

തൃശൂര്‍: ജനവികാരവും കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വിഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍, എംപിമാര്‍, മറ്റ് സീനിയര്‍ നേതാക്കന്മാര്‍ തുടങ്ങിയവരുടെയെല്ലാം അഭിപ്രായം കേട്ടശേഷമാണ്, ഹൈക്കമാന്‍ഡ് അന്തിമമായ തീരുമാനത്തിലേക്ക് എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങളൊക്കെ വിഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇത് ഇലക്ഷന് ഫീല്‍ഡിലിറങ്ങിയപ്പോള്‍ അനുഭവപ്പെട്ടിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം തന്റെ നിയോജക മണ്ഡലത്തില്‍ പോയപ്പോള്‍ വിഡി സതീശന്‍ വേണം മുഖ്യമന്ത്രിയാകേണ്ടതെന്ന് വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. എല്ലാക്കാര്യങ്ങളും പരിഗണിച്ചാണ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത്. താന്‍ സതീശനൊപ്പമാണെന്ന് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അതു നിഷേധിക്കാനൊന്നും താന്‍ മിനക്കെട്ടില്ല. അതിന്റെ അര്‍ത്ഥം നിങ്ങള്‍ പറഞ്ഞതാണ് ശരിയെന്നാണ്. മുരളീധരന്‍ വ്യക്തമാക്കി.
രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വരുമോയെന്നത് ഹൈക്കമാന്‍ഡും രമേശും തീരുമാനിക്കേണ്ട കാര്യമാണ്. രമേശ് ചെന്നിത്തല എല്ലാക്കാലത്തും ഹൈക്കമാന്‍ഡ് തീരുമാനങ്ങളെ അംഗീകരിക്കുകയും, അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ്. അതുകൊണ്ട് ഇക്കാര്യത്തിലും ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ അനുസരിച്ച് ചെന്നിത്തല പ്രവര്‍ത്തിക്കും എന്നതില്‍ ഒരു തര്‍ക്കവുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
മുസ്ലിം ലീഗിന് വഴങ്ങിയാണ് വിഡി സതീശനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയത് എന്ന ആക്ഷേപം, സിപിഎമ്മിന്റെ അവസാനത്തെ അടവാണ്. നൂറുശതമാനം പരാജയം അംഗീകരിക്കുന്നതിന് പകരം വീണിടത്ത് കിടന്ന് ഉരുളുകയാണ്. യുഡിഎഫില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ബിജെപി എന്തു വന്നാലും കേരളത്തില്‍ ക്ലച്ച് പിടിക്കാന്‍ പോകുന്നില്ല. അതില്‍ യാതൊരു സംശയവും വേണ്ട. പാണക്കാട് തലയില്‍ മുണ്ടിട്ടു പോയ വിദ്വാന്മാരാണ് ഇപ്പോള്‍ ഞങ്ങളെ കുറ്റം പറയാന്‍ നില്‍ക്കുന്നത്. ഞങ്ങള്‍ പരസ്യമായിട്ടാണ് പോകുന്നത്.
രമേശ് ചെന്നിത്തലയുമായി രാഹുല്‍ഗാന്ധി സംസാരിച്ചതായി മുരളീധരന്‍ പറഞ്ഞു. ഖാര്‍ഗെയും സംസാരിച്ചു. അതിനു മേലെ കോണ്‍ഗ്രസില്‍ ആരുമില്ല. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വളരെ ആവശ്യമാണ്. മന്ത്രിസ്ഥാനം സംബന്ധിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ല. താനും ആരുമായും ഇക്കാര്യം സംസാരിച്ചിട്ടില്ല. മന്ത്രിസ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിന്, കോണ്‍ഗ്രസ് ഒരു ജനാധിപത്യപാര്‍ട്ടിയാണെന്നും അഭിപ്രായങ്ങള്‍ ഉള്ളിടത്ത് അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. എന്നാല്‍ ഹൈക്കമാന്‍ഡ് ഒരു തീരുമാനം പറഞ്ഞാല്‍ അത് അന്തിമമാണെന്നും മുരളീധരന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെ ഇരിക്കുന്നതാണ് യുഡിഎഫിന് കുറേക്കൂടി സൗകര്യം. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ യുഡിഎഫിന് 102 സീറ്റ് കിട്ടി. പിണറായി പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോള്‍, മിക്കവാരും അസംബ്ലി തൂത്തുവാരുന്ന അവസ്ഥയില്‍ യുഡിഎഫ് എത്തും. അതേസമയം തന്നെ ശക്തമായ പ്രതിപക്ഷം വേണമെന്നാണ് ഞങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates