'മതേതര കേരളം എന്നും കടപ്പെട്ടിരിക്കും; വിട്ടുവീഴ്ച കാട്ടാതെ മതനിരപേക്ഷതയെ തുഞ്ചന്‍ പറമ്പിന്റെ ജീവനാക്കി നിലനിര്‍ത്തി'

എന്നും പുരോഗമനപക്ഷം ചേര്‍ന്നു സഞ്ചരിച്ച എഴുത്തുകാരനാണ് എംടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
 MT Vasudevan Nair
എംടി വാസുദേവന്‍ നായര്‍
Updated on
2 min read

തിരുവനന്തപുരം: സാഹിത്യകൃതികള്‍ കൊണ്ടുമാത്രമല്ല, മനുഷ്യസ്നേഹപരമായ നിലപാടുകള്‍ കൊണ്ടുകൂടിയാണ് എംടി മലയാള മനസ്സില്‍ പതിഞ്ഞുനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച എംടി വാസുദേവന്‍ നായര്‍ അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയായിരിക്കെത്തന്നെ എം ടിയെ പലവട്ടം കണ്ടിട്ടുണ്ട്. വ്യക്തിപരമായ ഏതെങ്കിലും കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന് ഒന്നും പറയാനുണ്ടായിരുന്നില്ല. പറയാനുണ്ടായിരുന്നതൊക്കെ മലയാള ഭാഷയെക്കുറിച്ചും തുഞ്ചന്‍ പറമ്പിനെക്കുറിച്ചും കോഴിക്കോട് വരേണ്ട ചില കാര്യങ്ങളെക്കുറിച്ചും ഒക്കെയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുഞ്ചന്‍ പറമ്പിനെ വര്‍ഗീയ ദുസ്വാധീനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ എത്ര വലിയ സമ്മര്‍ദമാണ് ഒരു ഘട്ടത്തില്‍ എം ടിക്കുമേല്‍ ഉണ്ടായത്! ആ ജീവനു ഭീഷണി പോലുമുണ്ടായി. എന്നാല്‍, എം ടി തരിമ്പും വിട്ടുവീഴ്ച കാട്ടാതെ മതനിരപേക്ഷതയെ തുഞ്ചന്‍ പറമ്പിന്റെ ജീവനാക്കി നിലനിര്‍ത്തി. മതേതര കേരളം എന്നും അതിന് എം ടിയോടു നന്ദിയുള്ളതായിരിക്കും.

സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിക്കുന്നതില്‍ എന്നും ജാഗ്രത പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു എംടി. പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കൃതി തന്നെ മതിയാകും അദ്ദേഹത്തിലെ ഈ പുരോഗമനോന്മുഖ സ്വഭാവം തിരിച്ചറിയാന്‍. പിന്നീടത് ചലച്ചിത്രമായി മാറിയപ്പോള്‍ തനിക്ക് പറയാനുള്ള ഉല്‍പതിഷ്ണുത്വം നിറഞ്ഞ കാഴ്ചപ്പാടുകള്‍ സധൈര്യം അദ്ദേഹം അതിലൂടെ മുന്നോട്ടുവെച്ചു. 'ഇന്നാണെങ്കില്‍ നിര്‍മാല്യം പോലെ ഒരു ചിത്രം എടുക്കാന്‍ എനിക്ക് കഴിഞ്ഞേക്കില്ല' എന്നൊരിക്കല്‍ അദ്ദേഹം നടത്തിയ പ്രസ്താവന മാറിവരുന്ന ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കുനേരേ പിടിച്ച കണ്ണാടി കൂടിയായിരുന്നു.

സമൂഹത്തിന്റെ ഉത്കര്‍ഷത്തിന് മതവേര്‍തിരിവില്ലാത്ത മനുഷ്യസ്നേഹവും ഐക്യവും പുരോഗമനചിന്തയും അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ആ ആശയം തന്റെ എഴുത്തുകളില്‍ സര്‍ഗാത്മകമായി ചേര്‍ത്തു. ഒപ്പം, ഓരോ കാലഘട്ടത്തിലും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലുണ്ടാവുന്ന മൂല്യചുതിക്കെതിരെ രംഗത്തുവരുകയും ചെയ്തു. ചെറുക്കേണ്ടതിനെ ചെറുക്കാനും സ്വീകരിക്കേണ്ടതിനെ സ്വീകരിക്കാനും കഴിയുന്ന വിധത്തില്‍ സമൂഹത്തെ പാകപ്പെടുത്തുന്നതിന് അദ്ദേഹം എഴുത്തിലൂടെയും സാമൂഹിക ഇടപെടലിലൂടെയും നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്.

മലയാളം ലോകസാഹിത്യത്തിനു നല്‍കിയ അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളാണ് എം ടി. ഏതെങ്കിലും ഒരു കള്ളിയില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല എം ടിയുടെ പ്രതിഭ. പ്രഗത്ഭനായ ചലച്ചിത്രകാരന്‍, മികച്ച പത്രാധിപര്‍ എന്നീ നിലകളിലും അദ്ദേഹം കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തില്‍ തനതായ മുദ്ര പതിപ്പിച്ചു.

ഓരോ ഭാഷയിലും നിരവധി സാഹിത്യകാരന്മാരുണ്ടാകാറുണ്ട്. എന്നാല്‍, സാഹിത്യപ്രേമികളുടെ ബുക്ക് ഷെല്‍ഫുകളില്‍ നിര്‍ബ്ബന്ധമായും ഇടം പിടിച്ചിരിക്കേണ്ട, നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട അപൂര്‍വ്വം പ്രതിഭകളേ ഉണ്ടാകാറുള്ളൂ. ഇംഗ്ലീഷ് സാഹിത്യം ഇഷ്ടപ്പെടുന്നവര്‍ ഷേക്സ്പിയറിനെയും ഫ്രഞ്ച് സാഹിത്യം ഇഷ്ടപ്പെടുന്നവര്‍ വിക്ടര്‍ യൂഗോയെയും വായിക്കുകയും സൂക്ഷിച്ചുവയ്ക്കുകയും ചെയ്യും. മലയാളത്തിന്റെ കാര്യമെടുത്താല്‍ ആ സ്ഥാനം എംടിക്കു കൂടി അവകാശപ്പെട്ടതാണ്. മഞ്ഞും അസുരവിത്തും കാലവും രണ്ടാമൂഴവും ഒക്കെ അലങ്കരിക്കാത്ത ബുക്ക് ഷെല്‍ഫുകള്‍ കേരളത്തില്‍ ഇല്ലെന്നുതന്നെ പറയാം. ചങ്ങമ്പുഴയ്ക്കു ശേഷം മലയാളി ഇത്രയേറെ വായിച്ച മറ്റൊരു സാഹിത്യകാരനുണ്ടാകില്ല.

എന്നും പുരോഗമനപക്ഷം ചേര്‍ന്നു സഞ്ചരിച്ച എഴുത്തുകാരനാണ് എംടി. അത് സിനിമയിലുമതേ, സാഹിത്യത്തിലുമതേ. നാലുകെട്ട് എന്ന കൃതി അവസാനിക്കുന്നത് പുതിയ കാറ്റും വെളിച്ചവും കയറുന്ന വീടു പണിയണമെന്ന പരാമര്‍ശത്തോടു കൂടിയാണ്. ഫ്യൂഡലിസം തകര്‍ന്നു, പുതിയൊരു സമൂഹമായി പരിണമിക്കാന്‍ മലയാളി ഒരുങ്ങുന്നു എന്നുകൂടി അതിനര്‍ത്ഥമുണ്ട്. പുരോഗമന ചിന്തകളുടെ കടന്നുവരവിനെ ഇത്രയേറെ പ്രതീകാത്മകമായി അവതരിപ്പിച്ച രചനകള്‍ അധികമുണ്ടാവില്ല. ഇടതുപക്ഷത്തെ ഒരിക്കലും ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോറലേല്‍പ്പിക്കാതിരുന്ന സാഹിത്യനായകന്‍ കൂടിയാണ് എംടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com