'പുനരധിവാസം പൂര്‍ത്തിയാക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകാം'; മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ ഓര്‍മ ദിനത്തില്‍ മുഖ്യമന്ത്രി

സര്‍ക്കാര്‍ സമഗ്ര പുനരധിവാസം എന്ന് പൂര്‍ത്തിയാകും എന്നതിനെക്കുറിച്ച് കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല
Pinarayi vijayan
Pinarayi vijayanfacebook
Updated on
3 min read

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന വിശദീകരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലാണ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളുടെ കണക്കുകള്‍ എണ്ണിപ്പറഞ്ഞ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സമഗ്ര പുനരധിവാസം എന്ന് പൂര്‍ത്തിയാകും എന്നതിനെക്കുറിച്ച് കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

Pinarayi vijayan
'അമ്മയുടെ ഉദരത്തില്‍ നിന്ന് എങ്ങനെ പുറത്തുവന്നോ ആ ഗതി നിങ്ങള്‍ക്ക് ഉണ്ടാകും'; കന്യാസ്ത്രീകളെ ബജ്‌റംഗദള്‍ ഭീഷണിപ്പെടുത്തി; ഇടതുസംഘത്തിന്റെ വെളിപ്പെടുത്തല്‍

ഉരുള്‍പൊട്ടല്‍ പുനരധിവാസം സംബന്ധിച്ച് 2025 ജൂണ്‍ 25 വരെ ആകെ 770,76,79,158 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ നിന്നും ആകെ 91,73,80,547 രൂപ പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചു. ഇതില്‍ ദുരന്തബാധിതര്‍ക്ക് ധനസഹായം അനുവദിച്ചതിന് 7,65,00,000 രൂപയും വീട്ടുവാടകയിനത്തില്‍ നേരത്തെ അനുവദിച്ച തുകയ്ക്ക് പുറമെ 50,00,000 രൂപയും ചെലവാക്കിയിട്ടുണ്ട്.

കൂടാതെ, എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കലിനായി 43,56,10,769 രൂപയും ടൗണ്‍ഷിപ്പ് പ്രോജക്ടിന് 20,00,00,000 രൂപയും ടൗണ്‍ഷിപ്പ് പ്രീ പ്രൊജക്ട് ചെലവുകള്‍ 40,03,778 രൂപയും ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കിയ വകയില്‍ 13,91,00,000 രൂപയും ജീവനോപാധി ധനസഹായത്തിനായി 3,61,66,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചെലവാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.

Pinarayi vijayan
ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനു ഒരു വര്‍ഷം തികയുകയാണ്. മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തിന്റെ ഓര്‍മ്മകള്‍ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളില്‍ ഒന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരല്‍മല.

ദുരന്തമുണ്ടായ ഉടനെ രക്ഷാപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കാനും ഏകോപിപ്പിക്കാനും നമുക്കു സാധിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ജനങ്ങളും കൈകോര്‍ത്തു നടത്തിയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ ഐക്യത്തിനും ഇച്ഛാശക്തിക്കും അടിവരയിടുന്നവയായിരുന്നു.

ഉറ്റവരും ജീവിതവും നഷ്ടപ്പെട്ട ദുരന്തഭൂമിയിലെ എല്ലാ മനുഷ്യരേയും ചേര്‍ത്തുപിടിച്ച സര്‍ക്കാര്‍ ഒട്ടും സമയം നഷ്ടപ്പെടാതെ അവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പ്രത്യേകം സജ്ജീകരിച്ച ക്യാമ്പുകളില്‍ മാനസിക പിന്തുണ ഉറപ്പു വരുത്താനുള്‍പ്പെടെയുള്ള എല്ലാ അവശ്യ സൗകര്യങ്ങളും ഒരുക്കി. ക്യാമ്പുകളില്‍ കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താന്‍ പ്രത്യേക നടപടികള്‍ കൈക്കൊണ്ടു. അദ്ധ്യാപകരുടെ സഹായത്തോടെ ക്യാമ്പുകളില്‍ തന്നെ അവര്‍ക്ക് തുടര്‍ പഠനത്തിനുള്ള വഴിയൊരുക്കി.

പഴുതുകള്‍ അടച്ച ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ക്യാബിനറ്റ് സബ് കമ്മിറ്റി രണ്ടു മാസത്തോളം വയനാട് നിലയുറപ്പിച്ചു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഓരോ കാര്യത്തിലും സര്‍ക്കാരിന്റെ നിതാന്ത ശ്രദ്ധ ഉറപ്പാക്കി. ദുരന്തമുണ്ടായി ഒരു മാസത്തിനകം താല്ക്കാലിക പുനരധിവാസം പൂര്‍ത്തീകരിക്കും എന്ന പ്രഖ്യാപനം അക്ഷരംപ്രതി പാലിച്ച സര്‍ക്കാര്‍ ഓഗസ്റ്റ് 24നകം ദുരുതാശ്വാസ ക്യാമ്പിലെ മുഴുവന്‍ ആളുകളെയും മറ്റു പുനരധിവാസ സ്ഥലങ്ങളിലേക്ക് മാറ്റി.

വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് മാത്രമല്ല, അവരവരുടെ താല്പര്യപ്രകാരം ബന്ധുവീടുകളിലേക്ക് മാറിയവര്‍ക്കും വാടകവീട് എന്ന് കണക്കുകൂട്ടി മാസം 6000 രൂപ വീതം ഈ ജൂലൈ മാസം വരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കി വരികയാണ്. പുനരധിവാസം സ്ഥിരമാകുന്നതു വരെ ഈ സഹായം തുടരും.

വീട്ടുവാടകയിനത്തില്‍ 2025 മെയ് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ആകെ 3,98,10,200 രൂപ ചെലവഴിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ വീതം അനുവദിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് എസ് ഡി ആര്‍ എഫില്‍ നിന്നും അനുവദിച്ച തുകയ്ക്ക് പുറമെ 50,000 വീതവും 40 മുതല്‍ 60 ശതമാനം വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപ വീതവും 60 മുതല്‍ 80 ശതമാനത്തിലധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ വീതവും അനുവദിച്ചു.

ദുരന്തബാധിതരുടെ തുടര്‍ ചികിത്സയുടെ ചെലവും സര്‍ക്കാര്‍ വഹിക്കുന്നുണ്ട്. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ കൗണ്‍സിലിംഗ് സംവിധാനവും ഒരുക്കി. വാര്‍ഷികത്തോട് അനുബന്ധിച്ച് എല്ലാ ദുരന്തബാധിതരെയും കണ്ട് കൗണ്‍സിലിംഗ് സേവനങ്ങള്‍ ആവശ്യമെങ്കില്‍ നല്‍കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം 300 രൂപ വീതം സഹായധനം അനുവദിച്ചു. പ്രതിമാസം 9000 രൂപ 6 മാസത്തേക്കാണ് അനുവദിച്ചത്. ഇത് പിന്നീട് ഒന്‍പത് മാസത്തേക്കായി ദീര്‍ഘിപ്പിച്ചു. ഇതിനായി ആകെ 9,07,20,000 രൂപ ചെലവഴിച്ചിട്ടുണ്ട്. ആനുകുല്യം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികള്‍ക്ക് ഉറപ്പാക്കി.

നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡ് മുതല്‍ പാസ്‌പോര്‍ട്ട് വരെയുള്ള മുഴുവന്‍ രേഖകളും തിരികെ ലഭിക്കാനുള്ള സഹായങ്ങള്‍ ആദ്യദിനങ്ങളില്‍ തന്നെ നല്‍കാന്‍ ആരംഭിച്ചു. ആയിരം രൂപയുടെ ഭക്ഷ്യകിറ്റ് ഓരോ മാസവും വിതരണം ചെയ്യുന്നുണ്ട്. ദുരന്തത്തില്‍ പെട്ടുപോയ വെള്ളാര്‍മല സ്‌കൂളിലേയും മുണ്ടക്കൈ സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ ആവശ്യമായ നടപടികള്‍ വളരെ വേഗം തന്നെ സ്വീകരിക്കാന്‍ സാധിച്ചു. ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബായ്)യുടെ സിഎസ്ആര്‍ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് തന്നെ നേതൃത്വം നല്‍കി രണ്ട് കോടി ഉപയോഗിച്ച് മേപ്പാടി സ്‌കൂളില്‍ സൗകര്യങ്ങള്‍ സജ്ജമായി. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഫണ്ടില്‍ നാല് ക്ലാസ് മുറികളുള്ള പുതിയൊരു കെട്ടിടം കൂടി ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട 24 കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി വനിതാ ശിശു വികസന വകുപ്പ് യൂണിസെഫിന്റെ സഹായത്തോടെ മാതാപിതാക്കള്‍ രണ്ടുപേര്‍ നഷ്ടപ്പെട്ട ഏഴ് കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതവും മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട 17 കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും വിതരണം ചെയ്തു. പിഎം വാത്സല്യ പദ്ധതി പ്രകാരം 18 വയസു മുതല്‍ 21 വയസുവരെ പ്രതിമാസം 4000 രൂപ വീതം നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. വിവിധ സിഎസ്ആര്‍ ഫണ്ടുകളിലൂടെ മൂന്ന് ലക്ഷം രൂപ 24 കുട്ടികള്‍ക്കും വിതരണം ചെയ്യാനുള്ള നടപടികളും സ്വീകരിച്ചു.

ഇപ്പോള്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം നടക്കുകയാണ്. പല വെല്ലുവിളികളും നേരിട്ടാണ് അതിനാവശ്യമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. അവിടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് മാതൃകാ ടൗണ്‍ഷിപ്പ് സജ്ജമാവുന്നത്. ടൗണ്‍ഷിപ്പ് പദ്ധതിയില്‍ 410 റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, ജലവിതരണം, മലിനജല സംവിധാനങ്ങള്‍, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, ലാന്‍ഡ്‌സ്‌കേപ്പിംഗ്, സൈറ്റ് വികസനം എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2025 മെയ് 29 ന് പ്രീപ്രോജക്റ്റ് ചെലവായി കണക്കാക്കിയിട്ടുള്ള 40,03,778 രൂപ കരാര്‍ കമ്പനിയായ ഉരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക് സൊസൈറ്റിക്ക് അനുവദിക്കാന്‍ ഉത്തരവായി.

2025 ജൂണ്‍ 19, 20 തിയതികളിലായ ടൗണ്‍ഷിപ്പില്‍ വീട് വേണ്ടെന്ന് ആവശ്യപ്പെട്ട 104 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു. ആകെ 16,05,00,000 രൂപയാണ് വിതരണം ചെയ്തത്. പുനരധിവാസ പട്ടികയില്‍ ആകെയുള്ള 402 ഗുണഭോക്താക്കളില്‍ നിന്ന് 107 പേരാണ് വീടിന് പകരം 15 ലക്ഷം രൂപ മതി എന്നറിയിച്ചിരുന്നത്.

ഉരുള്‍പൊട്ടല്‍ പുനരധിവാസം സംബന്ധിച്ച് 2025 ജൂണ്‍ 25 വരെ ആകെ 770,76,79,158 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ നിന്നും ആകെ 91,73,80,547 രൂപ പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചു. ഇതില്‍ ദുരന്തബാധിതര്‍ക്ക് ധനസഹായം അനുവദിച്ചതിന് 7,65,00,000 രൂപയും വീട്ടുവാടകയിനത്തില്‍ നേരത്തെ അനുവദിച്ച തുകയ്ക്ക് പുറമെ 50,00,000 രൂപയും ചെലവാക്കിയിട്ടുണ്ട്.

കൂടാതെ, എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കലിനായി 43,56,10,769 രൂപയും ടൗണ്‍ഷിപ്പ് പ്രോജക്ടിന് 20,00,00,000 രൂപയും ടൗണ്‍ഷിപ്പ് പ്രീ പ്രൊജക്ട് ചെലവുകള്‍ 40,03,778 രൂപയും ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കിയ വകയില്‍ 13,91,00,000 രൂപയും ജീവനോപാധി ധനസഹായത്തിനായി 3,61,66,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചെലവാക്കിയിട്ടുണ്ട്.

ഉപജീവനസഹായം, വാടക, ചികില്‍സാസഹായം, വിദ്യാഭ്യാസം, സമഗ്രമായ പുനരധിവാസം എന്നിങ്ങനെ എല്ലാ മേഖലകളിലും അതിജീവിതര്‍ക്ക് കരുത്തേകി സര്‍ക്കാര്‍ ഒപ്പമുണ്ട്. സമാനതകളില്ലാത്ത ദുരന്തത്തില്‍ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതര്‍ക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്‌നിച്ചവര്‍ക്കും അഭിവാദ്യങ്ങള്‍ നേരുന്നു. പുനരധിവാസം മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളുമായി ഒറ്റക്കെട്ടായി നമുക്കു മുന്നോട്ടു പോകാം.

Summary

Chief Minister Pinarayi Vijayan issues an explanatory note on what the government has done on the one-year anniversary of the Mundakai-Churalmala disaster

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com