

കണ്ണൂര്‍: വിവാദമായ യാത്രയയപ്പ് ചടങ്ങിനു പിന്നാലെ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു എന്നു സൂചിപ്പിക്കുന്ന മൊഴി പുറത്ത്. പെട്രോള്‍ പമ്പ് പദ്ധതിക്കായി നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന് (എന്‍ഒസി) അപേക്ഷിച്ച ടി വി പ്രശാന്തന്റെ മൊഴിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച കുറ്റപത്രത്തില്‍ ഈ മൊഴി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എഡിഎം നവീന്‍ ബാബുവുമായി സൗഹൃദം ഉണ്ടായിരുന്നെന്നും യാത്രയയപ്പ് ചടങ്ങ് നടന്ന ദിവസം വൈകുന്നേരും അദ്ദേഹത്തെ കണ്ടിരുന്നു എന്നുമാണ് പ്രശാന്തന്റെ മൊഴിയിലുള്ളത്. ദിവ്യയോട് താന്‍ മുഖാന്തരം സംസാരിക്കാമെന്ന ഉദ്ദേശ്യത്തോടെ വിളിച്ചു വരുത്തിയതാകാം എന്നാണ് മൊഴി.
''ദിവ്യയെ പരിചയമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ബന്ധുവാണെങ്കിലും വ്യക്തിപരമായ അടുപ്പമില്ലെന്ന് മറുപടി നല്‍കി. 'ശരി' എന്ന് പറഞ്ഞ് അദ്ദേഹം ക്വാര്‍ട്ടേഴ്സിലേക്ക് നടന്നു. അടുത്ത ദിവസമാണ് മറ്റ് വിവരങ്ങള്‍ അറിഞ്ഞത്. ദിവ്യയോട് സംസാരിച്ച് എനിക്ക് മധ്യസ്ഥത വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിയിരിക്കാം,'' എന്നാണ് മൊഴിയിലെ പരാമര്‍ശങ്ങള്‍. ''എഡിഎം നവീന്‍ ബാബു എന്റെ ഒരു നല്ല സുഹൃത്തായിരുന്നു. 2024 ജനുവരിയില്‍ ഞാന്‍ എന്‍ഒസിക്ക് അപേക്ഷിച്ചു, മാര്‍ച്ചില്‍ അത് ലഭിച്ചു. കണ്ണൂര്‍ ടൗണില്‍ ബിസിനസുകാരനായ തന്നെ പലപ്പോഴും എഡിഎം കാണുമായിരുന്നു,'' എന്നും പ്രശാന്തന്റെ മൊഴിയില്‍ പറയുന്നു.
അതേസമയം, തെറ്റ് പറ്റിയതായി എഡിഎം നവീന്‍ ബാബു പറഞ്ഞിരുന്നു എന്നാണ് കുറ്റപത്രത്തില്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നല്‍കിയിരിക്കുന്ന മൊഴി. നവീന്‍ ബാബു പറഞ്ഞ കാര്യങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നു. യാത്രയയപ്പ് ചടങ്ങ് നടന്ന ദിവസം തന്നെ ഇക്കാര്യം മന്ത്രിയെ നേരിട്ടറിയിച്ചു. പരാതി കിട്ടിയാല്‍ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കലക്ടറുടെ മൊഴിയില്‍ പറയുന്നു. ഒക്ടോബര്‍ 14 ന് നടന്ന യോഗത്തിന് ശേഷം നവീന്‍ ബാബുവിനെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയില്‍ താന്‍ 'തെറ്റ് ചെയ്തു' എന്ന് അദ്ദേഹം സമ്മതിച്ചതായി കളക്ടറുടെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, നവീന്‍ ബാബുവിനെ തന്റെ റിലീവിങ് നടപടികളില്‍ ശ്രദ്ധി ക്കാന്‍ താന്‍ ഉപദേശിച്ചു. എന്നാല്‍ വിടവാങ്ങല്‍ യോഗത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പക്കലുണ്ടെന്ന് കരുതുന്ന വോയ്‌സ് റെക്കോര്‍ഡില്‍ എഡിഎമ്മിന് ആശങ്കയുണ്ടെന്ന് തോന്നിയിരുന്നു എന്നും കളക്ടറുടെ മൊഴിയില്‍ പറയുന്നു.
ഏകദേശം 480 പേജുള്ള കുറ്റപത്രമാണ് സംഭവത്തില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. 2025 മാര്‍ച്ച് 29 ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 97 സാക്ഷികളുടെ മൊഴികളാണുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
