'അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോള്‍ എന്നെ ബീഡി കെട്ടാന്‍ വിട്ടു, ജ്യോതിഷ പണ്ഡിതന്റെ വാക്കുകേട്ട് തുടര്‍പഠനം; ചില ദിവസങ്ങളില്‍ പട്ടിണി'- വിഡിയോ

വിദ്യാര്‍ഥി ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും അവയെ എങ്ങനെ മറികടന്നു എന്നതിനെ പറ്റിയും വാചാലനായി മുഖ്യമന്ത്രി പിണറായി വിജയന്‍
Chief Minister Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയന്‍
Updated on
2 min read

തിരുവനന്തപുരം: വിദ്യാര്‍ഥി ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും അവയെ എങ്ങനെ മറികടന്നു എന്നതിനെ പറ്റിയും വാചാലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച യങ് ഇന്നവേറ്റേഴ്‌സ് മീറ്റില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പിണറായി വിജയന്‍ ഓര്‍ത്തെടുത്തത്. അന്ന് പല ദിവസങ്ങളിലും പട്ടിണി കിടന്നിട്ടുണ്ട്. എന്നാല്‍ അഭിമാനിയായ താന്‍, തനിക്ക് ഉണ്ടായ വിഷമതകള്‍ ആരോടും പറഞ്ഞിരുന്നില്ല. അന്നാണ് ഒറ്റ നിറത്തിലുള്ള ഡ്രസ് ധരിക്കാന്‍ തുടങ്ങിയത്. നമ്മുടെ കഴിവിന് അനുസരിച്ച് ജീവിക്കുക എന്നതാണ് പ്രധാനം. തെറ്റായ വഴികളിലേക്ക് പോകാതിരുന്നാല്‍ മതി. എന്താണ് ഉള്ളത് അതനുസരിച്ച് ജീവിക്കാന്‍ പഠിക്കുക എന്നതാണ് പ്രധാനമെന്നും വിദ്യാര്‍ഥികള്‍ക്ക് ഉപദേശരൂപേണ പിണറായി വിജയന്‍ പറഞ്ഞു.

'നിങ്ങള്‍ ജീവിച്ചിരുന്നത് പോലെയുള്ള ഒരു കാലത്തല്ല എന്റെ ചെറുപ്പകാലം. നിങ്ങളുടെ ചുറ്റുമുള്ളവര്‍ നിങ്ങളുടെ പഠിത്തത്തെ വലിയ തോതില്‍ പിന്താങ്ങുന്നവരാണ്. നിങ്ങളെക്കാള്‍ കൂടുതല്‍ താത്പര്യമെടുത്ത് കൂടെ നില്‍ക്കും നിങ്ങളുടെ അച്ഛനും അമ്മയും. അങ്ങനെയാണ് ഇന്നത്തെ സമൂഹത്തിന്റെ രീതി. ഞാന്‍ പഠിക്കുന്ന കാലത്ത് എന്റെ ചുറ്റുപാടും പഠനത്തെ പിന്താങ്ങാന്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. പഴയ തലമുറയില്‍ വിദ്യാഭ്യാസം ലഭിച്ചവര്‍ തന്നെ വളരെ കുറവാണ്. വിദ്യാര്‍ഥിക്ക് പഠനത്തിന് ആവശ്യമായ പിന്തുണ ലഭിക്കുക എന്നത് അക്കാലത്ത് അത്ര പ്രായോഗികമല്ല. പിന്നെ വിദ്യാഭ്യാസത്തിന്റേതായ പിന്‍ബലമില്ലാത്ത കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ അച്ഛന്‍ ഒരു ചെത്തുതൊഴിലാളിയാണ്. അമ്മ സാധാരണ വീട്ടുതൊഴിലും കാര്‍ഷികവൃത്തിയും ഒക്കെ ചെയ്യുന്ന സാധാരണ സ്ത്രീ. സാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അഞ്ചാം തരം പഠനം കഴിഞ്ഞപ്പോള്‍ ആദ്യ വെല്ലുവിളി വരികയാണ്. ഇനി പഠിക്കേണ്ട. പഠിച്ചിട്ട് എന്താണ് കാര്യം?. അന്ന് നമ്മുടെ നാട്ടില്‍ ബീഡി തെറുപ്പ് ഉണ്ട്. ബീഡി കെട്ടാന്‍ പോയാല്‍ മതിയെന്ന് പറഞ്ഞു. എന്നെ പഠിപ്പിച്ച സ്‌കൂളിലെ പ്രധാന അധ്യാപകന്‍ എന്റെ അമ്മയെ വിളിപ്പിച്ചു. ഈ കുട്ടി തുടര്‍ന്നും പഠിക്കണം. തുടര്‍ന്ന് പഠിപ്പിക്കണം. എന്നാല്‍ മറ്റു സമ്മര്‍ദ്ദത്തിനാണ് കൂടുതല്‍ പ്രാധാന്യം കിട്ടിയത്. അകന്ന ബന്ധുവായ ഒരാളുടെ അടുത്ത് ഞാന്‍ ചെന്നു. ബീഡി തൊഴിലാളിയാണ്. ഇവനെ കൂട്ടണമെന്ന് പറഞ്ഞു. എന്നാല്‍ അതിനൊന്നും അവന്‍ ആയിട്ടില്ലെന്നും അവന്‍ പഠിക്കട്ടെ എന്നും പറഞ്ഞു അയാള്‍ മടക്കി. പിന്നീട് നാട്ടില്‍ പ്രധാനിയായിട്ടുള്ള മറ്റൊരു ബീഡി തൊഴിലാളിയുണ്ട്. പിന്നെ എന്റെ ജീവിതത്തില്‍ സുഹൃത്തായി വന്നിട്ടുള്ള ആളാണ് അദ്ദേഹം. ഒരു രക്ഷിതാവിനെ പോലെ. അദ്ദേഹത്തിന്റെ അടുത്ത് ചെന്നപ്പോള്‍ അവന്‍ പണിക്ക് ഒന്നും പോകേണ്ട. പഠിക്കട്ടെ എന്ന് പറഞ്ഞു. അപ്പോള്‍ പിന്നെ അമ്മ പഠിപ്പിക്കാന്‍ തീരുമാനിച്ചു'- പിണറായി വിജയന്‍ ഓര്‍ത്തെടുത്തു.

Chief Minister Pinarayi Vijayan
സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തില്‍ ചോദിച്ചു, നാലു മാസത്തിനകം സത്യഭാമ അമ്മയ്ക്കു വീടായി

'അങ്ങനെ യുപി സ്‌കൂളിലായി. യുപി സ്‌കൂളില്‍ ആയപ്പോള്‍ ഒരു മലയാളി അധ്യാപകന്‍ ഉണ്ടായിരുന്നു. മുന്‍ഷി എന്നാണ് അന്ന് വിളിക്കുക. അദ്ദേഹം എന്നെ വിളിച്ച് നക്ഷത്രം ചോദിച്ചു. ഞാന്‍ എന്റെ നക്ഷത്രം പറഞ്ഞു. എന്റെ അമ്മയോട് വരാന്‍ പറഞ്ഞു. അമ്മ ചെന്നു. അദ്ദേഹം ജ്യോതിഷ പണ്ഡിതനാണ്. നിങ്ങള്‍ പറയുന്നത് അല്ല ഇവന്റെ നക്ഷത്രം. മറ്റൊരു നക്ഷത്രമാണ്. ഇന്ന സമയത്തേക്ക് നക്ഷത്രം കഴിഞ്ഞു. അടുത്ത നക്ഷത്രം ഇന്ന സമയത്ത് ആരംഭിക്കും. ഞാന്‍ എഴുതി തരാം ഇവന്റെ ജാതകം എന്ന് പറഞ്ഞ് എഴുതി തന്നു. ഇവന്‍ എവിടെയാണ് തോല്‍ക്കുന്നത് അവിടം വരെ പഠിപ്പിക്കണം. ആ വാക്ക് തരണമെന്ന് പറഞ്ഞു. അതാണ് എന്റെ തുടര്‍പഠനത്തിന് ഇടയാക്കിയത്. അന്ന് യുപി സ്‌കൂളില്‍ പൊതുപരീക്ഷ ഉണ്ട്. അന്ന് മൂന്ന് പേരാണ് പാസായത്. അതില്‍ ഒന്ന് ഞാനാണ്. അന്ന് ഈ പറഞ്ഞ ഒരു പിന്തുണയും എനിക്ക് ഉണ്ടായിരുന്നില്ല. സ്വന്തമായി പഠിച്ച് നേടിയതാണ്. എസ്എസ്എല്‍സി കഴിഞ്ഞപ്പോള്‍ ഒരു വര്‍ഷം ഒഴിവ് വന്നു. എസ്എസ്എല്‍സി കഴിഞ്ഞപ്പോള്‍ എന്റെ ഒരു അമ്മാവന്‍ ഭദ്രാവതിയില്‍ ഉണ്ടായിരുന്നു. അവിടെ ഞാന്‍ പോയിരുന്നു. വെറുതെ പോയതാണ്. പോയി തിരിച്ചുവന്നപ്പോഴേക്കും കോളജ് അഡ്മിഷന്റെ സമയം കഴിഞ്ഞുപോയി. ഒരു വര്‍ഷം പോയി. അടുത്ത സ്ഥലത്ത് നെയ്ത്ത് പണി ഉണ്ട്. അവിടെ പോയി നെയ്ത്ത് പണി എടുത്തു. അത് ഒരു ഗുണമായി. കുറച്ചു കാശ് അതിന്റെ ഭാഗമായി ലഭിക്കുന്ന നില ഉണ്ടായി. അങ്ങനെയാണ് പിയുസിക്ക് ചേര്‍ന്നത്. ആ കോളജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ നല്ല പൊതുധാരണകള്‍ വളര്‍ന്നുവന്നു. വളരുന്നതോടൊപ്പം പൊതുധാരണകളും മാറുമല്ലോ. എനിക്കും ചില മാറ്റങ്ങള്‍ സംഭവിച്ചു. വിദ്യാര്‍ഥി പ്രവര്‍ത്തകനായി മാറുന്നു. കേരളത്തിലെ ഒരു വിദ്യാര്‍ഥി സംഘടനയുടെ ഏറ്റവും പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായി ഞാനും മാറുന്നു. കെഎസ്എഫ് ആണ്. ആ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.ഇന്നത്തെ ചുറ്റുപാടല്ല, അന്നത്തെ ചുറ്റുപാട്. രാവിലെ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ ചില ദിവസങ്ങളില്‍ റൊട്ടി തരും. ഉച്ചയ്ക്ക് അത് കഴിക്കും. ഇല്ലാത്ത ദിവസം ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലെന്നും വരും. അങ്ങനെയുള്ള നാളുകളായിരുന്നു കോളജ് വിദ്യാഭ്യാസ കാലം. എന്നാല്‍ ആ കാലത്തും ഞാന്‍ എന്റെ വിഷമതകള്‍ ഒന്നും ആരോട് പറയാറില്ല. നല്ല അഭിമാനിയായി ജീവിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അന്നാണ് ഒറ്റ നിറത്തിലുള്ള ഡ്രസ് ധരിക്കാന്‍ തുടങ്ങിയത്. നമ്മുടെ കഴിവിന് അനുസരിച്ച് ജീവിക്കുക എന്നതാണ് പ്രധാനം. തെറ്റായ വഴികളിലേക്ക് പോകാതിരുന്നാല്‍ മതി. എന്താണ് ഉള്ളത് അതനുസരിച്ച് ജീവിക്കാന്‍ പഠിക്കുക. അതിന്റെ ഭാഗമായി ഡിഗ്രി രണ്ടാം വര്‍ഷമായപ്പോള്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് മാറുകയാണ്. അങ്ങനെയൊക്കെയാണ് 25-ാം വയസില്‍ എംഎല്‍എയായി വരുന്നത്'- പിണറായി വിജയന്‍ പറഞ്ഞു.

Chief Minister Pinarayi Vijayan
കെ സുധാകരന്റെ വിശ്വസ്തന്‍ കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലേക്ക്
Summary

Chief Minister Pinarayi Vijayan spoke eloquently about the challenges he faced in his student life

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com