ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പിൻവാതിലിലൂടെ കോടതിയിൽ; ബോംബ് സ്‌ക്വാഡിന്റെ പരിശോധന; കനത്ത സുരക്ഷ; വിധി ഉടൻ

105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിധി ഉടൻ. വിധി കേൾക്കുന്നതിനായി ഫ്രാങ്കോ മുളയ്ക്കൽ കോട്ടയത്തെ വിചാരണ കോടതിയിലെത്തി. പിൻവാതിൽ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ കോടതിയിൽ പ്രവേശിച്ചത്. ബലാത്സം​ഗ കേസിൽ വിധി പ്രസ്താവിക്കാനിരിക്കെ, കോടതിയിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 

തിരിച്ചറിയൽ രേഖകൾ പരിശോധിച്ചശേഷമാണ് ജീവനക്കാരെ കോടതിയിലേക്ക് കടത്തിവിട്ടത്. ജനക്കൂട്ടം എത്തിച്ചേരാനുള്ള സാധ്യക കണക്കിലെടുത്ത് കോടതി വളപ്പിൽ ബാരിക്കേഡ് കെട്ടി സുരക്ഷ വർധിപ്പിച്ചു. എഴുപതോളം പൊലീസുകാരെ കോടതിയുടെ സുരക്ഷയ്ക്കായി അധികമായി വിന്യസിച്ചിട്ടുണ്ട്. കോടതി മുറിയിലും വളപ്പിലും ബോംബ് സ്ക്വാഡും പരിശോധിച്ചു. 

കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ ആണ് വിധി പ്രസ്താവിക്കുന്നത്.  105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. വിധി പ്രസ്താവത്തിന്റെ പശ്ചാത്തലത്തിൽ കുറ്റകൃത്യം നടന്ന കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിനും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നാണ്‌ കേസ്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരിക്കുന്നത്.

ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 84 സാക്ഷികളാണുള്ളത്. ഇതില്‍ 33 പേരെയാണ് വിസ്തരിച്ചത്. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. 

ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യവും കോടതി നിരസിച്ചു. വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നല്‍കിയ വിടുതല്‍ ഹര്‍ജി നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

ഇതിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയും തള്ളി. ഇതേത്തുടര്‍ന്നാണ് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും പരിഗണിച്ചില്ല. 

വിചാരണയ്ക്കിടെ ഫ്രാങ്കോ കുറ്റം നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. ദൈവത്തിന് മുന്നിലെ സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടേ എന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com