

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ആവശ്യക്കാരായ വിദ്യാർഥികൾക്കു പ്രഭാതഭക്ഷണം സൗജന്യമായി നൽകാൻ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന ഭക്ഷ്യകമ്മിഷൻ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. അടുത്ത അധ്യയന വർഷം ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യം ഒരുങ്ങിയാൽ പദ്ധതി നടപ്പാക്കാനാണു നിർദേശം.
കാസർകോട് കൊളാടിയിലെ സ്കൂളിൽ പ്രാതൽ കഴിക്കാതെ വരുന്ന ആദിവാസി കുട്ടികൾ കുഴഞ്ഞുവീണ സംഭവമാണു ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത (സിഎസ്ആർ) ഫണ്ട്, സന്നദ്ധസംഘടനകളുടെ സഹായം എന്നിവ പദ്ധതിക്കായി ഉപയോഗിക്കാനാണ് തീരുമാനം. നിലവിൽ സംസ്ഥാനത്തെ രണ്ടായിരത്തി ഇരുനൂറോളം പൊതുവിദ്യാലയങ്ങളിൽ സൗജന്യമായി വിദ്യാർഥികൾക്കു പ്രഭാതഭക്ഷണം നൽകുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും സഹായത്തോടെയാണ് ഇത്.
12,600 പൊതുവിദ്യാലയങ്ങളിലായി 28 ലക്ഷത്തോളം കുട്ടികൾക്കു സർക്കാർ സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നുണ്ട്. കോവിഡ് സാഹചര്യത്തിൽ ഭക്ഷ്യകൂപ്പണുകളാണു വിതരണം ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates