

തിരുവനന്തപുരം: 2019ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമത്തില്‍ അനുശാസിക്കുന്നതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമാകുന്നുണ്ടോയെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും സാധനങ്ങള്‍ വാങ്ങിയാല്‍ ഏതു ചെറിയ വ്യാപാരസ്ഥാപനത്തിലും ബില്ല് നല്‍കല്‍ വ്യാപാരിയുടെ ഉത്തരവാദിത്വമാക്കി മാറ്റുമെന്നും ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ദേശീയ ഉപഭോക്തൃ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഉപഭോക്താക്കളെ ചൂഷണത്തിന് വിധേയമാക്കുന്നവര്‍ക്കെതിരെ ഉപഭോക്തൃ നിയമ പ്രകാരം നടപടി എടുക്കും. ജനങ്ങള്‍ ഉപഭോക്തൃനിയമത്തില്‍ അറിവ് നേടണം. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ജില്ലാ കണ്‍സ്യൂമര്‍ കോടതികളില്‍ ആകെ തീര്‍പ്പാക്കാനുള്ള കേസുകള്‍ 30,000 ആണ്. ഒരു ജില്ലയില്‍ ശരാശരി 750 കേസുകള്‍ ഫയല്‍ ചെയ്യുന്നുണ്ട്. ശരാശരി തീര്‍പ്പാക്കുന്ന കേസുകളുടെ എണ്ണം 450 ആണെന്ന് മന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കണമെന്ന് അദ്ദേഹം അറിയിച്ചു.
ഉപഭോക്തൃകാര്യ വകുപ്പിന് പ്രാധാന്യം നല്‍കി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനോപകാരപ്രദമാക്കാന്‍ ഉപഭോക്തൃകാര്യവകുപ്പിനെ ഭക്ഷ്യപൊതുവിതരണ വകുപ്പിനോട് ചേര്‍ത്തുകൊണ്ട് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്ന് പേരു മാറ്റുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ഭക്ഷ്യ പൊതുവിതരണ വകുപ്പു ഡയറക്ടര്‍ക്കു തന്നെ ഉപഭോക്തൃകാര്യ വകുപ്പിന്റേയും ചുമതല നല്‍കുന്നതിനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ തസ്തികയുടെ പേര് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മിഷണര്‍ എന്ന് പുനര്‍ നാമകരണം ചെയ്യുന്നതിനുമുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. വകുപ്പിന് പുതിയ ഡയറക്ടറേറ്റ് മന്ദിരം പണിയുമ്പോള്‍ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഡയറക്ടറേറ്റിന് പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങള്‍ അവിടെ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപഭോക്തൃദിന സന്ദേശം യോഗത്തില്‍ വായിച്ചു.
നവീകരിച്ച ഉപഭോക്തൃ ബോധവത്ക്കരണ വാഹനത്തിന്റെ ഫഌഗ് ഓഫ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. ഉപഭോക്തൃ കേരളം മാസിക, ബോധവത്ക്കരണ ലഘുലേഖ എന്നിവയുടെ പ്രകാശനവും നടന്നു. ഓണ്‍ലൈന്‍ ക്വിസ് മത്സരം, ചിത്ര രചന, ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും മന്ത്രി നിര്‍വഹിച്ചു. പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാര്‍, തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പ്രസിഡന്റ് പി.വി. ജയരാജന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടിക്കാറാം മീണ, ഡോ.വി. സജിത് ബാബു എന്നിവര്‍ പങ്കെടുത്തു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates