സന്‍മാര്‍ഗ ദൂഷ്യം ഉള്ളവര്‍ക്കു മത്സരിക്കാമോ? ബാങ്കു വായ്പയില്‍ വീഴ്ച വരുത്തിയവര്‍ക്കോ? ; സ്ഥാനാര്‍ഥികളുടെ യോഗ്യതയും അയോഗ്യതയും

സന്‍മാര്‍ഗ ദൂഷ്യം ഉള്ളവര്‍ക്കു മത്സരിക്കാമോ? ബാങ്കു വായ്പയില്‍ വീഴ്ച വരുത്തിയവര്‍ക്കോ? ; സ്ഥാനാര്‍ഥികളുടെ യോഗ്യതയും അയോഗ്യതയും
സന്‍മാര്‍ഗ ദൂഷ്യം ഉള്ളവര്‍ക്കു മത്സരിക്കാമോ? ബാങ്കു വായ്പയില്‍ വീഴ്ച വരുത്തിയവര്‍ക്കോ? ; സ്ഥാനാര്‍ഥികളുടെ യോഗ്യതയും അയോഗ്യതയും
Updated on
3 min read

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ യോഗ്യതകളും അയോഗ്യതകളും പൊതു അവബോധത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി.  ഇത് ആധികാരിക രേഖയായി കണക്കാക്കാതെ  ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും അയോഗ്യതകളും തീരുമാനിക്കുന്നത് അതാത് വരണാധികാരികളുടെ ചുമതലയാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍  വി.ഭാസ്‌കരന്‍ അറിയിച്ചു.  

തദ്ദേശ സ്ഥാപനത്തില്‍ മത്സരിക്കുന്ന ഒരാള്‍ക്ക് ആ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരിക്കുകയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന തിയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കുകയും വേണം. ഒരു വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ തന്നെ പേരുള്ള     ആളായിരിക്കണം. സംവരണ സീറ്റില്‍ മത്സരിക്കുന്നയാള്‍ ആ സംവരണ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ വില്ലേജ് ഓഫീസറില്‍ നിന്നുള്ള ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
സംസ്ഥാന സര്‍ക്കാരിന്റേയോ കേന്ദ്ര സര്‍ക്കാരിന്റേയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയോ അവ നിയന്ത്രിക്കുന്ന കോര്‍പ്പറേഷനുകളിലേയോ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും തദ്ദേശ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയാകുന്നതിന്    അയോഗ്യരാണ്.  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും 51 ശതമാനത്തില്‍ കുറയാതെ ഓഹരിയുള്ള കമ്പനികളിലും, സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാര്‍ക്കും അയോഗ്യതയുണ്ട്.  സംസ്ഥാനത്തെ ഏതെങ്കിലും ബോര്‍ഡിലോ,  സര്‍വ്വകലാശാലയിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സ്ഥാനാര്‍ത്ഥിയാകുന്നതിന് യോഗ്യതയില്ല.  പാര്‍ട്ട്‌ടൈം ജീവനക്കാരും, ഓണറേറിയറും കൈപ്പറ്റുന്ന ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും. അംഗനവാടി ജീവനക്കാര്‍ക്കും, ബാലവാടി ജീവനക്കാര്‍ക്കും, ആശാവര്‍ക്കര്‍മാര്‍ക്കും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കില്ല.  സാക്ഷരതാ പ്രേരകര്‍ക്ക് പഞ്ചായത്തുകളില്‍ മാത്രമേ മത്സരിക്കാന്‍ യോഗ്യത ഉള്ളു.
സര്‍ക്കാരിന് 51 ശതമാനം  ഓഹരിയില്ലാത്ത പ്രാഥമിക സര്‍വ്വീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് മത്സരിക്കുന്നതിന് അയോഗ്യതയില്ല.  കെ.എസ്സ്.ആര്‍.റ്റി.സി യിലെ ജീവനക്കാര്‍ക്കും, എംപാനല്‍ കണ്ടക്ടര്‍മാര്‍ക്കും മത്സരിക്കുവാന്‍ അയോഗ്യത ഉണ്ട്.   ഇലക്ട്രിസിറ്റി ബോര്‍ഡ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ 179 ദിവസത്തേയ്ക്കു  നിയമിക്കപ്പെടുന്ന താത്കാലിക ജീവനക്കാര്‍ എന്നിവര്‍ക്കും അയോഗ്യതയുണ്ട്.
കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍  ജീവനക്കാരല്ലാത്തതിനാല്‍ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കില്ല. തദ്ദേശ സ്ഥാപനങ്ങളിലെ സി.ഡി.എസ്സ് അക്കൗണ്ടന്റുമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത  ഉണ്ടായിരിക്കും.

സര്‍ക്കാരുമായോ തദ്ദേശ സ്ഥാപനവുമായോ നിലവിലുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരാള്‍ അയോഗ്യനാണ്.  മുമ്പ് ഏതെങ്കിലും കരാറിലോ പണിയിലോ അവകാശമുണ്ടായിരുന്നു എന്ന കാരണത്താല്‍ അയോഗ്യത ഉണ്ടായിരിക്കുന്നതല്ല.  സമൂഹത്തിന്റെ ഒരു പ്രതിനിധി എന്ന നിലയില്‍ സമൂഹത്തിന്റെ നന്‍മക്കുവേണ്ടി പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ ഏതെങ്കിലും പണി ഏറ്റെടുക്കുന്നവര്‍ക്ക്  അയോഗ്യതയില്ല.  തദ്ദേശ സ്ഥാപനത്തിന്റെ ഒരു കെട്ടിടമോ കടമുറിയോ വ്യാപാര ആവശ്യത്തിനു വാടക വ്യവസ്ഥയിലോ പാട്ട വ്യവസ്ഥയിലോ ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അതും അയോഗ്യതയല്ല.

സര്‍ക്കാരിലേക്കോ തദ്ദേശ സ്ഥാപനങ്ങളിലേക്കോ ഏതെങ്കിലും കുടിശ്ശികയുള്ളവര്‍ അയോഗ്യരാണ്.  കുടിശ്ശികക്കാരായി കണക്കാക്കുന്നതിന് അത് സംബന്ധിച്ച് ഒരു ബില്ലോ നോട്ടീസോ നല്‍കുകയും അതില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സമയം കഴിയുകയും വേണം. ബാങ്കുകള്‍ക്കോ സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ക്കോ നല്‍കാനുള്ള കുടിശിക സര്‍ക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ നല്‍കുവാനുള്ള കുടിശ്ശികയായി കരുതാന്‍ കഴിയില്ല.  ബാങ്കുകള്‍, കെ.എഫ്.സി, കെ.എസ്.എഫ്.ഇ മുതലായവക്ക് കൊടുക്കുവാനുള്ള കുടിശിക റവന്യൂ റിക്കവറി വഴിയാണ് നടത്തുന്നതെങ്കില്‍കൂടിയും അത് കുടിശ്ശികയായി പരിഗണിക്കേണ്ടതില്ല.  സര്‍ക്കാരിനോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ നല്‍കുവാനുള്ള കുടിശ്ശിക ഗഡുക്കളാക്കിയിട്ടുണ്ടെങ്കില്‍ അതില്‍പ്പറയുന്ന ഗഡുക്കള്‍ മുടങ്ങിയിട്ടുണ്ടെങ്കില്‍ മാത്രമേ കുടിശ്ശികക്കാരനായി കണക്കാക്കി അയോഗ്യത ഉണ്ടാകുകയുള്ളൂ.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8ാം വകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതോ അല്ലെങ്കില്‍ സാന്‍മാര്‍ഗ്ഗിക ദൂഷ്യം ഉള്‍പ്പെട്ട ഒരു കുറ്റത്തിന് മൂന്നു മാസത്തില്‍ കുറയാതെയുള്ള ഒരു കാലത്തേയ്ക്ക് തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളതോ ആയ ഒരാള്‍ക്ക് അയോഗ്യത ഉണ്ടായിരിക്കുന്നതാണ്.  ശിക്ഷിക്കപ്പെട്ടാല്‍ ജയില്‍ മോചിതനായ ശേഷം ആറു കൊല്ലം വരെ അയോഗ്യതയുണ്ടായിരിക്കുന്നതാണ്. ശിക്ഷ നടപ്പിലാക്കുന്നത് അപ്പീല്‍ കോടതി സ്‌റ്റേ നല്‍കയിട്ടുണ്ടെങ്കിലും കുറ്റസ്ഥാപനം(കണ്‍വിക്ഷന്‍)  സ്‌റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സൂക്ഷ്മ പരിശോധന നടത്തുന്ന ദിവസത്തിലെ സ്ഥിതിയാണ് യോഗ്യതക്കും അയോഗ്യതക്കും കണക്കാക്കുക.  ഏതെങ്കിലും  കേസുകളില്‍ പ്രതിയായതുകൊണ്ട് മാത്രം ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു അയോഗ്യതയില്ല.
അഴിമതിയ്‌ക്കോ കൂറില്ലായ്മക്കോ ഉദ്യോഗത്തില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനും പിരിച്ചുവിടപ്പെട്ട തിയതി മുതല്‍ അഞ്ച് വര്‍ഷത്തേയ്ക്ക് അയോഗ്യത ഉണ്ടായിരിക്കുന്നതാണ്.  കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ (കൂറുമാറ്റ നിരോധനം) ആക്ടിലെ വ്യവസ്ഥപ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതല്‍ ആറ് വര്‍ഷം കഴിയാതിരിക്കുകയും ചെയ്യുന്ന സംഗതിയില്‍ അയോഗ്യനാണ്.  എന്നാല്‍ അതേ സംബന്ധിച്ച് ഹൈക്കോടതിയില്‍ സ്‌റ്റേ ഉത്തരവുണ്ടെന്ന കാരണത്താല്‍  അയോഗ്യതയില്‍ നിന്നും ഒഴിവാകുന്നില്ല.  സ്‌റ്റേ ഉത്തരവ് പരിശോധിച്ച് വരണാധികാരി  തീരുമാനമെടുക്കേണ്ടതാണ്.  സര്‍ക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിനോ വീഴ്ച വരുത്തുന്നതിന്റെ ഫലമായി ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അയോഗ്യനാകും.


തദ്ദേശ സ്ഥാപനത്തിന്റെ ധനമോ മറ്റു വസ്തുക്കളോ നഷ്ടപ്പെടുത്തുകയോ, പാഴാക്കുകയോ, ദുര്‍വിനിയോഗം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ  സ്ഥാപനത്തിനുവേണ്ടിയുള്ള ഓംബുഡ്‌സ്മാന്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അയാള്‍  അയോഗ്യനാണ്. ഒരാള്‍ ബധിരമൂകനാണെങ്കിലും  അയോഗ്യനാണ്.        അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും വിലക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അയോഗ്യനാണ്. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കൂടാതെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റുന്ന ഒരു അഭിഭാഷകനായി ജോലിയിലേര്‍പ്പെട്ടിരിക്കുന്ന ആളും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനു അയോഗ്യനാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനുശേഷം  തിരഞ്ഞെടുപ്പു ചെലവുകണക്കു സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് കമ്മീഷന്‍ അയോഗ്യനാക്കുന്ന തീയതി മുതല്‍ 5 വര്‍ഷക്കാലം അയോഗ്യതയുണ്ട്. ഗ്രാമസഭയുടേയൊ വാര്‍ഡ് സഭയുടേയൊ യോഗം വിളിച്ച് കൂട്ടുന്നതിനു വീഴ്ച വരുത്തുകയോ അല്ലെങ്കില്‍ അംഗമായി തുടരവേ തദ്ദേശ സ്ഥാപനത്തിന്റേയോ അതിന്റെ സ്റ്റാന്റിംഗ്  കമ്മിറ്റികളുടേയോ യോഗങ്ങളില്‍ ഹാജരാകാതിരിക്കുകയോ ചെയ്തതിലുണ്ടായിട്ടുള്ള അയോഗ്യത പ്രസ്തുത കമ്മിറ്റിയുടെ കാലാവധിവരെ മാത്രമേ ഉണ്ടായിരിക്കു.  അവര്‍ക്ക് ഈ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്  അയോഗ്യതയില്ല.  

ഒരാള്‍ക്ക് തദ്ദേശസ്ഥാപനത്തിന്റെ ഒരു വാര്‍ഡിലേയ്ക്ക് മാത്രമെ മത്സരിക്കുവാന്‍ പാടുള്ളൂ. ഒന്നില്‍ കൂടുതല്‍ വാര്‍ഡിലേയ്ക്കു മത്സരിച്ചാല്‍ അയാളുടെ എല്ലാ നാമനിര്‍ദ്ദേശ പത്രികകളും നിരസിക്കുന്നതാണ്.   ത്രിതല പഞ്ചായത്തുകളില്‍ ഒന്നിലധികം തലങ്ങളില്‍ മത്സരിക്കാവുന്നതാണ്. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന 2എ ഫോമിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ചിട്ടുണ്ടെന്ന്  സ്ഥാനാര്‍ത്ഥികള്‍ ഉറപ്പാക്കേണ്ടതാണ്. ഭേദഗതി വരുത്തിയ നാമനിര്‍ദ്ദേശ പത്രിക ഫോമും 2എ ഫോമും കമ്മീഷന്റെ സൈറ്റില്‍ ലഭ്യമാണ്.  
സ്ഥാനാര്‍ത്ഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് വരണാധികാരി അര്‍ദ്ധ നീതിന്യായ സ്വഭാവമുള്ള ആളെന്ന നിലക്ക് സ്വന്തമായി തീരുമാനമെടുക്കേണ്ടതാണെന്നും വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com