

തിരുവനന്തപുരം: അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതം ഒന്നാം സമ്മാനം നല്‍കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി 'ഭാഗ്യമിത്ര'യുടെ ആദ്യ ടിക്കറ്റ് പ്രകാശനം ചെയ്തു. ഇതോടൊപ്പം ലോട്ടിസ് എന്ന ഓഫീസ് ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയര്‍, മൊബൈല്‍ ആപ്പ് എന്നിവയുടെ ഉദ്ഘാടനവും ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക് നിര്‍വ്വഹിച്ചു.
എല്ലാ മാസവും ആദ്യ ഞായറാഴ്ചയാണ് ഭാഗ്യമിത്രയുടെ നറുക്കെടുപ്പ്. 100 രൂപയാണ് വില. ആദ്യ നറുക്കെടുപ്പ് ഡിസംബര്‍ ആറിന് നടക്കും. ലോട്ടറി ടിക്കറ്റ് വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ എല്ലാ ലോട്ടറി ടിക്കറ്റിലും ക്യുആര്‍ കോഡുണ്ട്. സമ്മാനത്തിനായി ഹാജരാക്കുന്ന ടിക്കറ്റിന്റെ നമ്പര്‍ തിരുത്തിയതല്ല എന്ന് കച്ചവടക്കാരന് ഉറപ്പുവരുത്താനും ഇത് വഴി സാധിക്കും. ഈ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മൊബൈല്‍ ഫോണില്‍ ടിക്കറ്റിന്റെ നമ്പര്‍ തെളിഞ്ഞു വരും. ടിക്കറ്റിലെ വില, ഓഫീസുകളില്‍ നിന്ന് ക്ലെയിം ചെയ്തിട്ടുള്ളതാണോ എന്നതും കൂടാതെ ലോട്ടറിയുടെ റിസള്‍ട്ടും മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ഭാഗ്യകേരളം എന്ന പേരില്‍ എന്‍ഐസിയാണ് ഇത് നിര്‍മ്മിച്ചത്. പ്ലേ സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡു ചെയ്യാം. ഇതോടെ ടിക്കറ്റ് സെക്യൂരിറ്റി പരിഷ്‌കാരങ്ങള്‍ സമ്പൂര്‍ണമാവുകയാണെന്ന് ധനമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റു ചെയ്യുന്നതോടൊപ്പം ലോട്ടറി പ്രിന്റിംഗ് പ്രസുകളുമായും ട്രഷറികളുമായും വകുപ്പിനെ സംയോജിപ്പിക്കുന്നതിനുമാണ് ലോട്ടിസ് ഓഫീസ് ഓട്ടോമേഷന്‍ സോഫ്റ്റുവെയര്‍ തയ്യാറാക്കിയത്. ഇതുവഴി ടിക്കറ്റ് പ്രിന്റിംഗ് സുരക്ഷിതമാക്കുന്നതിനും സമ്മാനാര്‍ഹര്‍ക്ക് കാലതാമസമില്ലാതെ സമ്മാനം വിതരണം ചെയ്യുന്നതിനും കഴിയും. ഏജന്റുമാര്‍ക്ക് ഓണ്‍ലൈന്‍ ഇ- ട്രഷറിയിലൂടെ പണം ഒടുക്കി ഓഫീസുകളില്‍ നേരിട്ടെത്തി ടിക്കറ്റെടുക്കുന്നതിനും ബാങ്ക് ഗ്യാരണ്ടിയില്‍ന്മേല്‍ ഏജന്റുമാര്‍ക്ക് ബംബര്‍ ലോട്ടറി ടിക്കറ്റുകള്‍ വില്‍പന നടത്തുന്നതിനും ലോട്ടിസില്‍ പ്രൊവിഷന്‍ നല്‍കിയിട്ടുണ്ട്. എന്‍ഐസിയാണ് ഈ സോഫ്റ്റുവെയറും നിര്‍മ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആദ്യത്തെ ആറു മാസം ലോട്ടറി വരുമാനം 4473 കോടി രൂപ. ഈ വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 1290 കോടി രൂപ. കോവിഡാണ് കാരണം. ഇപ്പോള്‍ പതുക്കെപ്പതുക്കെ ലോട്ടറി സാധാരണഗതിയിലേയ്ക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ആഴ്ചയില്‍ മൂന്നു ലോട്ടറിയേ ഇപ്പോഴുള്ളൂ. അതില്‍ അച്ചടിക്കുന്ന 90 ലക്ഷം ടിക്കറ്റും ഏതാണ്ട് പൂര്‍ണമായും വിറ്റുപോകുന്നു. പുതിയ ഒരാഴ്ച ലോട്ടറി കൂടി തുടങ്ങണോ അതോ, നിലവിലുള്ള ടിക്കറ്റുകളുടെ എണ്ണം പഴയതുപോലെ പുനഃസ്ഥാപിക്കണോ? ഇതെല്ലാം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ട്രേഡ് യൂണിയനുകളുടെ യോഗം ഓണ്‍ലൈനായി വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates