

കേരളത്തിൽ രണ്ട് തവണ ഉപമുഖ്യമന്ത്രിയും ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയുമായിരുന്ന നേതാവാരാണ് എന്ന് ചോദിച്ചാൽ സി എച്ച് മുഹമ്മദ് കോയ എന്ന ഉത്തരം നാവിൻ തുമ്പിൽ ഓടിയെടുത്തും. വെറും 50 ദിവസം മാത്രം മുഖ്യമന്ത്രിപദത്തിലിരുന്ന അദ്ദേഹം രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി അവിടെ നിന്നു ഇറങ്ങി. സി എച്ച് എന്ന രാഷ്ട്രീയ നേതാവിന്റെ സംഭാവനകളെയും അദ്ദേഹം മുന്നോട്ട് വച്ച രാഷ്ട്രീയ നൈതിതകയെയുമൊക്കെ ഓർമ്മിപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ 98ാം ജന്മവാർഷിക ദിനം വഴിയൊരുക്കി.
ഭാവി മുഖ്യമന്ത്രി ചര്‍ച്ചകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ ഏറ്റവും കുറച്ചുകാലം കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന സി എച്ചിനെ കുറിച്ച് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ശശിതരൂര്‍ എഴുതിയ ലേഖനം അതുകൊണ്ടു തന്നെ ശ്രദ്ധേയമാകുന്നു. സി എച്ച് മാതൃകയെ പുകഴ്ത്തി ശശിതരൂർ എഴുതിയ ലേഖനത്തിൽ ഒന്നിലേറെ ഘടകങ്ങളുണ്ട്. പ്രത്യേകിച്ച് കോൺഗ്രസിലും യു ഡി എഫിലും ശശിതരൂരിന്റെ നിലപാടുകൾക്കെതിരെ ഉയർന്നുവന്നിട്ടുള്ള എതിർപ്പുകൾക്കിടയിലാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത് എന്നതും ചേര്‍ത്തു വായിക്കുമ്പോള്‍.
ഇസ്രയേലുമായി ബന്ധപ്പെട്ട് ശശിതരൂർ സ്വീകരിക്കുന്ന അനുകൂല നിലപാടിനോട് കോൺഗ്രസിലും യു ഡി എഫിലും ശക്തമായ എതിർപ്പുണ്ട്. ശശിതരൂരിനെ ഏറ്റവും ശക്തമായി പിന്തുണച്ചിരുന്ന ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. എന്നാൽ സമീപകാലത്തെ ചില നിലപാടുകളിൽ അവർ അവരുടെ പ്രതിഷേധം പരസ്യമായി തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിനിടെയാണ് ശശിതരൂരിന്റെ ലേഖനം വന്നത്. ലീഗിനെ തണുപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം തരൂരിനുണ്ടാകും.
കേരളത്തിന്‍റെ ഉപമുഖ്യമന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും ആഭ്യന്തരമന്ത്രിയായും സ്പീക്കറായുമൊക്കെ സി എച്ച് മുഹമ്മദ് കോയ കഴിവ് തെളിയിച്ചിട്ടുണ്ട്. ലോക്സഭാംഗമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളോടുകൂടിയുള്ള സി എച്ചിന്റെ പ്രവർത്തനം എതിരാളികളിൽ നിന്നു പോലും അദ്ദേഹത്തിന് അസാധാരണമായ ബഹുമാനവും സ്നേഹവും ലഭിക്കുന്നതിന് കാരണമായി. അഞ്ച് മുഖ്യമന്ത്രിമാരോടൊപ്പം വിദ്യാഭ്യാസമന്ത്രി, ഒരു തവണ ആഭ്യന്തര മന്ത്രി, ഒരു തവണ ധനകാര്യ മന്ത്രി എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. രണ്ട് സർക്കാരിൽ ഉപമുഖ്യമന്ത്രിയാകുന്നത് കുറച്ചുനാളത്തെ മുഖ്യമന്ത്രി പദവി വഹിച്ച ശേഷമായിരുന്നു.
രണ്ടാം ഇ എം എസ് മന്ത്രിസഭയിൽ 1967ൽ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ സി എച്ചിനെ പരിഹസിച്ചവർക്ക് മറുപടിയായി വർഷങ്ങൾക്കിപ്പുറവും തലയുയർത്തി നിൽക്കുന്ന കൊച്ചി ശാസ്ത്രസാങ്കേതിക (കുസാറ്റ്) സർവകലാശാലയും കോഴിക്കോട് സർവകലാശാലയും ഉൾപ്പടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം കാണാനാകും. ലീഗിന് ആദ്യമായി മന്ത്രിസ്ഥാനം ലഭിച്ച സർക്കാരിൽ അദ്ദേഹം മുന്നോട്ട് വച്ച കാഴ്ചപ്പാടുകൾ ഭാവി തലമുറയെ മുന്നിൽ കണ്ടുകൊണ്ടായിരുന്നു. ദേശീയ തലത്തിൽവിദ്യാഭ്യാസത്തെ കുറിച്ച് പഠിച്ച കോത്താരി കമ്മീഷന്‍ റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പുതിയ സർവകലാശാലകളെ കുറിച്ചുള്ള ആശയം സി എച്ച് വിഭാവനം ചെയ്തത്. അന്ന് ഒരുപക്ഷേ, ലോകത്ത് ഏറ്റവും കൂടുതൽ കോളജുകൾ അഫിലേയേറ്റ് ചെയ്തിരുന്ന കേരള സർവകലാശാലയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള വിദ്യാർഥികളുടെ ഏക ആശ്രയം. അതുണ്ടാക്കുന്ന ബുദ്ധിമുട്ടും പഠനത്തിനുണ്ടാക്കുന്ന അസൗകര്യവും ഇന്ന് ലോകത്തെവിടെയും പോയി പഠിക്കാൻ കഴിയുന്ന തലമുറയ്ക്ക് മനസ്സിലാകണമെന്നില്ല. അന്ന് സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നിന്നിരുന്ന മലബാറിന്റെ അഭിവൃദ്ധി കൂടി പരിഗണിച്ചാണ് കാലിക്കറ്റ് സർവകലാശാല സി എച്ച് വിഭാവനം ചെയ്തത്. അതിലെ പഠന വിഷയങ്ങൾ പോലും അദ്ദേഹം മുൻകൂട്ടി കണ്ടു. അതൊന്നും ആ അർത്ഥത്തിൽ നടപ്പായില്ലെങ്കിലും ഇന്ന് പലരും അദ്ദേഹം മുന്നോട്ട് വച്ച വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എന്ന ആശയം മുന്നോട്ട് വെക്കുമ്പോൾ തന്നെ ജോസഫ് മുണ്ടശ്ശേരി എന്ന ആദ്യ വിദ്യാഭ്യാസമന്ത്രിയായിരുന്നു വൈസ് ചാൻസലറായി സി എച്ചിന്റെ മനസ്സിൽ. പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്നതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിച്ച വിദ്യാഭ്യാസമന്ത്രിയായിരുന്നു സി എച്ച്. കേരളത്തിലാദ്യമായി മുസ്ലിം, നാടാർ സമുദായങ്ങളിലെ പെൺകുട്ടികൾക്ക് പഠിക്കാൻ സ്കോളർഷിപ്പ് ഏർപ്പെടുത്തി. ഈ വിഭാഗത്തിൽ നിന്നുള്ള കുട്ടികളുടെ പഠനത്തിന് പണം ഒരു തടസ്സമാകരുതെന്ന് കണ്ടാണ് അദ്ദേഹം അതിന് മുൻകൈ എടുത്തത്. ഹൈസ്കൂൾ വരെ വിദ്യാഭ്യാസം സൗജന്യമാക്കി. അക്കാലത്ത് സാമ്പത്തികമായി വളരെ പിന്നാക്കം നിന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കുട്ടികളെ പഠിക്കാൻ വിടുക എന്നത് സാമ്പത്തികമായി ബുദ്ധിമുട്ടായിരുന്ന കാലം. സാമൂഹികമായി പെൺകുട്ടികൾ പഠിക്കുന്നതിനോടുള്ള എതിർപ്പ്.
ഇതൊക്കെ മറികടക്കാൻ അന്നത്തെ കാലത്ത് കഴിയുന്നതൊക്കെ ചെയ്ത മന്ത്രിയായിരുന്നു സി എച്ച് മുഹമ്മദ് കോയയെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ എം സി വടകര ഓർമ്മിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥരായിരുന്നവരുടെ മനസ്സിലും ഇടം പിടിച്ച മുഖ്യമന്ത്രിയായിരുന്നു സി എച്ച്. അന്നത്തെ കാലത്ത് സർക്കാർ ജീവനക്കാർ അവരുടെ ക്ഷാമബത്ത ലഭിക്കാൻ സമരം ചെയ്യേണ്ട സ്ഥിതിയുണ്ടായിരുന്നു. സി എച്ചിന്റെ കാലത്ത് അതിനനുവദിക്കാതെ ക്ഷാമബത്ത കുടിശ്ശിക വരുന്ന ദിവസം തന്നെ അത് പ്രഖ്യാപിക്കുകയും നൽകാൻ നടപടിയെടുക്കുകയും ചെയ്തുവെന്ന് എം സി വടകര പറയുന്നു.
ഇടതുപക്ഷം കൊണ്ടുവന്ന ഭൂപരിഷ്ക്കരണ നിയമത്തെ അനുകൂലിച്ച നിലപാടായിരുന്നു സി എച്ചിനും മുസ്ലിം ലീഗിനുണ്ടായിരുന്നത്. അതിലെ ഒരു വകുപ്പ് പക്ഷേ, കുടുംബങ്ങളിലെ ഇഷ്ടദാനം സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളും തടസ്സങ്ങളും സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ച്, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിൽ. ഈ വകുപ്പ് ഭേദഗതി ചെയ്യുന്നത് സി എച്ചിന്റെ മുൻകൈയിലായിരുന്നു. അതോടെ പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട ഇഷ്ടദാനം സംബന്ധിച്ച് നിലനിന്നിരുന്ന നിയമക്കുരുക്കുകൾക്ക് അവസാനമാകുകയായിരുന്നു. ശ്രീകൃഷ്ണ ജയന്തിക്ക് പൊതു അവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചത് സി എച്ച് മുഹമ്മദ് കോയയുടെ കാലത്താണ്. സ്വന്തം സമുദായത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ മുന്നിൽ നിന്ന് പോരാടുമ്പോൾ തന്നെ സമൂഹത്തിലെ എല്ലാവിഭാഗങ്ങളുടെയും ഉയർച്ചയും ഉന്നതിയും അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതായിരുന്നു. മലബാറിൽ നിന്ന് മന്ത്രിയായി എത്തിയ സി എച്ചിന് നാടാർ എന്ന സമുദായവിഭാഗം ഒരിക്കലുമൊരു വോട്ട് ബാങ്ക് ആയിരുന്നില്ല. പക്ഷേ ആ വിഭാഗത്തിലെ പെൺകുട്ടികൾക്ക് പഠനത്തിനായി സ്കോളർഷിപ്പ് ഏർപ്പെടുത്താൻ അത് അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. വോട്ടായിരുന്നില്ല, സി എച്ച് എന്ന നേതാവിന്റെ കാഴ്പ്പാട്. ഭാവി കേരളത്തെ കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങളായിരുന്നു രാഷ്ട്രീയ നേതാവെന്ന നിലയിലും മന്ത്രിയെന്ന നിലയിലും അദ്ദേഹം മുന്നോട്ട് വച്ചത്.
സി എച്ച് അറിഞ്ഞായാലും അറിയാതെയായലും ജനാധിപത്യ കേരളത്തിന് മറക്കാനാകാത്ത ഒരു മുറിപ്പാടും അദ്ദേഹത്തിന്റെ ഭരണകാലം രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാം അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്ത് (01-11-1969 മുതല്‍ 01-08-1970 വരെ) അദ്ദേഹം വിദ്യാഭ്യാസ വകുപ്പിനൊപ്പം ആഭ്യന്തര വകുപ്പും ഭരിച്ചിരുന്നു. അന്നാണ് കേരളം രൂപീകരിച്ച ശേഷം രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ വ്യാജ ഏറ്റുമുട്ടൽ കൊല നടക്കുന്നത്. നക്സലൈറ്റ് നേതാവായിരുന്ന എ. വർഗീസിനെ പിടികൂടിയെ പൊലീസ് തിരുനെല്ലിയിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥനായ ( അന്നത്തെ ഡെപ്യൂട്ടി എസ് പി ) കെ. ലക്ഷ്മണയുടെ നിർദ്ദേശപ്രകാരം വെടിവെച്ചു കൊലപ്പെടുത്തിയത്. വർഗീസ് പൊലീസുമായുള്ള ഏറ്റുമുട്ടിലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു ആദ്യകാലത്ത് പ്രചരിച്ച കഥയെങ്കിലും പിന്നീട് വെടിവെച്ച സി ആർ പി എഫ് കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ നടത്തിയ വെളിപ്പെടുത്തലിലാണ് സത്യം പുറംലോകം അറിഞ്ഞത്.
അടുത്തിടെ പുറത്തുവന്ന ഒരു സർവേയിൽ ശശിതരൂരിനെ കേരളത്തിന്‍റെ ഭാവി മുഖ്യമന്ത്രിയായി കാണുന്നവരാണ് കൂടുതലും എന്ന് റിപ്പോർട്ട് വന്നിരുന്നു. സര്‍വേ സംബന്ധിച്ചു പല തരത്തിലുള്ള അഭിപ്രായങ്ങളും വിവാദങ്ങളും ഉയര്‍ന്നു. അതിനിടെയാണ് കൈയിൽ വന്ന മുഖ്യമന്ത്രി പദത്തിൽ നിന്നു വിഷമമൊന്നും കൂടാതെ ഇറങ്ങിപ്പോയ സിഎച്ചിന്‍റെ കാലം തരൂര്‍ ഓര്‍ക്കുന്നത് എന്നതും ശ്രദ്ധേയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates