ഫയൽ ചിത്രം
ഫയൽ ചിത്രം

സിബിഎസ്ഇ: സിലബസ് പരിഷ്കരണം പഠനഭാരം വർദ്ധിപ്പിക്കും, മലയാളം പഠിക്കാൻ കുട്ടികൾ മടിക്കുമെന്ന് പരാതി 

അശാസ്ത്രീയമായ സിലബസ് വർദ്ധനവ് കൂടുതൽ കുട്ടികൾ മാതൃഭാഷ തിരഞ്ഞെടുക്കുന്നതിൽ നിന്ന് പിന്മാറാൻ മാത്രമേ ഇടയാക്കൂ എന്ന് പരാതിക്കാർ
Published on

കൊച്ചി: സിബിഎസ്ഇ 2021-22 കരിക്കുലത്തിൽ ഒൻപത്, പത്ത് ക്ലാസ്സുകളിലെ മലയാളം സിലബസിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾക്കെതിരെ പരാതി.  സിലബസിലെ പുതിയ മാറ്റങ്ങൾ അനുസരിച്ച് പാഠഭാ​ഗങ്ങൾ പഠിച്ചെടുക്കുക കുട്ടികൾക്ക് അസാധ്യമാണെന്നാണ് ആക്ഷേപം. പുതിയ മാറ്റങ്ങൾ കുട്ടികളുട‍െ പഠനഭാരം വർദ്ധിപ്പിക്കുമെന്നും മാതൃഭാഷാ പഠനത്തിൽ നിന്ന് കേരളത്തിലെ സിബിഎസ്ഇ വിദ്യാർത്ഥികളെ അകറ്റാൻ മാത്രമേ ഉപകരിക്കൂ എന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ വർഷം വരെ അടിസ്ഥാന പാഠാവലി, കേരളപാഠാവലി എന്ന പുസ്തകങ്ങളിൽ നിന്നായി പത്ത് പാഠങ്ങളും, വ്യാകരണ ഭാഗങ്ങളായ സന്ധി, സമാസം, പ്രയോഗം, വിധി - നിഷേധം, അംഗാംഗി വാദ്യം, കത്തെഴുത്ത്, ഉപന്യാസം, അവധാരണം, ഉപപാഠപുസ്തകം എന്നിവയാണ് പഠിപ്പിച്ച് വന്നിരുന്നത്. എന്നാൽ പുതിയ കരിക്കുലം അനുസരിച്ച് വ്യാകരണ ഭാഗങ്ങളോടൊപ്പം അടിസ്ഥാന കേരളപാഠാവലിയിലെ മുഴുവൻ പാഠഭാഗങ്ങളും ചേർത്തിട്ടുണ്ട്. 

കേരള സിലബസ് വിദ്യാലയങ്ങളിലെ അധ്യയന രീതിയും ചോദ്യങ്ങളുടെ മാതൃകയും സിബിഎസ്ഇ സിലബസ്സിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കേരള സിലബസ് കുട്ടികളെപ്പോലെ ഇത്രയേറെ പാഠ്യ ഭാഗങ്ങൾ പഠിച്ചെടുക്കുക സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അസാധ്യമായിരിക്കുമെന്ന് പരാതിക്കാർ പറയുന്നു. എസ്ഇആർടി സിലബസിൽ വ്യാകരണത്തിന് തീരെ പ്രാധാന്യം ഇല്ല. അതേസമയം സിബിഎസ്ഇ കരിക്കുലത്തിൽ വളരെയധികം വ്യാകരണ ഭാഗങ്ങൾ പഠിപ്പിക്കാനുണ്ട്.

പിരിയഡുകളുടെ എണ്ണം കണക്കാക്കുമ്പോഴും വ്യത്യാസം പ്രകടമാണ്. കേരള സിലബസ് വിദ്യാലയങ്ങളിൽ മാതൃഭാഷാ അധ്യയനത്തിനായി നീക്കിവച്ചിട്ടുള പിരിയഡുകളുടെ എണ്ണം സിബിഎസ്ഇ വിദ്യാലയങ്ങളിലെ രണ്ടാം ഭാഷയ്ക്ക് നീക്കിവച്ചിട്ടുള്ള പിരീഡുകളേക്കാൾ കൂടുതലാണ്. സിബിഎസ്ഇ വിദ്യാർത്ഥികൾക്കുള്ള മറ്റ് രണ്ടാം ഭാഷകളായ ഹിന്ദി ,അറബിക്ക് ,സംസ്കൃതം എന്നിവയ്ക്കാന്നും ഇത്തരത്തിൽ അശാസ്ത്രീയമായ സിലബസ്സ് വർദ്ധനവ് ഇല്ലെന്നും കൂടുതൽ കുട്ടികൾ മാതൃഭാഷ തിരഞ്ഞെടുക്കുന്നതിൽ നിന്ന് പിന്മാറാൻ മാത്രമേ ഇത് ഇടയാക്കൂ എന്ന് അധ്യാപകരടക്കം പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com