

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി. ബ്ലാക് ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ലെന്നും ഒരു ലക്ഷം ആളുകളിൽ 14 പേർക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയിൽ ഈ രോഗം കണ്ടുവന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലേകന യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് വിശദീകരിച്ചത്.
മ്യൂകർമൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളിൽ നിന്നാണ് മ്യൂകർമൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്നു വിളിക്കുന്ന ഈ രോഗബാധയുണ്ടാകുന്നത്. വീടുകൾക്ക് അകത്തും പുറത്തുമായി പൊതുവേ കാണുന്ന ഒരുതരം പൂപ്പലാണിത്. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവിൽ അപകടകാരിയായി മാറുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരിലും കാൻസർ രോഗികളിലും പലപ്പോഴും ഈ രോഗം കണ്ടുവരാറുണ്ട്. സ്റ്റിറോയ്ഡുകളോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളോ ചികിത്സയ്ക്കായി ഉപയോഗിക്കുമ്പോൾ ഈ രോഗം ഗുരുതരമായി പിടിപെടാം.
കോവിഡിൻറെ ഒന്നാം തരംഗത്തിൽ തന്നെ മഹാരാഷ്ട്രയിൽ കോവിഡുമായി ബന്ധപ്പെട്ടു മ്യൂകർമൈകോസിസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. മഹാരാഷ്ട്രയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ കേരളം അതിനെതിരെയുള്ള ജാഗ്രത ആരംഭിച്ചതാണ്. അതിനുശേഷം മലപ്പുറത്ത് ഏറ്റവും അവസാനമായി റിപ്പോർട്ട് ചെയ്തത് ഉൾപ്പെടെ 15 കേസുകളാണ് മ്യൂകർമൈകോസിസ് കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതു സാധാരണ കണ്ടുവരുന്നതിനേക്കാൾ കൂടുതലല്ല. കാരണം 2019ൽ 16കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല ഇത്. അതുകൊണ്ടുതന്നെ രോഗബാധിതനായ ആൾക്ക് ആവശ്യമായ ചികിത്സയും സഹായവും നൽകാൻ ഭയപ്പെടാതെ മറ്റുള്ളവർ തയ്യാറാകണം. പ്രമേഹ രോഗമുള്ളവർ ഈ സമയത്ത് കൂടുതൽ ശ്രദ്ധയോടെ രോഗത്തെ ചികിത്സിക്കണം. കോവിഡ് ബാധിച്ച പ്രമേഹ രോഗികളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകൾക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കിൽ നിന്നും കറുപ്പ് നിറത്തിലുള്ള ദ്രവം പുറത്തു വരിക എന്നതാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ. വളരെ അപൂർവമായി മാത്രമേ ഈ രോഗം ഉണ്ടാകാറുള്ളൂ എന്നതിനാൽ ആരും അനാവശ്യമായി ഭയപ്പെടേണ്ടതില്ലെന്നും ഗുരുതരമായ മറ്റു രോഗാവസ്ഥയുള്ള കോവിഡ് രോഗികളും കരുതലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates