മുനമ്പം ഭൂമി പ്രശ്നം വീണ്ടും സജീവം; വഖഫ് ബോർഡിനോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പോർട്ടലിൽ തർക്കഭൂമി രജിസ്റ്റർ ചെയ്തതിനെതിരെ നടപടി.
Munambam residents
Archbishop Joseph Kalathiparambil (extreme left) sets off the human chain expressing solidarity with Munambam residents in the land disputExpress
Edited By:
Updated on
1 min read

കൊച്ചി: മുനമ്പത്തെ 404 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന്റെ വഖഫ് വിവരശേഖരണ പോർട്ടലിൽ രേഖപ്പെടുത്തിയ നടപടിയിൽ കേരള സംസ്ഥാന വഖഫ് ബോർഡിനോട് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അടിയന്തര വിശദീകരണം തേടി . മുനമ്പത്തെ തർക്കഭൂമി കേന്ദ്ര പോർട്ടലായ ഉമീദിൽ (വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തതിനെതിരെ കേന്ദ്ര സർക്കാരിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. വഖഫ് ബോർഡിൻറെ നടപടി ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അനധികൃതമായി നടത്തിയ റജിസ്ട്രേഷൻ പിൻവലിക്കാൻ സംസ്ഥാന വഖഫ് ബോർഡിനോട് ആവശ്യപ്പെട്ടണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'ഉമീദ്' പോർട്ടലിൽ രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ കൃത്യമായ രജിസ്‌ട്രേഷനും തത്സമയ പരിശോധനയും നിർബന്ധമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മേയ് മാസത്തിൽ കേരള വഖഫ് ബോർഡ് മുനമ്പം ഭൂമിയുടെ വിവരങ്ങൾ ഈ പോർട്ടലിൽ ഉൾപ്പെടുത്തി. എന്നാൽ, മുനമ്പത്തെ നിലവിലെ താമസക്കാരായ 610 കുടുംബങ്ങളും വിവിധ ക്രൈസ്തവ സംഘടനകളും ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരികയും കേന്ദ്ര സർക്കാരിന് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്യുകയായിരുന്നു. ഈ പരാതികൾ വിശദമായി പരിശോധിച്ച ശേഷമാണ് കേന്ദ്ര മന്ത്രാലയം വഖഫ് ബോർഡിനോട് വിഷയത്തിൽ വ്യക്തമായ മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്.

രാഷ്ട്രീയ പോരും സഭയുടെ നിലപാടും

യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് മുനമ്പം വിഷയം വീണ്ടും സജീവ രാഷ്ട്രീയ ചർച്ചകളിലേക്ക് വഴിമാറുന്നത്. മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്നും തങ്ങൾ അധികാരത്തിൽ വന്നാൽ 'പത്ത് മിനിറ്റുകൊണ്ട്' പ്രശ്നം പരിഹരിക്കുമെന്നും മുൻപ് പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി വി ഡി സതീശൻ പ്രസ്താവിച്ചിരുന്നു. എന്നാൽ പുതിയ രജിസ്‌ട്രേഷൻ നടപടിയോടെ പ്രശ്നം കൂടുതൽ സങ്കീർണ്ണമായതായി കത്തോലിക്കാ സഭയുടെ മുഖപത്രമായ 'ദീപിക' ഉൾപ്പെടെയുള്ള മാധ്യമങ്ങൾ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് രൂപീകരിച്ച വഖഫ് ബോർഡ്, പുതിയ സർക്കാരിനെ പ്രതിസന്ധിയിലാക്കാനും രണ്ട് വിഭാഗങ്ങൾ തമ്മിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും ബോധപൂർവ്വം രാഷ്ട്രീയ പ്രേരിതമായി ചെയ്ത നീക്കമാണിതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, കോഴിക്കോട് ഫറൂഖ് കോളേജ് മാനേജ്‌മെന്റ് മുനമ്പം ഭൂമിയുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് നിയമപരമായ ബാധ്യതകൾ നിറവേറ്റാൻ ബോർഡിന് നേരിട്ട് ഈ വിവരങ്ങൾ രേഖപ്പെടുത്തേണ്ടി വന്നതെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് നടപടികൾ പൂർത്തിയാക്കിയതെന്നും, ഇത് നിലവിൽ കോടതികളുടെ പരിഗണനയിലിരിക്കുന്ന കേസുകളെയോ ഭൂമിയുടെ പദവിയെയോ ബാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

നാളെ നടക്കുന്ന വഖഫ് ബോർഡ് യോഗത്തിനു ശേഷം നോട്ടീസിനെക്കുറിച്ച് പ്രതികരിക്കാമെന്ന് കെ എസ് ഹംസ പറയുന്നു. അതേസമയം ഇക്കാര്യത്തിൽ ബോർഡ് നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇതനുസരിച്ച് മാത്രമെ അനന്തര നടപകളിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നുമാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com