31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്

നാമനിര്‍ദേശ പത്രിക നവംബര്‍ 22 വരെ സമര്‍പ്പിക്കാം
By-elections in 31 local wards on December 10
പ്രതീകാത്മക ചിത്രംഫയൽ ചിത്രം
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ പതിനൊന്ന് ജില്ലകളിലായി (എറണാകുളം, വയനാട്, കാസര്‍കോട് ഒഴികെ) നാല് ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 22 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 23 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. പത്രിക നവംബര്‍ 25 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന് രാവിലെ 10 മണിക്ക് നടത്തും. വോട്ടെടുപ്പിനായി 192 പോളിങ് ബൂത്തുകള്‍ സജ്ജമാക്കും.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുനിസിപ്പാലിറ്റികളില്‍ അതാത് വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ഉപതിരഞ്ഞെടുപ്പുള്ള വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്.

ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 19 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആകെ 151055 വോട്ടര്‍മാരാണുള്ളത് 71967 പുരുഷന്മാരും 79087 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വോട്ടര്‍പട്ടിക ലഭ്യമാണ്.

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്‌ക്കേണ്ട തുക ജില്ലാ പഞ്ചായത്തില്‍ 5000 രൂപയും, മുനിസിപ്പാലിറ്റിയിലും ബ്ലോക്ക് പഞ്ചായത്തിലും 4000 രൂപയും, ഗ്രാമപഞ്ചായത്തില്‍ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പകുതി തുക മതിയാകും.

തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാര്‍ഡുകള്‍ (ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് ക്രമത്തില്‍)

തിരുവനന്തപുരം - ജി.07 വെള്ളറട ഗ്രാമപഞ്ചായത്ത് - 19.കരിക്കാമന്‍കോഡ്

കൊല്ലം - ജി.08 വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് - 08.നടുവിലക്കര, ജി.11 കുന്നത്തൂര്‍ഗ്രാമപഞ്ചായത്ത് - 05.തെറ്റിമുറി, ജി.27 ഏരൂര്‍ ഗ്രാമപഞ്ചായത്ത് - 17.ആലഞ്ചേരി, ജി.50 തേവലക്കര ഗ്രാമപഞ്ചായത്ത് - 12.കോയിവിള തെക്ക്, ജി.50 തേവലക്കര ഗ്രാമപഞ്ചായത്ത് - 22.പാലക്കല്‍ വടക്ക്, ജി.60 ചടയമംഗലം ഗ്രാമപഞ്ചായത്ത് - 05.പൂങ്കോട്.

പത്തനംതിട്ട -ബി.28കോന്നി ബ്ലോക്ക്പഞ്ചായത്ത് - 13.ഇളകൊള്ളൂര്‍, ബി.29പന്തളം ബ്ലോക്ക്പഞ്ചായത്ത് - 12.വല്ലന, - ജി.10 നിരണംഗ്രാമപഞ്ചായത്ത് - 07.കിഴക്കുംമുറി, ജി.17 എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് - 05.ഇരുമ്പുകുഴി, ജി.36 അരുവാപ്പുലം ഗ്രാമപഞ്ചായത്ത് - 12.പുളിഞ്ചാണി.

ആലപ്പുഴ - ബി.34 ആര്യാട് ബ്ലോക്ക്പഞ്ചായത്ത് - 01.വളവനാട്, ജി.66 പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് - 12.എരുവ.

കോട്ടയം - എം.64 ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സില്‍ - 16.കുഴിവേലി, ജി.17 അതിരമ്പുഴ ഗ്രാമപഞ്ചായത്ത് - 03.ഐ.റ്റി.ഐ

ഇടുക്കി - ബി.58 ഇടുക്കി ബ്ലോക്ക്പഞ്ചായത്ത് - 02.കഞ്ഞിക്കുഴി, ജി.27 കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് - 09.പന്നൂര്‍

തൃശ്ശൂര്‍ - എം.34 കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ - 41.ചേരമാന്‍ മസ്ജിദ്, ജി.07 ചൊവ്വന്നൂര്‍ഗ്രാമപഞ്ചായത്ത് - 03.പൂശപ്പിള്ളി, ജി.44 നാട്ടികഗ്രാമപഞ്ചായത്ത് - 09.ഗോഖലെ

പാലക്കാട് - ജി.02 ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് - 09. ചാലിശ്ശേരി മെയിന്‍ റോഡ്, ജി.38 തച്ചമ്പാറഗ്രാമപഞ്ചായത്ത് - 04.കോഴിയോട്, ജി.65 കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് - 13.കോളോട്

മലപ്പുറം - ഡി.10 മലപ്പുറം ജില്ലാ പഞ്ചായത്ത് - 31.തൃക്കലങ്ങോട്, എം.46 മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സില്‍ - 49.കരുവമ്പ്രം, ജി.21 തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് - 22.മരത്താണി, ജി.96 ആലംകോട് ഗ്രാമപഞ്ചായത്ത് - 18.പെരുമുക്ക്

കോഴിക്കോട് - ജി.66 കാരശ്ശേരി ഗ്രാമപഞ്ചായത്ത് - 18.ആനയാംകുന്ന് വെസ്റ്റ്.

കണ്ണൂര്‍- ജി.02 മാടായി ഗ്രാമപഞ്ചായത്ത് - 06.മാടായി, ജി.75 കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് - 06.ചെങ്ങോം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com