

തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർഥികളാക്കിയാൽ അതിലേക്ക് നയിച്ച സാഹചര്യം വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം വിശദീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ക്രിമിനൽ സ്വഭാവമുള്ളവർ നിയമനിർമാണ സഭകളിലെത്താതിരിക്കാനുള്ള കമ്മിഷന്റെ ചുവടുവെപ്പുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കേസുകളിൽ പെടാത്തവരെ കണ്ടെത്തി മത്സരിപ്പിക്കാനായില്ലെന്നു രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കേണ്ടിവരും. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ ഏതു ക്രിമിനൽക്കേസിൽപ്പെട്ടവരായാലും പാർട്ടികൾ വിശദീകരണം നൽകണം. ഇതിൽ രാഷ്ട്രീയ പാർട്ടികൾ വീഴ്ചവരുത്തിയാൽ സുപ്രീംകോടതിയെ അറിയിക്കും. പുതിയ വ്യവസ്ഥപ്രകാരം ദേശീയ പാർട്ടികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന പാർട്ടികൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് ക്രിമിനൽ കേസുകളുടെ വിവരം നൽകേണ്ടത്.
നിലവിൽ സ്ഥാനാർഥികൾ പത്രിക നൽകുമ്പോൾ ക്രിമിനൽ കേസ് വിവരങ്ങൾ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഇത് മൂന്നുതവണ അച്ചടി, ദൃശ്യമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തണം. ഇതിനുപുറമേയാണ് പുതിയ വ്യവസ്ഥ ബാധകമാക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വിളിച്ച സർവകക്ഷി യോഗത്തിൽ ഇക്കാര്യം നേതാക്കളെ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates