പത്രിക ഓണ്‍ലൈനായി നല്‍കാം; തപാല്‍ വോട്ട് എത്തിക്കാന്‍ പ്രത്യേക സംഘം,മാറ്റങ്ങള്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് പശ്ചാത്തലത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് രാഷ്ട്രീയ കക്ഷി നേതാക്കളോട് അദ്ദേഹം വിശദീകരിച്ചു.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേര്‍ മാത്രമേ അനുവദിക്കൂവെന്ന്. പ്രചാരണ വാഹനജാഥകള്‍ക്ക് പരമാവധി അഞ്ചു വാഹനങ്ങളാകും അനുവദിക്കുക. അടുത്ത ജാഥ ഒരെണ്ണം പൂര്‍ത്തിയായി അരമണിക്കൂറിന് ശേഷമേ അനുവദിക്കൂ. 

ഇത്തവണ ഓണ്‍ലൈന്‍ ആയി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. ഓണ്‍ലൈനായി നല്‍കുന്നവര്‍ അതു ഡൗണ്‍ലോഡ് ചെയ്ത് പകര്‍പ്പ് വരണാധികാരിക്ക് നല്‍കണം. തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി കെട്ടിവെക്കേണ്ട തുകയും ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമുണ്ടാകും. 

80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍ എന്നിവര്‍ക്ക് തപാല്‍ വോട്ടിന് സൗകര്യമൊരുക്കും. ഇത്തരക്കാര്‍ക്ക് തപാല്‍ വോട്ട് നേരിട്ട് എത്തിക്കാന്‍ ജില്ലാതലത്തില്‍ പ്രത്യേക ടീം രൂപീകരിക്കും.തപാല്‍ വോട്ടിന് ആഗ്രഹിക്കുന്നവര്‍ 12-ഡി ഫോറത്തില്‍ അതത് വരണാധികാരിക്ക് അപേക്ഷ നല്‍കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ വിജ്ഞാപനം വന്ന് അഞ്ചുദിവസം വരെ ഇത്തരത്തില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കാം.

ഇത്തരത്തില്‍ തപാല്‍ വോട്ട് അനുവദിക്കുന്നവരുടെ പ്രത്യേക പട്ടിക ബൂത്തടിസ്ഥാനത്തില്‍ വരണാധികാരി തയാറാക്കും. ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം വീടുകളില്‍ ഇവ നല്‍കും. ടീമില്‍ രണ്ടു പോളിംഗ് ഓഫീസര്‍മാര്‍, ഒരു പൊലീസ് സെക്യൂരിറ്റി, ഒരു വീഡിയോഗ്രാഫര്‍ എന്നിവരുണ്ടാകും. ഇവര്‍ ബാലറ്റ് നല്‍കാന്‍ പോകുന്ന സമയക്രമം സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കും. ഇതുപ്രകാരം സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ക്കും സ്ഥലത്ത് എത്താനാകും.

വോട്ടെടുപ്പും അനുബന്ധ പ്രവര്‍ത്തനങ്ങളും സമാധാനപരമായി നടത്താനുള്ള എല്ലാ പിന്തുണയും രാഷ്ട്രീയ കക്ഷികളോട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ഥിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കള്ളവോട്ട് തടയാന്‍ എല്ലാ സ്ഥലങ്ങളിലും പോളിംഗ് ഏജന്റുമാര്‍ ഉണ്ടെന്ന് രാഷ്ട്രീയ കക്ഷികള്‍ ഉറപ്പാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. വോട്ടിംഗിന് സാമൂഹ്യ അകലം പാലിക്കാന്‍ ആറടി അകലത്തില്‍ ജനങ്ങളെ ക്രമീകരിച്ചുള്ള ക്യൂ ഒരുക്കണം. 

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങളുടെയും കേസുകളുടെയും വിവരങ്ങളും സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കണം. ഇക്കാര്യങ്ങള്‍ മൂന്നുതവണ സ്ഥാനാര്‍ഥികള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും വേണം. ഇത്തവണമുതല്‍ കുറ്റകൃത്യങ്ങളിലോ കേസുകളിലോ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികളെയാണ് മല്‍സരിപ്പിക്കുന്നതെങ്കില്‍ എന്തുകൊണ്ടു മറ്റ് സ്ഥാനാര്‍ഥിയെ കണ്ടുപിടിക്കാനായില്ല എന്ന വിശദീകരണം കൂടി രാഷ്ട്രീയകക്ഷികള്‍ നല്‍കേണ്ടിവരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പത്രിക സമര്‍പ്പിക്കുന്നതിന് ഒപ്പം തന്നെ ഇതും സമര്‍പ്പിക്കേണ്ടിവരും.

കോവിഡ് സാഹചര്യത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരാണുണ്ടാവുക. ആയിരത്തിലധികം വോട്ടര്‍മാര്‍ വരുന്ന ബൂത്തുകളില്‍ ഓക്സിലറി പോളിംഗ് സ്റ്റേഷനുകള്‍ പ്രത്യേകമായി ഏര്‍പ്പെടുത്തും. ഇത്തരത്തില്‍ 15,730 അധിക ബൂത്തുകള്‍ വേണ്ടിവരം. ജില്ലാ തലത്തില്‍ ഓക്സിലറി ബൂത്തുകള്‍ വേണ്ടി വരുന്ന സ്ഥലങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ചെയ്ത് നിലവിലുള്ള ബൂത്തുകളുടെ അടുത്തുതന്നെ ഓക്സിലറി ബൂത്തുകളും ഉറപ്പാക്കും.

തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കുന്നത് സംബന്ധിച്ച അഭിപ്രായവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തേടി. അദ്ദേഹത്തിന്റെ നിര്‍ദേശത്തോടെ പൊതുവില്‍ അനുകൂലമായാണ് രാഷ്ട്രീയകക്ഷികള്‍ പ്രതികരിച്ചത്. ഇതുസംബന്ധിച്ച് ഒരാഴ്ചയ്ക്കകം രേഖാമൂലം അഭിപ്രായം അറിയിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളോട് അദ്ദേഹം നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ രാഷ്ട്രീയകക്ഷികള്‍ക്ക് നല്‍കി. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വോട്ടര്‍പട്ടിക സംബന്ധിച്ചും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു പരാതികളും ഉണ്ടെങ്കില്‍ രേഖാമൂലം നല്‍കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംഘം കേരളത്തിലെത്തുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com