

സര്‍ക്കാര്‍ ഭൂമി കയ്യേറി താമസിക്കുന്നവര്‍ എന്നാരോപിച്ച് ബെംഗളൂരു യെലഹങ്കയില്‍ മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്ത നടപടിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഎം നേതാവ് എം സ്വരാജ്. 'സ്‌നേഹത്തിന്റെ കട'യുമായി തുര്‍ക്കുമാന്‍ ഗേറ്റില്‍ നിന്നും യലഹങ്കയിലേക്ക്.... എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് എം സ്വരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങളുടെയും കൂട്ടക്കുരുതികളുടെയും ചോരപുരണ്ട ചരിത്രമാണ് സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസിന്റേതെന്ന യാഥാര്‍ത്ഥ്യം പലരും സൗകര്യപൂര്‍വ്വം മറക്കുകയാണെന്നാണ് സ്വരാജിന്റെ വിമര്‍ശനം.
അടിയന്തരാവസ്ഥക്കാലം മുതല്‍ യെലഹങ്കവരെയുള്ള നടപടികള്‍ നിരത്തിയാണ് സ്വരാജിന്റെ വിമര്‍ശനം. വന്‍കിട കയ്യേറ്റക്കാരന്‍ പാവങ്ങളുടെ കൂര പൊളിക്കുന്നതിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. സംഘപരിവാര്‍ ഭീകരതയ്ക്കും ബുള്‍ഡോസര്‍ രാജിനുമെതിരെ കോണ്‍ഗ്രസിനെ ആശ്രയിക്കാമെന്ന് കരുതുകയും വാദിക്കുകയും ചെയ്യുന്നവരുടെ മുന്നില്‍ എന്താണ് കോണ്‍ഗ്രസെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ബംഗളൂരുവിലെ സംഭവങ്ങളെന്നും സ്വരാജ് പറയുന്നു.
പോസ്റ്റ് പൂര്‍ണരൂപം
'സ്‌നേഹത്തിന്റെ കട'യുമായി തുര്‍ക്കുമാന്‍ ഗേറ്റില്‍ നിന്നും യലഹങ്കയിലേക്ക്.... 'എന്തിനാണ് നിങ്ങള്‍ എന്റെ മകനെ മഴയെത്തു നിര്‍ത്തിയിരിക്കുന്നത് ?' ഹൃദയവേദനയോടെ ഇങ്ങനെ ചോദിച്ചത് പ്രൊഫ. ഈച്ചരവാര്യരായിരുന്നു. സ്വേച്ഛാധികാരവാഴ്ചയുടെ അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായി കൊല്ലപ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥി രാജന്റെ അച്ഛന്‍. ജനാധിപത്യം പ്രസംഗിക്കാനുള്ള വിഷയമാണെന്നും പ്രയോഗിക്കാനുള്ളത് മറ്റൊന്നാണെന്നും കോണ്‍ഗ്രസ് തെളിയിച്ച നാളുകളായിരുന്നു അത്. മനുഷ്യാവകാശ ലംഘനങ്ങളുടെയും കൂട്ടക്കുരുതികളുടെയും ചോരപുരണ്ട ചരിത്രമാണ് സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസിന്റേതെന്ന യാഥാര്‍ത്ഥ്യം പലരും സൗകര്യപൂര്‍വ്വം മറക്കുന്നുണ്ട്.
ഈച്ചരവാര്യരെ പോലെ നിരവധി രക്ഷിതാക്കള്‍ക്ക് മക്കളെ നഷ്ടപ്പെട്ട അക്കാലത്താണ് തുര്‍ക്കുമാന്‍ ഗേറ്റിലെ പാവങ്ങള്‍ ബുള്‍ഡോസറുകള്‍ക്കു കീഴില്‍ ചതഞ്ഞരഞ്ഞത്. അടിയന്തരാവസ്ഥയ്ക്കു ശേഷവും അധികാരത്തിന്റെ കുരുതികള്‍ തുടര്‍ന്നു. ഡല്‍ഹിയിലും ഹാഷിംപുരയിലും മറ്റു പലയിടത്തും ഒഴുകിപ്പടര്‍ന്ന മനുഷ്യരുടെ ചോരയിലാണ് ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് മുങ്ങിമരിച്ചത്. ഇപ്പോഴിതാ കര്‍ണാടകയിലെ യലഹങ്കയില്‍ നിന്നും മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കലിന്റെ വാര്‍ത്തകള്‍ വരുന്നു.
യലഹങ്കയിലെ ഫക്കീര്‍ കോളനിയിലെയും വസിം ലേഔട്ടിലേയും പാവപ്പെട്ടവരുടെ വീടുകളാണ്. പുലര്‍ച്ചെ നാലുമണിയോടെ ബുള്‍ഡോസറുകള്‍ ഇടിച്ചു നിരത്തിയത്. ഭരിക്കുന്നത് കോണ്‍ഗ്രസാണ്. മൂന്നു പതിറ്റാണ്ടായി അവിടെ കഴിയുന്ന മനുഷ്യരാണ് ഒരു രാത്രിയില്‍ അഭയാര്‍ത്ഥികളായി മാറിയത്. ആധാര്‍ കാര്‍ഡും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളുമുള്ള മനുഷ്യര്‍. നമ്പറും വൈദ്യുതി കണക്ഷനും ഉളള വീടുകള്‍....
നിമിഷനേരം കൊണ്ട് എല്ലാം തകര്‍ത്തെറിയപ്പെട്ടു. കര്‍ണാടകയിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കലിനെതിരെ രാഷ്ട്രീയത്തിന് അതീതമായി പ്രതിഷേധം ഉയരുന്നതിനിടയിലും ന്യായീകരണ പ്രബന്ധങ്ങളുമായി കനഗോലുവിന്റെ കൂലിപ്പടയാളികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ബുള്‍ഡോസര്‍രാജ് പോലെയല്ല , ഇത് കര്‍ണാടകയിലെ ബുള്‍ഡോസര്‍രാജാണെന്നും ഇത് നല്ല ബുള്‍ഡോസര്‍ രാജാണെന്നുമുള്ള വിചിത്ര വാദങ്ങളുമായി കറങ്ങുന്ന കൂലിപ്പടയാളികളെ നവമാധ്യമങ്ങളില്‍ കാണാം.
150 വീടുമാത്രമേ പൊളിച്ചിട്ടുള്ളൂ! ആയിരം പേര്‍ക്കേ പ്രശ്‌നമുള്ളൂ തെരുവിലേക്ക് എറിയപ്പെട്ടവരില്‍ എണ്‍പത് ശതമാനം മാത്രമേ മുസ്ലിങ്ങള്‍ ഉള്ളൂ !
കുടിയിറക്കപ്പെട്ടവര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട് അതിനാല്‍ അവര്‍ ഹാപ്പിയാണ്......
ഇങ്ങനെ പോകുന്നു കനഗോലുവിന്റെ കൂലിക്കാരുടെ വാദം. എന്നാല്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ
പി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ ഭാഷയില്‍ ബുള്‍ഡോസര്‍ രാജിനെതിരെ പ്രതിഷേധിച്ചു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അച്ചാരം പറ്റിയ ഒറ്റുകാര്‍ ആദ്യം ചിദംബംരത്തിന് ക്ലാസെടുക്കുന്നതാണ് നല്ലത്.
അനധികൃത കയ്യേറ്റമാണ് ഒഴിപ്പിച്ചതെന്ന് പറയുന്നവരുണ്ട്. ഏറ്റവും വലിയ അനധികൃത കയ്യേറ്റക്കാരനാണ് കര്‍ണാടകയുടെ മുഖ്യമന്ത്രി എന്ന് ഓര്‍ക്കണം. മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഭൂമി സ്വന്തം ഭാര്യയുടെ പേരില്‍ കയ്യേറി അവകാശം സ്ഥാപിക്കുകയും പിടിക്കപ്പെടുകയും ചെയ്ത കയ്യേറ്റക്കാരനായ പ്രതിയാണ് കര്‍ണാടക മുഖ്യമന്ത്രി. .
വന്‍കിട കയ്യേറ്റക്കാരന്‍ പാവങ്ങളുടെ കൂര പൊളിക്കുന്നതിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. സംഘപരിവാര്‍ ഭീകരതയ്ക്കും ബുള്‍ഡോസര്‍ രാജിനുമെതിരെ കോണ്‍ഗ്രസിനെ ആശ്രയിക്കാമെന്ന് കരുതുകയും വാദിക്കുകയും ചെയ്യുന്നവരുടെ മുന്നില്‍ എന്താണ് കോണ്‍ഗ്രസെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കപ്പെട്ടിരിക്കുന്നു.
പതിറ്റാണ്ടുകളായി താമസിക്കുന്ന കൂരകളില്‍ നിന്നും അസ്ഥികള്‍ മരവിക്കുന്ന തണുപ്പിലേയ്ക്ക് ഇറക്കിവിടപ്പെട്ട ആയിരങ്ങളുടെ ചോദ്യം ഇന്ത്യയിലിപ്പോള്‍ മുഴങ്ങുന്നുണ്ട്.
ഈ കൊടും തണുപ്പില്‍ ഞങ്ങളെ പുറത്തു നിര്‍ത്തിയിരിക്കുന്നത് എന്തിനാണ്???
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates