

ആലപ്പുഴ: ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ 'കുംഭഭരണി' ഈ മാസം 23 ന്. ദേവീസന്നിധിയിലേക്കു കുംഭഭരണി നാളില്‍ വൈകീട്ട് ആനയിക്കാന്‍ കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ 13 കരകളിലും ആചാരപരമായി ഇന്നു തുടങ്ങും.
രാവിലെ 9.20നും 9.48നും മധ്യേ കെട്ടുരുപ്പടികള്‍ കെട്ടുകാഴ്ചപ്പുരകളില്‍ നിന്നു പുറത്തെടുക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്നീ 13 കരകളിലാണു കെട്ടുകാഴ്ചകള്‍ ഒരുക്കുന്ന ജോലികള്‍ ആചാരപരമായി ആരംഭിക്കുന്നത്.
കര പ്രതിനിധികള്‍ രാവിലെ ക്ഷേത്രത്തിലെത്തി വഴിപാടുനടത്തും. ക്ഷേത്രത്തില്‍ നിന്നുള്ള തീര്‍ഥവുമായി കരയുടെ ആസ്ഥാനത്തെത്തി കെട്ടുകാഴ്ചപ്പുരകളില്‍ തളിച്ച ശേഷം ഉരുപ്പടികള്‍ പുറത്തെടുക്കും. 23നു വൈകിട്ടു കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തില്‍ അണിനിരത്തി, 24നു പുലര്‍ച്ചെ ഭഗവതിയുടെ എഴുന്നള്ളത്തും ദര്‍ശിക്കാന്‍ ഓണാട്ടുകരക്കാര്‍ കാത്തിരിക്കുകയാണ്.
കുത്തിയോട്ടപ്പാട്ട്
കുത്തിയോട്ടപ്പാട്ടിന്റെ ഈരടികള്‍ മുഴങ്ങുന്ന ഭക്തിസാന്ദ്രമായ രാവുകള്‍ക്ക് ഓണാട്ടുകരയില്‍ ഇന്നു തുടക്കമാകും. കരയ്ക്കകത്തും പുറത്തുമായി നടക്കുന്ന 16 കുത്തിയോട്ട വീടുകളില്‍ നിന്നു വഴിപാടുകാരന്‍ കുത്തിയോട്ട കുട്ടികളുമായി ഇന്നു രാവിലെ ചെട്ടികുളങ്ങര ദേവീ ക്ഷേത്ര ദര്‍ശനം നടത്തും. ക്ഷേത്രത്തില്‍ പൂജിച്ച മാല കുട്ടികളുടെ കഴുത്തില്‍ അണിയിക്കും. തുടര്‍ന്നു കുട്ടികളുടെ മാതാപിതാക്കള്‍ക്കും ആശാന്മാര്‍ക്കും ക്ഷേത്ര സന്നിധിയില്‍ ദക്ഷിണ നല്‍കും. ഇതോടെ കുത്തിയോട്ടത്തിനായി കുട്ടികളെ ഏറ്റെടുക്കുന്ന ചടങ്ങു പൂര്‍ത്തിയാകും.
ഇന്നു സന്ധ്യയോടെ വഴിപാട് നടക്കുന്ന വീട്ടില്‍ പ്രത്യേക കണക്കുകള്‍ പ്രകാരം തയാറാക്കിയ മണ്ഡപത്തില്‍ ദേവീവിഗ്രഹത്തിനു മുന്നില്‍ വിളക്കു തെളിക്കും. ചുവടു തുടങ്ങാനുള്ള അനുമതിക്കായി വഴിപാടുകാര്‍ ദക്ഷിണ സമര്‍പ്പിക്കും. മണ്ഡപത്തില്‍ ദീപാരാധന നടത്തി ദേവീ മാഹാത്മ്യം ചൊല്ലി കുട്ടികളെ ചുവടുകള്‍ അഭ്യസിപ്പിക്കും. കുംഭഭരണി ദിനമായ 23 നു രാവിലെ ഭഗവതിയുടെ സന്നിധിയില്‍ സമര്‍പ്പിക്കുന്നതോടെയാണു കുത്തിയോട്ടം വഴിപാട് പൂര്‍ത്തിയാകുന്നത്.
പിതൃപുത്രീ സംഗമം ഇന്ന്
ചെട്ടികുളങ്ങര ഭഗവതി പിതൃസ്ഥാനത്തുള്ള മഹാദേവനെ ദര്‍ശിക്കാനായി കണ്ണമംഗലം തെക്ക് മഹാദേവര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതു ശിവരാത്രി നാളിലാണ്. പോളവിളക്ക്, താലപ്പൊലി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്കു ഭഗവതിയെ എഴുന്നള്ളിക്കും. തുടര്‍ന്നു പിതൃപുത്രീ സംഗമവും കൂടിയെഴുന്നള്ളത്തും നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates