

കൊച്ചി: ചേരാനെല്ലൂരില്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ജയബാലകൃഷ്ണന്‍ മരിച്ച കേസില്‍ കോടതിയില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് പ്രതിയായ 17കാരന് ജാമ്യം അനുവദിക്കാനാവില്ലെന്നും അധികാരപരിധി മറികടന്നും സാഹചര്യങ്ങള്‍ പരിശോധിക്കാതെയുമാണ് ജാമ്യം അനുവദിച്ചതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നിര്‍ദേശിച്ച അഡീ. സെഷന്‍സ് കോടതി കൂടുതല്‍ വാദത്തിനായി കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.
17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയാണ് അഡീ. സെഷന്‍സ് കോടതി പരിഗണിച്ചത്. വാദത്തിനിടെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നടപടികളെ പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തു. ബോര്‍ഡിന് 17കാരന് ജാമ്യം അനുവദിക്കാനാവില്ല. അധികാരപരിധി മറികടന്നും സാഹചര്യങ്ങള്‍ പരിശോധിക്കാതെയുമാണ് ബോര്‍ഡ് ജാമ്യം അനുവദിച്ചത്. അതുകൊണ്ട് അത് റദ്ദാക്കി 17കാരനെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റണമെന്നതായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
17കാരന് അപകടത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. മഴ സമയത്ത് സ്റ്റിയറിങ്ങില്‍ നിന്ന് കൈവിട്ട് വാഹനം ഓടിച്ച് റീല്‍ ചിത്രീകരിച്ചാല്‍ അപകടം ഉണ്ടാവുമെന്ന കൃത്യമായ ബോധ്യം ഉണ്ട്. കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം ഐഡിയും അതിലെ വിവരങ്ങളും നീക്കം ചെയ്തതായും പ്രോസിക്യൂഷന്‍ വാദിച്ചു. വാദത്തിനിടെ ഇങ്ങനെ നീക്കം ചെയ്താല്‍ അത് തെളിവ് നശിപ്പിക്കല്‍ അല്ലേ എന്ന് കോടതി ചോദിച്ചു. തെളിവ് നശിപ്പിക്കാന്‍ അല്ലെന്നും കുട്ടിയുടെ സ്വകാര്യത പലരും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് കൊണ്ടാണ് നീക്കം ചെയ്തതെന്നുമാണ് പ്രതിഭാഗം വാദിച്ചത്.
അങ്ങനെയെങ്കില്‍ എന്തുകൊണ്ട് സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടപടി എടുത്തില്ല എന്ന് കോടതി ചോദിച്ചു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ സൈബര്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്ത് നടപടി എടുപ്പിക്കണമെന്നും കോടതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates