

കൊല്‍ക്കത്ത: കേന്ദ്രസര്‍വീസ് ജീവനക്കാരന്‍ മരണപ്പെട്ടാല്‍ അയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടെങ്കില്‍ കേന്ദ്ര സിവില്‍ സര്‍വീസ് പെന്‍ഷന്‍ ചട്ടങ്ങള്‍ പ്രകാരം ഇരുവര്‍ക്കും കുടുംബപെന്‍ഷന്‍ തുല്യമായി വീതിച്ചുനല്‍കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി. 2024-ല്‍ സര്‍വീസിലിരിക്കെ മരിച്ച സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് ജീവനക്കാരന്റെ ആദ്യ ഭാര്യ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് റിതബ്രതോ കുമാര്‍ മിത്ര നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഗ്രാറ്റുവിറ്റി തുക നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തിക്ക് മാത്രമേ നല്‍കാവൂ എന്നും കോടതി ചൂണ്ടിക്കാണിച്ചു.
കുടുംബ പെന്‍ഷന്‍ നല്‍കുന്നത് ചട്ടം 50(8)(സി)-ന്റെ പരിധിയില്‍ വരുന്നതാണെന്ന് ഉത്തരവില്‍ വ്യക്തമാക്കി. രണ്ട് ഭാര്യമാര്‍ ഉണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ ഇരുവര്‍ക്കും തുല്യമായി നല്‍കണമെന്ന് ഈ ചട്ടം വ്യവസ്ഥ ചെയ്യുന്നതായും കോടതി അഭിപ്രായപ്പെട്ടു. അന്തരിച്ച കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന് മുസ്ലീം വ്യക്തിനിയമ പ്രകാരം രണ്ട് ഭാര്യമാരുണ്ടായിരുന്നു.
കുടുംബ പെന്‍ഷന്‍, ഗ്രാറ്റുവിറ്റി, ആശ്രിത നിയമനം എന്നിവ ആവശ്യപ്പെട്ടാണ് ആദ്യ ഭാര്യ അധികാരികളെ സമീപിച്ചത്. എന്നാല്‍ ജീവനക്കാരന്റെ രേഖകളില്‍ രണ്ടാമത്തെ ഭാര്യയും ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചതോടെ അധികാരികള്‍ ആദ്യ ഭാര്യയുടെ അപേക്ഷ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ജീവനക്കാരന്റെ വിവാഹങ്ങളുടെ നിയമപരമായ സാധുത പരിശോധിക്കാന്‍ വിസമ്മതിച്ച കോടതി, ചട്ടപ്രകാരം കുടുംബ പെന്‍ഷന്‍ രണ്ട് ഭാര്യമാര്‍ക്കും തുല്യമായി വീതിച്ചു നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. ആറാഴ്ചയ്ക്കകം പെന്‍ഷന്‍ തുകയുടെ പകുതി ആദ്യ ഭാര്യക്ക് നല്‍കാന്‍ അധികാരികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
ഗ്രാറ്റുവിറ്റി സംബന്ധിച്ച് ജീവനക്കാരന്‍ രണ്ടാമത്തെ ഭാര്യയെ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളതിനാല്‍, ആ തുക സ്വീകരിക്കാന്‍ അവര്‍ക്ക് മാത്രമാണ് അര്‍ഹതയെന്ന് ബെഞ്ച് വ്യക്തമാക്കി. ആശ്രിത നിയമനവുമായി ബന്ധപ്പെട്ട്, ഇരു സ്ത്രീകളുടെയും അപേക്ഷകള്‍ പരിശോധിച്ച് നിയമപരമായ അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഏത് ആള്‍ക്കും ജോലി നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates