ന്യൂഡല്‍ഹി : സംസ്ഥാനത്ത് ഓണത്തോട് അനുബന്ധിച്ച് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസംഘം. ടൂറിസം മേഖല തുറന്നത് അടക്കം അണ്‍ലോക്ക് പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. ഇളവ് അതിവേഗ രോഗവ്യാപനത്തിന് ഇടയാക്കും. ഓഗസ്റ്റ് 20 വരെയുള്ള കാലയളവില്‍ നാലര ലക്ഷത്തിലേറെ കോവിഡ് കേസുകള്‍ കേരളത്തില്‍ ഉണ്ടായേക്കാമെന്നും കേരളത്തില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര വിദഗ്ധസംഘം തലവന്‍ സൂര്‍ജിത് സിങ് പറഞ്ഞു.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 മുതല്‍ 14 ശതമാനം വരെയും ചിലയിടങ്ങളില്‍ 15 മുതല്‍ 20 ശതമാനം വരെയുമാണ്. മലപ്പുറത്തും പത്തനംതിട്ടയിലും ഉയര്‍ന്ന ടിപിആര്‍ പ്രവണതയാണുള്ളത്.പാലക്കാട് കഴിഞ്ഞദിവസം 1841 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1306 പേര്‍ക്കും രോഗം ബാധിച്ചത് പ്രാദേശിക വ്യാപനം വഴിയാണ്. ജില്ലയിലെ ടിപിആര്‍ 19.41 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് വാക്‌സിന്‍ എടുത്തവരിലും രോഗബാധ ഉണ്ടാകുന്നത് വര്‍ധിച്ചിരിക്കുകയാണ്. പത്തനംതിട്ടയില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 14,974 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത 5042 പേര്‍ക്കും രോഗബാധ ഉണ്ടായി. ജില്ലയില്‍ വിതരണം ചെയ്തത് ഏറെയും കോവിഷീല്‍ഡ് വാക്‌സിനാണ്. ഈ സാഹചര്യത്തില്‍ വാക്‌സിനുകളുടെ ഇടവേള കുറക്കുന്നത് സംബന്ധിച്ച് പഠിക്കാനും പരിശോധിക്കാനും സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രസംഘം നിര്‍ദേശിച്ചു.
ചില സംസ്ഥാനങ്ങളില്‍ വൈറസിന്റെ വ്യാപന തോത് ( ആര്‍ വാല്യു) വളരെ ഉയര്‍ന്നു നില്‍ക്കുന്നത് ആശഹ്കപ്പെടുത്തുന്നതാണെന്നും കേന്ദ്രസംഘ തലവന്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശിലും പഞ്ചാബിലും ആര്‍ വാലു 1.3 ആണ്. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും ആര്‍ വാല്യു ഒന്നിന് മുകളിലാണ്. കേരളത്തില്‍ 1.05 ഉം തമിഴ്‌നാട്ടില്‍ 1.07 ഉം ആണ് ആര്‍ വാല്യു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates