

ബ്രസ്സല്‍സ്: ശതകോടികളുടെ വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതിയുടെ ഉത്തരവ്. പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ് മെഹുല്‍ ചോക്സി. മെഹുല്‍ ചോക്സിയുടെ അറസ്റ്റ് ശരിവച്ച ബല്‍ജിയന്‍ നഗരമായ ആന്റ്വെര്‍പ്പിലെ കോടതി അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍, ഉത്തരവിന് എതിരെ അപ്പീലിന് അവസരമുള്ളതിനാല്‍ മെഹുല്‍ ചോക്സിയെ ഉടന്‍ ഇന്ത്യയില്‍ എത്തിക്കാനാകുമോയെന്നതില്‍ അനിശ്ചിതത്വം തുടരും. 15 ദിവസത്തിനുള്ളില്‍ ബെല്‍ജിയന്‍ സുപ്രീം കോടതിയില്‍ ചോക്‌സിക്ക് അപ്പീല്‍ നല്‍കാം.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ഉപയോഗിച്ച് 13,000 കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട കേസില്‍ 2025 ഏപ്രില്‍ 11 ന് ആന്റ്വെര്‍പ്പ് പൊലീസ് മെഹുല്‍ ചോക്സിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി.
2018-ല്‍ തട്ടിപ്പ് വിവരം പുറത്തുവരുന്നതിന് തൊട്ടുമുമ്പാണ് മെഹുല്‍ ചോക്സിയും നീരവ് മോദിയും ഇന്ത്യ വിട്ടത്. 2017ല്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ പൗരത്വം സ്വന്തമാക്കിയ ചോക്സി രക്താര്‍ബുദ ചികിത്സയ്ക്കായാണ് ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെല്‍ജിയത്തില്‍ എത്തിയത്. ചോക്സിക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. അറസ്റ്റിലായ അന്ന് മുതല്‍ തടവിലാണ് ചോക്സി. ആരോഗ്യകാരണങ്ങള്‍ ഉള്‍പ്പെടെയ ചൂണ്ടിക്കാട്ടി ഒന്നിലധികം ജാമ്യാപേക്ഷകള്‍ ചോക്‌സി കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും അതെല്ലാം തള്ളി. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍, അഴിമതി എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് ഇന്ത്യയില്‍ ചോക്സിക്കെതിരെ ചുമത്തിയത്.
വായ്പാ തട്ടിപ്പ് പുറത്തുവന്നതിന് ശേഷം ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പിന്റെ 2,565 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയും ലേലം ചെയ്യാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു. മെഹുല്‍ ചോക്സിയുടെ അനന്തരവന്‍ നീരവ് മോദിയാണ് കേസിലെ മറ്റൊരു പ്രതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates