, മറ്റ് അവശ്യ സര്‍വീസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ കടന്നു പോകുന്നതിനുള്ള ആവശ്യമായ വഴി സൗകര്യം നല്‍കി മാത്രമേ പൊങ്കാല അടുപ്പുകള്‍ വയ്ക്കാന്‍ പാടുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാല്‍ പൊങ്കാല. പൊങ്കാല അര്‍പ്പിക്കാനായി ഭക്തലക്ഷങ്ങളാണ് നാളെ അനന്തപുരിയിലേക്ക് ഒഴുകി എത്തുക. പൊങ്കാല സമര്‍പ്പണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
പൊലീസിന്റെ നിര്‍ദേശങ്ങള്‍
പൊങ്കാല അടുപ്പുകള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക.
അടുപ്പുകള്‍ ക്രമീകരിക്കുമ്പോള്‍ ഭക്തജനങ്ങള്‍ മുഖാമുഖമായി നില്‍ക്കുന്ന രീതിയിലായിരിക്കാന്‍ ശ്രദ്ധിക്കണം
കുട്ടികളെ ഒരു കാരണവശാലും പൊങ്കാല അടുപ്പിന് സമീപം നില്‍ക്കാന്‍ അനുവദിക്കരുത്.
പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പൊങ്കാലയിടുന്നവര്‍ സാരിത്തുമ്പുകളും ഷാളും അയഞ്ഞ വസ്ത്രങ്ങളും ശരീരത്തോട് ചേര്‍ത്ത് ചുറ്റിവയ്ക്കണം.
അടുത്തുള്ള അടുപ്പില്‍ നിന്നും വസ്ത്രങ്ങളിലേക്കു തീ പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. അത്യാവശ്യ ഘട്ടത്തില്‍ തീ അണയ്ക്കുന്നതിനായി അല്‍പ്പം വെള്ളം അടുത്ത് തന്നെ കരുതുക.
തങ്ങളുടെ അടുപ്പില്‍ നിന്നും തീ പുറത്തേയ്ക്ക് പടരുന്നില്ല എന്നത് എല്ലാവരും ഉറപ്പാക്കണം.
വൈദ്യുതി പോസ്റ്റ്, പെട്രോള്‍ പമ്പുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ തുടങ്ങിയവയ്ക്ക് സമീപത്ത് അടുപ്പ് കത്തിക്കരുത്.
പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂര്‍ണമായി അണഞ്ഞെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ സ്ഥാനം വിട്ട് പോകാവൂ.
പൊള്ളലേറ്റാല്‍ ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കുക. സമീപത്തുള്ള പൊലീസിന്റെയോ വോളണ്ടിയര്‍മാരുടെയോ സഹായം തേടുക. ആവശ്യമെങ്കില്‍, വൈദ്യസഹായം തേടുക.
വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്ത് നിന്നും സുരക്ഷിതമായ അകലം പാലിക്കണം.
വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങള്‍, പേഴ്‌സ്, മൊബൈല്‍ മുതലായവ നഷ്ടപ്പെടാതെ സൂക്ഷിക്കുക.
സ്വര്‍ണ്ണാഭരണങ്ങള്‍ സേഫ്റ്റി പിന്‍ ഉപയോഗിച്ച് വസ്ത്രത്തില്‍ കൊളുത്തി ഇടാന്‍ ശ്രമിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates