തിരുവനന്തപുരം: മലയാള സിനിമയുടെ മുഖവും മുഖശ്രീയുമായിരുന്ന അതുല്യനായ ചലച്ചിത്രാവിഷ്‌കാരകനെയാണ് ഷാജി എന്‍ കരുണിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ-അന്തര്‍ ദേശീയ തലങ്ങളില്‍ മലയാള സിനിമയെ നിതാന്തമായി അടയാളപ്പെടുത്തുകയും അതുവഴി മലയാളിയുടെ യശസ്സുയര്‍ത്തുകയും ചെയ്ത ചലച്ചിത്രകാരനാണ് ഷാജി എന്‍ കരുണ്‍.
ചലച്ചിത്ര കലയെ ചിത്രകലയുമായി സന്നിവേശിപ്പിക്കുന്ന വിധത്തില്‍ മനോഹരമായ ഫ്രെയിമുകളുടെ സംവിധായകന്‍ എന്ന നിലയില്‍ കൂടിയാണ് നമ്മള്‍ അദ്ദേഹത്തെ അറിയുന്നത്. ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഛായാഗ്രാഹകനായും സംവിധായകനായും ലോകശ്രദ്ധ നേടിയ കലാകാരനാണ് ഷാജി എന്‍ കരുണ്‍. ഇത്തരത്തില്‍ സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അപൂര്‍വ്വ പ്രതിഭകളേ ഉണ്ടാവൂ. അങ്ങനെയൊരു കലാകാരന്‍ മലയാള ചലച്ചിത്രരംഗത്ത് ഉണ്ടായിരുന്നു എന്നത് എല്ലാ മലയാളികള്‍ക്കും അഭിമാനബോധമുണ്ടാക്കുന്ന കാര്യമാണ്.
മലയാളത്തിലെ നവതരംഗ സിനിമയുടെ പ്രയോക്താവും പതാകാവാഹകനുമായിരുന്നു ഷാജി എന്‍ കരുണ്‍. അടിയന്തരാവസ്ഥകാലത്ത് പോലീസ് കസ്റ്റഡിയില്‍ കാണാതായ മകനെ തേടി അലയുന്ന വയോധികന്റെ ഹൃദയഭേഭകമായ കഥയാണ് അദ്ദേഹം സംവിധാനം ചെയ്ത പിറവി എന്ന ചലച്ചിത്രഭാഷ്യം. അതിന് പിന്നാലെ വന്ന സ്വം, വാനപ്രസ്ഥം എന്നീ ചലചിത്രങ്ങളും അന്തര്‍ദേശീയ പ്രശസ്തിയും അംഗീകാരങ്ങളും നേടി. കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോക സിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു. സിനിമയെ സര്‍ഗപരവും സൗന്ദ്യരാത്മകവും കലാപരവും ആയി ഉപയോഗിക്കുന്ന മാധ്യമമായി നിലനിര്‍ത്തുമ്പോള്‍ തന്നെ രാഷ്ട്രീയ വ്യതിരിക്തത കൊണ്ട് അടയാളപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
നിരവധി അന്തര്‍ദേശീയ-ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുള്ള ഷാജി എന്‍ കരുണിന്റെ ചലച്ചിത്ര ജീവിതത്തില്‍ ഏറ്റവും ഒടുവിലായി ജെ. സി ഡാനിയല്‍ അവാര്‍ഡ് സര്‍ക്കാരിന് വേണ്ടി സമര്‍പ്പിക്കാന്‍ കഴിഞ്ഞതും ഇപ്പോള്‍ ഓര്‍ക്കുകയാണ്. ചലച്ചിത്ര സംവിധാന രംഗത്ത് മാത്രമല്ല, മലയാള സിനിമയെ പരിപോഷിപ്പിക്കുന്നതിനുളള ഇടപെടലുകളിലും ഷാജി എന്‍ കരുണ്‍ സജീവ സാന്നിധ്യമായിരുന്നു. സംസ്ഥാന ചലചിത്ര വികസന കോര്‍പ്പറേഷന്റെ രൂപീകരണത്തില്‍ അദ്ദേഹം മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയായ ഐ എഫ് എഫ് കെ ഇന്ന് കാണുന്ന തരത്തിലേക്ക് വളര്‍ത്തി എടുക്കുന്നതില്‍ ഷാജി എന്‍ കരുണിന്റെ സംഭാവന നിസ്തുലമാണ്.
പുരോഗമന രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായിരുന്നു അദ്ദേഹം. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. പുരോഗമന രാഷ്ട്രീയത്തിനെതിരെ എപ്പോഴൊക്കെ വെല്ലുവിളികള്‍ ഉയരുന്നുവോ അതിനെ പ്രതിരോധിക്കാന്‍ ആദ്യം ഉയരുന്ന ശബ്ദങ്ങളിലൊന്ന് ഷാജി എന്‍ കരുണിന്റെതായിരുന്നു. സിനിമയുടെ കലാപരമായ ഉന്നതിക്കും സിനിമാ മേഖലയുടെപുരോഗതിക്കും വേണ്ടി അവിശ്രമം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വേര്‍പാട് സിനിമാ മേഖലക്ക് മാത്രമല്ല കേരളത്തിനാകെത്തന്നെ വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കടുത്ത ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു മുഖ്യമന്ത്രി പ്രസ്താവനയില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
