

തിരുവനന്തപുരം: കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി സ്ഥാനത്തേക്ക് എൻ പ്രശാന്തിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കേരള ആഗ്രോ മെഷീനറി കോർപറേഷൻ യൂണിയനുകൾ. എഐടിയുസി, സിഐടിയു, കാംകോ ഓഫിസേഴ്സ് അസോസിയേഷൻ, കാംകോ എൻജിനീയേഴ്സ് അസോസിയേഷൻ, അസോസിയേഷൻ ഓഫ് കാംകോ ഓഫിസേഴ്സ് എന്നീ സംഘടനകളാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
പ്രശാന്ത് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശേഷം കാംകോയുടെ പ്രവർത്തനം ലോകനിലവാരത്തിലേക്കു മെച്ചപ്പെടുത്തിയെന്നും അദ്ദേഹത്തെ തിരികെ നിയമിക്കുന്നത് സ്ഥാപനത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും കത്തിൽ പറയുന്നു. കാംകോ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് പ്രശാന്ത് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടിരുന്നു. അതിനു പിന്നാലെയാണ് പ്രശാന്തിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ യൂണിയനുകൾ അടക്കം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
എൻ പ്രശാന്തിന്റെ കുറിപ്പ്
കാംകോ മാനേജിംഗ് ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട് രണ്ട് മാസമേ ആയുള്ളൂ. ഇത്രയും സ്നേഹവും ആത്മാർത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത്, രണ്ട് മാസത്തേക്കാണെങ്കിലും, എന്റെ ഭാഗ്യം.
മിനിസ്റ്ററും, ചെയർമാനും ബോർഡ് അംഗങ്ങളും ജീവനക്കാരും ഏക മനസ്സോടെ ഒരു സ്ഥാപനത്തെ നഷ്ടത്തിൽ നിന്ന് കരേറ്റി ലോകോത്തര സ്ഥാപനമാക്കാൻ ഉറപ്പിച്ചാൽ അത് നടന്നിരിക്കും. രൺ മാസം മുമ്പ് ₹71 കോടി ഡീലർമാരിൽ നിന്ന് കിട്ടാനും, ₹52 കോടി സപ്ളയർമാർക്ക് നൽകാനും എന്ന ഗുരുതരാവസ്ഥയിൽ നിന്ന് തുടങ്ങി ഇവിടം വരെ എത്തിയില്ലേ? നമ്മൾ ഇത് മറികടക്കും
ഡോ.ജയതിലകും ഗോപാലകൃഷ്ണനും മാതൃഭൂമി ലെഖകരും ചേർന്ന് ഗൂഢാലോചന നടത്തി സൃഷ്ടിക്കാൻ ശ്രമിച്ച വ്യാജ നറേറ്റീവ് പൊളിച്ച് ചവറ്റ്കുട്ടയിലിടുന്ന കാംകോ ജീവനക്കാരോട് ഒന്നേ പറയാനുള്ളൂ- ഞാൻ നിങ്ങളുടെ എംഡി അല്ലെങ്കിലും നമ്മൾ തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണം.
ഈ ഘട്ടത്തിൽ സത്യത്തിന് വേണ്ടി നിലകൊള്ളാൻ തീരുമാനിച്ച CITU, AITUC, INTUC യൂണിയനുകൾ, ഓഫീസേസ് അസോസിയേഷനുകൾ ഏവർക്കും നന്ദി. നിങ്ങൾ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകണം. Diversification & export plans ഉൾപ്പെടെ. വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാൻ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയിൽ കൂടെത്തന്നെ കാണും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates