

തിരുവനന്തപുരം: വയനാട് പുനരധിവാസത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മറുപടി അയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോള്‍ കര്‍ണാടകയെ അറിയിക്കാം. സുതാര്യമായ സ്‌പോണസര്‍ഷിപ്പ് ഫ്രെയിം തയ്യാറാക്കി വരികയാണ്. കര്‍ണാടക സര്‍ക്കാരിന്റെതടക്കം എല്ലാ ഓഫറുകളും ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില്‍ പറഞ്ഞു.
വയനാട് പുനരധിവാസത്തിനുള്ള സമഗ്രപാക്കേജ് തയ്യാറാക്കുന്ന പദ്ധതി അന്തിമഘട്ടത്തിലാണ്. കര്‍ണാടക സര്‍ക്കാരിന്റെ ഉദാരമായ സംഭാവനകള്‍ ഉള്‍പ്പടെ ഉള്‍പ്പെടുന്നതായിരിക്കും പാക്കേജ്. ആ പാക്കേജിന്റെ പ്ലാന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കര്‍ണാടക സര്‍ക്കാരിനെ അറിയിക്കും. പ്ലാനിന്റെ ഓരോഘട്ടവും ഈ സ്‌പോണസര്‍മാര്‍ക്ക് ട്രാക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലായിരിക്കും പാക്കജേ് തയ്യാറാക്കുകയെന്നും കത്തില്‍ പറയുന്നു.
വൈത്തിരി താലൂക്കില്‍ രണ്ട് സ്ഥലങ്ങളിലായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. വയനാട് മുണ്ടൈക്കൈ മേഖലയില്‍ ഉരുള്‍പൊട്ടലില്‍ ദുരിതബാധിര്‍ക്ക് നൂറ് വീടുകള്‍ വച്ച് നല്‍കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. ഡിസംബര്‍ ഒന്‍പതിനാണ് വീട് നിര്‍മിച്ച് നല്‍കാമെന്ന് അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പിന്നാലെ കത്തിന് മറുപടി നല്‍കിയില്ലെന്ന് അറിയിച്ച് സിദ്ധരാമയയ്യ പിണറായി വിജയന് പത്താം തീയതി കത്തയക്കുകയായിരുന്നു. പിണറായിക്ക് അയച്ച കത്ത് അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇത് ചര്‍ച്ചയായതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി
സിദ്ധരാമയ്യ സഹായം പ്രഖ്യാപിച്ച ഉടന്‍തന്നെ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ വയനാട് പുനരധിവാസ ചുമതലയുള്ള ഓഫീസില്‍നിന്ന് ഫോണില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ സംസാരിച്ചിരുന്നു. ടൗണ്‍ഷിപ്പ് ആണ് വയനാട് വിഭാവനം ചെയ്യുന്നതെന്നും അതിനുള്ള ഭൂമി ഏറ്റെടുത്ത ശേഷം ഏകീകൃത സ്വഭാവത്തിലുള്ള പ്ലാന്‍ തയ്യാറാക്കി വീട് നിര്‍മാണം ആരംഭിക്കുമെന്നും അറിയിച്ചു. വീടുവച്ച് നല്‍കാനാണ് കര്‍ണാടക സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മറുപടിയും ലഭിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates