

ന്യൂഡല്‍ഹി: നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദിച്ച സഖാവ് വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അഗാധമായി ദുഃഖിക്കുന്നുവെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദരിദ്രരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട അദ്ദേഹം ധീരമായ തീരുമാനങ്ങളിലൂടെ പ്രത്യേകിച്ച് പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളില്‍, തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നും രാഹുല്‍ പറഞ്ഞു.
പതിറ്റാണ്ടുകളായി പൊതുജീവിതത്തില്‍ സജീവമായിരുന്ന മുന്‍ കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, തന്റെ തത്വങ്ങളോടുള്ള അദ്ദേഹത്തിന്റെ ഉറച്ച പ്രതിബദ്ധത, ജനാധിപത്യം, പൊതുജനക്ഷേമം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയ്ക്കായി പോരാടിയ ഒരു പോരാളി എന്ന നിലയില്‍ അദ്ദേഹത്തിന് ആദരവ് നേടിക്കൊടുത്തുവെന്നും ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.
വിഎസ് അച്യുതാനന്ദന്‍ കേരളത്തിനും രാഷ്ട്രത്തിനും നല്‍കിയ സംഭാവനകള്‍ വരും വര്‍ഷങ്ങളില്‍ ബഹുമാനിക്കപ്പെടുകയും ഓര്‍മ്മിക്കപ്പെടുകയും ചെയ്യുമെന്ന് വയനാട് ലോക്‌സഭാ എംപി പ്രിയങ്ക ഗാന്ധി.'കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവും സ്പര്‍ശിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം'- പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.
എകെജി സെന്ററില്‍ പൊതുദര്‍ശത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചെങ്കൊടി പുതപ്പിച്ചു. മകന്‍ അരുണ്‍ കുമാര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ എകെജി സെന്ററിലേക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപകനേതാക്കളില്‍ ജീവിച്ചിരുന്ന ഒരേ ഒരാളുമായ വിഎസ് അച്യുതാനന്ദന്‍ ഇന്ന് വൈകിട്ട് 3.20നാണ് വിടവാങ്ങിയത്. തിരുവനന്തപുരം എസ്യുടി ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 23 ന് നില ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 2006 മുതല്‍ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016ല്‍ ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി.
എകെജി സെന്ററിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒന്‍പത് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിന് കൊണ്ടുപോകും. ഉച്ചയ്ക്ക് ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും. നാളെ രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
