

തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും ബാർ കോഴയ്ക്ക് നീക്കം. ഇതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശം പുറത്തായി. മദ്യ നയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദ്ദേശിച്ചു ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച സന്ദേശമാണ് പുറത്തായത്.
ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനും (രാത്രി 11 മണി എന്നത് 12 ലേക്ക് ആക്കാൻ) ഒരാൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നു ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ആവശ്യപ്പെടുന്ന സന്ദേശമാണ് പുറത്തു വന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് നിർദ്ദേശമനുസരിച്ചാണ് പിരിവെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു.
ഡ്രൈ ഡേ, ബാറുകളുടെ സമയം കൂട്ടൽ എന്നിവയടക്കം ഉടമകൾ മുന്നോട്ടു വച്ച കാര്യങ്ങൾ പരിഗണിച്ചുള്ള മദ്യ നയത്തിനു തിരക്കിട്ട ചർച്ചകൾ നടക്കുന്നുണ്ട്. അതിനിടെയാണ് പണം ആവശ്യപ്പെട്ടുള്ള ശബ്ദ സന്ദേശം പുറത്തായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം വച്ച് കൊടുക്കാൻ പറ്റുന്നവർ കൊടുക്കുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരും. അതിൽ ഡ്രൈ ഡേ എടുത്തു കളയും. അങ്ങനെ പല മാറ്റങ്ങളുണ്ടാകും. അതു ചെയ്തു തരാൻ കൊടുക്കേണ്ടത് കൊടുക്കണം'- ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ഇന്നലെ ബാർ ഉടമകളുടെ സംഘടനയുടെ എക്സിക്യൂട്ടിവ് യോഗം കൊച്ചിയിൽ നടന്നിരുന്നു. യോഗ സ്ഥലത്തു നിന്നാണ് ശബ്ദ സന്ദേശമയക്കുന്നതെന്നു അനിമോൻ പറയുന്നു. ഇടുക്കിയിൽ നിന്നു സംഘടനയിൽ അംഗമായവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് സന്ദേശമെത്തിയത്. പിന്നീട് ഇതു ഡിലീറ്റ് ചെയ്തു.
ശബ്ദരേഖ പുറത്തു വന്നത് അനിമോൻ നിഷേധിച്ചില്ല. എന്നാൽ പരിശോധിക്കണമെന്നു പറഞ്ഞു കൂടുതൽ പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. കൊച്ചിയിൽ സംഘടനയുടെ യോഗം നടന്നതായി പ്രസിഡന്റ് വി സുനിൽ കുമാർ സമ്മതിച്ചു. എന്നാൽ പണപ്പിരിവിനു നിർദ്ദേശം നൽകിയിട്ടില്ലെന്നു വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates