പാലക്കാട്: കോൺഗ്രസ് എം പി രമ്യാ ഹരിദാസിനെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. ആലത്തൂർ പഞ്ചായത്ത് മുൻ അധ്യക്ഷനും പഞ്ചായത്ത് അംഗത്തിനുമെതിരെയാണ് പൊലീസ് കേസെടുത്തത്. ഓഫീസിലേക്ക് പോകുകയായിരുന്ന എംപിയെ വഴിയിൽ തടഞ്ഞുനിർത്തിയാണ് മുൻ അധ്യക്ഷനും സിപിഎം നേതാവുമായ എം എ നാസറും പഞ്ചായത്ത് അംഗം നജീബും ഭീഷണിപ്പെടുത്തിയത്.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ആലത്തൂർ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു സംഭവം. ശുചീകരണ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരുന്ന ഹരിതകർമ സേനാംഗങ്ങളോട് അവരുടെ കുട്ടികളുടെ ഓൺലൈൻ പഠനത്തെക്കുറിച്ച് അന്വേഷിച്ചു മങ്ങുകയായിരുന്നു രമ്യ. കാറിൽ കയറാൻ തുടങ്ങിയ എംപിയെ നോക്കി ‘പട്ടി ഷോ നിർത്താറായില്ലേ’ എന്നു ചോദിച്ച് നജീബ് പരിഹസിച്ചെന്ന് പരാതിയിൽ പറയുന്നു. ഈ സമയം ഇവിടേക്കെത്തിയ നാസർ ‘ഇനി ഇവിടെ കാലു കുത്തിയാൽ കയ്യും കാലും വെട്ടുമെന്ന്’ എംപിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്നു നടപടി ആവശ്യപ്പെട്ട് എംപി റോഡിൽ കുത്തിയിരുന്നു.
സഞ്ചാര സ്വാതന്ത്ര്യവും പ്രവർത്തനവും തടസ്സപ്പെടുത്തുകയും പൊതുജനമധ്യത്തിൽ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് രമ്യാ ഹരിദാസിന്റെ പരാതി. അതേസമയം വധഭീഷണി മുഴക്കിയെന്ന ആരോപണം നാസറും മജീബും നിഷേധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates