

തൃശൂര്‍ : തൃശൂര്‍ കേരളവര്‍മ കോളജ് പ്രിന്‍സിപ്പലിന്റെ അധികാരങ്ങള്‍ വൈസ് പ്രിന്‍സിപ്പല്‍ ആര്‍ ബിന്ദുവിന് കൈമാറിയത് സിപിഎം തീരുമാനമനുസരിച്ചെന്ന് റിപ്പോര്‍ട്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവനാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. ബിന്ദുവിനെ സൂപ്പര്‍ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പല്‍ പി എ ജയദേവന്‍ രാജിവെച്ചിരുന്നു.
സിപിഎം അനുകൂല സംഘടനയായ എകെപിസിടിഎയും എസ്എഫ്‌ഐയും ജയദേവനെതിരെ പല തവണ സിപിഎമ്മിന് പരാതി നല്‍കിയിരുന്നു. ജയദേവന്‍ പ്രിന്‍സിപ്പലായതോടെ എകെപിസിടിഎ അംഗത്വം ഉപേക്ഷിച്ചതാണ് എതിര്‍പ്പിന് കാരണം. ജയദേവന്‍ പ്രിന്‍സിപ്പലായ ഉടനെ എസ്എഫ്‌ഐ ഫീസ് വര്‍ധനയുടെ പേരില്‍ സമരം തുടങ്ങുകയും ചെയ്തിരുന്നു.
ജയദേവന്‍ സ്വയം രാജി വയ്ക്കില്ലെന്നുറപ്പായതോടെയാണ് ബിന്ദുവിനെ നിയമിച്ച് അധികാരം കൈമാറാന്‍ തീരുമാനിച്ചതെന്നാണ് സൂചന. സിപിഎം ഭരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡാണു കോളജ് മാനേജ്‌മെന്റ്. 'സൂപ്പര്‍' വൈസ് പ്രിന്‍സിപ്പലിനു കീഴില്‍ ജോലി ചെയ്യാന്‍ വയ്യാത്തതുകൊണ്ടാണെന്ന് രാജിക്കത്തില്‍ ജയദേവന്‍ പറയുന്നു. വൈസ് പ്രിന്‍സിപ്പലിനു പ്രിന്‍സിപ്പലിന്റെ അധികാരങ്ങള്‍ സ്വതന്ത്ര ചുമതലയായി കൈമാറുന്നുവെന്നു നിയമന ഉത്തരവില്‍ പറയുന്നു. ഒരിടത്തും ഇത്തരമൊരു ഉത്തരവ് ഇറക്കാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ പ്രിന്‍സിപ്പല്‍ പദവിക്കെതിരെ കോടതിയില്‍ നേരത്തെ നിലവിലുള്ള കേസില്‍ പരാജയപ്പെടുമെന്ന ഭീതി ഉള്ളതുകൊണ്ടാണ് ജയദേവന്‍ രാജിവച്ചതെന്ന് ബിന്ദു പറഞ്ഞു. തനിക്കു ജോലി ഭാരമുണ്ടെന്നല്ലാതെ പുതിയ പദവികൊണ്ടു ഒരു ഗുണവുമില്ലെന്നും ബിന്ദു പറയുന്നു.
കിഫ്ബി 13 കോടി രൂപ അനുവദിച്ചതിനാല്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ജോലി ഭാരം കുറയ്ക്കാന്‍ വേണ്ടിയാണ് വൈസ് പ്രിന്‍സിപ്പലിനെ നിയമിച്ച് അധികാരം കൈമാറിയതെന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ബിന്ദുവിനാണ് യോഗ്യതയെന്നും സര്‍വകലാശാലാ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നിയമനമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ ബി മോഹനന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates