

മാനന്തവാടി : മോഷ്ടിച്ച കാറുമായി കടന്നുകളഞ്ഞ കള്ളന്മാര്‍ ഇന്ധനം അടിക്കാനായി പെട്രോള്‍ പമ്പിലെത്തിയപ്പോള്‍ പിടിയിലായി. മലപ്പുറം കാര്യവട്ടം തേലക്കാട് ചെറങ്ങരക്കുന്ന് താളിയില്‍ വീട്ടില്‍ രത്‌നകുമാര്‍ (42), കൊല്ലം കടക്കല്‍ കൈതോട് ചാലുവിള പുത്തന്‍വീട്ടില്‍ അബ്ദുല്‍ കരീം (37) എന്നിവരാണ് അറസ്റ്റിലായത്.
മാനന്തവാടി ചങ്ങാടക്കടവിലെ മലബാര്‍ മോട്ടോഴ്‌സ് യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ഇരുവരും ചേര്‍ന്ന് കാര്‍ മോഷ്ടിച്ചത്. കടയുടെ ചങ്ങല മുറിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ ഓഫീസ് മുറി കുത്തിത്തുറന്ന് താക്കോല്‍ കൈക്കലാക്കിയാണ് കാറുമായി കടന്നത്.
ഷോറൂമിലുണ്ടായിരുന്ന മറ്റൊരു കാര്‍ തള്ളിമാറ്റിയശേഷമാണ് ഇവര്‍ കാറുമായി കടന്നുകളഞ്ഞത്. ശബ്ദംകേട്ട് കെട്ടിട ഉടമ, സ്ഥാപന ഉടമകളെ വിവരമറിയിച്ചു. ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. ഷോറൂമിലെ വാഹനങ്ങളില്‍ ഇന്ധനം കുറവാണെന്ന് മനസ്സിലാക്കിയ പൊലീസ് രാത്രി പ്രവര്‍ത്തിക്കുന്ന തോണിച്ചാലിലെ പെട്രോള്‍ പമ്പിലെത്തി.
പുലര്‍ച്ചെ മൂന്നരയോടെ കാറില്‍ ഇന്ധനം നിറയ്ക്കാനായി മോഷ്ടാക്കള്‍ എത്തിയപ്പോള്‍ പൊലീസ് പിടികൂടി. മോഷണം ആസൂത്രണം ചെയ്യാനായി കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ മാനന്തവാടിയില്‍ എത്തുകയും മോഷണം നടത്തിയ ഷോറൂമില്‍ അടക്കം കാര്‍ വാടകയ്ക്ക് നല്‍കാമോ എന്ന് അന്വേഷിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates