

തിരുവനന്തപുരം: കേരള സമൂഹത്തില്‍ ജാതീയത ഇപ്പോഴും ആഴത്തില്‍ വേരൂന്നിയിരിക്കുകയാണെന്ന് ശിവഗിരി മഠം മേധാവിയും ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു സ്വാമി സച്ചിദാനന്ദ.
രാജ്യത്ത് പണ്ടു മുതലേ മതവും രാഷ്ട്രീയവും പരസ്പര പൂരകങ്ങളാണ്. ഇന്ത്യയില്‍ വിവിധ വിഭാഗങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നുണ്ട്. എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളും തത്വങ്ങളും അനുസരിച്ചാണ് ശിവഗിരി മഠം പ്രവര്‍ത്തിക്കുനന്ത് വിവാദങ്ങളില്‍ മഠത്തിന് താല്‍പ്പര്യമില്ലെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശിവഗിരി തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ, സമുദായ സംഘര്‍ഷങ്ങളിലോ, അധികാരത്തിലോ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. ശിവഗിരി മഠം രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേര്‍ത്തു. അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ വിഷയത്തില്‍ ശിവഗിരി മൗനം പാലിച്ചതു ചൂണ്ടിക്കാട്ടിയപ്പോള്‍ സ്വാമിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു.
'ഞങ്ങള്‍ ഗുരുവിന്റെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നമ്മള്‍ ഇടപെടേണ്ട കാര്യമില്ല. ഗുരുവിന്റെ കാലത്താണ് മലബാര്‍ കലാപം നടന്നത്. ഗുരു അതില്‍ ഇടപെട്ടില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ മതപരമായ സംഘര്‍ഷങ്ങളിലോ അധികാരം ഉറപ്പിക്കാനുള്ള ശ്രമങ്ങളിലോ ശിവഗിരി ഇടപെടില്ല. ഗുരുവിന്റെ ഉപദേശപ്രകാരമാണ് ശിവഗിരി മഠം പ്രവര്‍ത്തിക്കുന്നത്.'
'ഭാരതത്തില്‍ രാമനില്‍ വിശ്വസിക്കുന്ന കോടിക്കണക്കിന് ആളുകളുണ്ട്. അവരെ സംബന്ധിച്ചിടത്തോളം അതൊരു സുപ്രധാന നിമിഷമായിരുന്നിരിക്കാം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രാമക്ഷേത്ര നിര്‍മ്മാണം. ഈ വിഷയത്തില്‍ ശിവഗിരി മഠം നിഷ്പക്ഷ നിലപാടാണ് ഇഷ്ടപ്പെടുന്നത്. ചില സന്യാസിമാര്‍ വ്യക്തിപരമായ താല്‍പ്പര്യത്തില്‍ അയോധ്യയിലേക്ക് പോയിട്ടുണ്ടാകും.'
'രാമക്ഷേത്ര പ്രതിഷ്ഠാവേളയില്‍ ഹൈന്ദവ ഭവനങ്ങളില്‍ ദീപം തെളിയിക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണീയരോട് അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ അത് ശരിയായിരിക്കാം. ഇതിനെ വിമര്‍ശിച്ചവരും ഉണ്ട്. എന്നാല്‍ മഠം ഇതില്‍ ഒരു പക്ഷത്തെയും പിന്തുണയ്ക്കുന്നില്ല'. സ്വാമി സച്ചിദാനന്ദ പറഞ്ഞു.
സനാതന ധര്‍മ്മം എന്നാല്‍ ചാതുര്‍വര്‍ണ്യം ആണെന്ന ഒരു ധാരണയുണ്ട്. അത് തെറ്റാണ്. 1928-ല്‍ ശ്രീനാരായണ ഗുരു തന്നെ സനാതന ധര്‍മ്മത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. 'ഒരു ജാതി, ഒരു ദൈവം, ഒരു മതം മനുഷ്യരാശിക്ക്'... അതാണ് സനാതന ധര്‍മ്മം. എല്ലാ മതങ്ങളുടെയും സംഗമ ദര്‍ശനം ലോകത്തിന് സമ്മാനിച്ച വ്യക്തിയാണ് ഗുരുവെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
