

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന് മുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവര്‍ത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു. മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്റെ വാദമുഖങ്ങള്‍ ശക്തമായി നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടന് മുഹമ്മദ് എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മലബാറിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഏഴ് പതിറ്റാണ്ടോളം നെടുനായകത്വം വഹിച്ച നേതാവായിരുന്നു ആര്യാടന് മുഹമ്മദ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കാനും വാക്കിലും പ്രവൃത്തിയിലും തികഞ്ഞ മതേതരവാദിയാകാനും അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയേക്കുമെന്ന് തോന്നിക്കുമായിരുന്ന സന്ദര്‍ഭങ്ങള്‍ കൃത്യതയോടെ പരിഹരിച്ച് മുന്നണിയെയും പാര്‍ട്ടിയേയും ഒരു കാലത്ത് ഒറ്റക്കെട്ടായി മുന്നോട്ട് നയിച്ചത് ആര്യാടന് മുഹമ്മദായിരുന്നു.
മതേതരത്വത്തിന് വേണ്ടി ഒരു വിട്ടുവീഴ്ചകള്‍ക്കും തയാറാകാത്ത അദ്ദേഹത്തിന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. മികച്ച സാമാജികനായും ഭരണകര്‍ത്താവായും അദ്ദേഹത്തിന് തിളങ്ങാനായി. ആര്യാടന് മുഹമ്മദിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഐക്യജനാധിപത്യ മുന്നണിക്കും നികത്താനാകാത്ത നഷ്ടമാണ്. സഹപ്രവര്‍ത്തകരുടെയും കടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.- പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഏഴുപതിറ്റാണ്ട് കോണ്‍ഗ്രസിന് ഊടും പാവും നെയ്ത ദീപ്തമായ പൊതുജീവിതത്തിനാണ് വിരാമമായതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു. കോണ്‍ഗ്രസ് വികാരം നെഞ്ചോട് ചേര്‍ത്ത് പ്രവര്‍ത്തിച്ച തികഞ്ഞ മതേതരവാദിയായ നേതാവ്. അഗാധമായ അറിവും രാഷ്ട്രീയ നിലപാട് തന്റേടത്തോടെ ആരുടെ മുന്‍പിലും പറയാനുള്ള ധൈര്യവുമാണ് മറ്റുള്ള നേതാക്കളില്‍ നിന്നും ആര്യാടനെ വ്യത്യസ്തനാക്കിയത്. കോണ്‍ഗ്രസിന്റെ പാരമ്പര്യവും മഹത്വവും ആശയങ്ങളും ആരുടെ മുന്നിലും അടിയറവ് വയ്ക്കേണ്ടതല്ലെന്ന് ഉറക്കെ വിളിച്ച പറഞ്ഞ നേതാവ്. യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് എന്നും ആവേശം പകര്‍ന്ന് സാധാരണക്കാരുടെ നേതാവായി വളര്‍ന്ന വ്യക്തിയാണ് ആര്യാടന്. ജനം അതിന് നല്കിയ അംഗീകാരമായിരുന്നു നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും അദ്ദേഹത്തെ എട്ടുതവണ നിമയസഭയിലേക്ക് അയച്ചത്. കഷ്ടപ്പെടുന്ന ജനവിഭാഗത്തിന് വേണ്ടി എന്നും നിലകൊണ്ട നേതാവ് കൂടിയായിരുന്നു അദ്ദേഹം.
മികച്ച ഭരണകര്‍ത്താവും സമാജികനുമായിരുന്നു ആര്യാടന്. പുതുതലമുറയ്ക്ക് മാത്യകയാക്കാവുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്. തൊഴില്‍വകുപ്പ് മന്ത്രിയായിരിക്കെ അദ്ദേഹമാണ് തൊഴില്‍ രഹിത വേതനവും കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പാക്കിയത്. ഏത് പ്രതിസന്ധിഘട്ടത്തിലും തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും പ്രശ്നപരിഹാരം കണ്ടെത്തുന്നതിലും ആര്യാടന് കാട്ടിയിട്ടുള്ള കഴിവും ദീര്‍ഘവീക്ഷണവും കാലം എന്നും ഓര്‍മ്മിക്കും.
മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസിനെ പടുത്തുയര്‍ത്തുന്നതില്‍ ആര്യാടന്റെ പങ്ക് വളരെ വലുതാണ്. ആശുപത്രിയില്‍ പ്രവേശിച്ച ശേഷം താന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുകയും ആരോഗ്യസ്ഥിതി ചോദ്യച്ചറിയുകയും ചെയ്തിരുന്നു. എന്നും പോരാട്ടം ജീവിതം നയിച്ചിട്ടുള്ള ആര്യാടന് ആരോഗ്യ പ്രതിസന്ധിയെ അതിജീവിച്ച് മടങ്ങിവരുമെന്നാണ് മറ്റെല്ലാവരെപ്പോലെ താനും വിശ്വസിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള ദേഹവിയോഗം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആര്യാടന് ഒഴിച്ചിട്ട ഇടം ആര്‍ക്കും നികത്താന്‍ സാധിക്കാത്തതാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.- സുധാകരന് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ ജയിൽവാസത്തിനു പിന്നാലെ നിയമസഭയിലേക്ക്; വിടവാങ്ങിയത് നിലമ്പൂരുകാരുടെ കുഞ്ഞാക്ക
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates