

തിരുവനന്തപുരം: തനിക്ക് ഇഷ്ടപ്പെട്ട മീന്‍ ലഭിക്കാത്തതിനാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ അന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്റെ വെളിപ്പെടുത്തലിനു മറുപടിയുമായി ആനത്തലവട്ടം ആനന്ദന്റെ മകനും. പിണറായി വിജയന്‍ വീട്ടിലെത്തി ഭക്ഷണം കഴിച്ചിട്ടാണു പോയതെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവ ആനന്ദ് പറഞ്ഞു.
'പിണറായി സഖാവ് ഒരിക്കല്‍ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ മുഖമുയര്‍ത്തി നോക്കി നില്‍ക്കുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്റെ ഭാര്യ എന്നു ചോദിച്ചു. അപ്പോള്‍ അടുത്തു നിന്ന അമ്മയെ ചൂണ്ടി അച്ഛന്‍ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് അന്നു പോയത്.'- ജീവ ആനന്ദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എന്നാല്‍, പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ദിവാകരന്‍ പ്രതികരിച്ചു. 'പറഞ്ഞതൊന്നും ഞാന്‍ നിഷേധിക്കുന്നില്ല. അന്ന് പിണറായിയുടെ കൂടെ ജാഥയുടെ വൈസ് ക്യാപ്റ്റനായി രാവും പകലും ഞാന്‍ ഉണ്ടായിരുന്നു. എന്റെ വെളിപ്പെടുത്തല്‍ കൗതുകമായി കണ്ടാല്‍ മതി. വിവാദമാക്കേണ്ട ആവശ്യമില്ല'- ദിവാകരന്‍ പറഞ്ഞു. നേരത്തെ പിണറായി വിജയന്റെ മത്സ്യത്തോടുള്ള പ്രിയത്തെ കുറിച്ചുള്ള സി ദിവാകരന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു.
പിണറായി വിജയന്‍ വിലക്കൂടിയ മത്സ്യമേ കഴിക്കൂ എന്ന സി ദിവാകരന്റെ വാക്കുകള്‍ ഓര്‍മ്മക്കുറവ് കൊണ്ട് ആയിരിക്കാമെന്നും എ ക്ലാസ്, ബി ക്ലാസ് മീന്‍ എന്നൊന്നുമില്ലെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായ ഇഷ്ടത്തെയും ഭക്ഷണരുചിയെയും കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല. ഭക്ഷണം തെരഞ്ഞെടുക്കുന്നതില്‍ ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടമുണ്ട്. ചില ആള്‍ക്കാര്‍ക്ക് അലര്‍ജി ഉണ്ടാവാമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
പിണറായി വിജയന് സാധാരണ മീന്‍ പോരെന്നും എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണമെന്നും പറഞ്ഞു തുടങ്ങുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ദിവാകരന്റെ വാക്കുകള്‍. 'പിണറായി വിജയന് സെലക്ടീവ് ഫുഡാണ്. തിരുവനന്തപുരത്തെ പല പ്രവര്‍ത്തകര്‍ക്കും പിണറായിയുടെ ഫുഡ് ഹാബിറ്റ് പിടിയില്ല. ഫിഷ് ഭയങ്കര ഇഷ്ടമാണ്. സാധാരണ മീന്‍ ഒന്നും പോരാ. എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണം. ഇവിടെ എവിടെയാണ് ഉച്ചയ്ക്ക് നമ്മുടെ ഭക്ഷണം പറഞ്ഞിരിക്കുന്നത്. ഞാന്‍ പറഞ്ഞു ആനത്തലവട്ടം ആനന്ദന്റെ വീട്ടിലാണ്.പുള്ളിക്ക് തീരെ ഇഷ്ടമായില്ല. കാരണം ആനത്തലവട്ടം ആനന്ദനും വി എസും തമ്മില്‍ നല്ല ബന്ധമാണ്. അന്ന് പിണറായി വിഎസിന്റെ ശത്രുവായിരിക്കുന്ന സമയമാണ്. അങ്ങേര് പറഞ്ഞ് വേറെ ആരും കിട്ടിയില്ലേ. ഞാന്‍ പറഞ്ഞു കുഴപ്പമില്ല. കറികള്‍ എല്ലാം വിളമ്പി. മീന്‍ കൊണ്ടുവന്നു വച്ചു. അതില്‍ വിരല്‍ ഇട്ട് അമര്‍ത്തി. വലിയ കഷണമാണ്. വറുത്തതാണ്. ഇത് എന്തുമീന്‍ ആണ്? എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ അവിടെയുള്ള ഒരാളോട് ചോദിച്ചു. മീന്‍ ചൂരയാണ്. ചൂര ഒന്നിനും കൊള്ളാത്ത മീനാണ്. പിണറായിയോട് ചൂരയാണ് എന്ന് പറഞ്ഞു. അദ്ദേഹം ഉണ്ടില്ല എഴുന്നേറ്റു. എകെജി സെന്ററില്‍ കാണാം. ദിവാകരന്‍ പോകുമ്പോള്‍ വിളിച്ചാല്‍ മതി. പിണറായി വിജയന്‍ പോയി. സത്യനേശന്‍ ആണ് അന്ന് ജില്ലാ സെക്രട്ടറി. ഉണ്ണാതെ പോയപ്പോള്‍ എല്ലാവര്‍ക്കും പേടിയായി. സത്യനേശന്‍ എന്നോട് പറഞ്ഞു സഖാവേ എന്തെങ്കിലും പറ്റോ. നടപടിയെടുക്കോ? അതൊന്നുമില്ല. ഞാന്‍ പറയാം. നല്ല മീന്‍ കിട്ടിയില്ല എന്ന് ഒന്നു പറഞ്ഞേക്കണം. നാളെ പാറശാലയിലാണ്. നാളെ രാവിലെ പാളയം മാര്‍ക്കറ്റില്‍ പോയി വലിയ നെയ്മീന്‍ വാങ്ങി നേരെ പാറശായില്‍ കൊണ്ടുപോയി കൊടുക്കണം. നല്ല കറിവെച്ച് നാളെ കൊടുത്താല്‍ നാളെ നമുക്ക് പരാതിയെല്ലാം തീര്‍ക്കാം. സത്യനേശന്‍ വെളുപ്പാന്‍കാലത്ത് അഞ്ചുമണിക്ക് പാളയം മാര്‍ക്കറ്റില്‍ നില്‍ക്കുകയാണ് മീന്‍ വാങ്ങാന്‍. മീന്‍ മേടിച്ചു കൊണ്ടുപോയി കറി വെച്ചു. വന്ന് കറികളെല്ലാം നോക്കും. ദിവാകരാ ഇന്ന് എങ്ങനെയാണ് മീന്‍. നല്ല മീന്‍ ആണ് എന്ന് ഞാന്‍ പറഞ്ഞു. അത് എങ്ങനെ ഇന്ന് നല്ല മീന്‍. ഇന്നലെ എന്തുകൊണ്ട് നല്ല മീന്‍ കിട്ടിയില്ല. ഇന്ന് ഏര്‍പ്പാട് ഉണ്ടാക്കി എന്ന് ഞാന്‍ പറഞ്ഞു. സഖാവ് കഴിക്കണം. കഴിച്ചപ്പോള്‍ ഭയങ്കര സന്തോഷമായി'- ദിവാകരന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
മത്സ്യം എന്തായാലും എ ഗ്രേഡും ബി ഗ്രേഡും സി ഗ്രേഡും എന്നൊന്നും തിരിച്ചിട്ടില്ലെന്നാണ് മന്ത്രി വി ശിവന്‍കുട്ടി മറുപടി പറഞ്ഞത്. ചില ആളുകള്‍ക്ക് ചില മത്സ്യത്തോട് ഇഷ്ടമുണ്ടാകും. ചില ആളുകള്‍ ബീഫ് കഴിക്കും. ചില ആള്‍ക്കാര്‍ മട്ടണ്‍ കഴിക്കും. ചില ആള്‍ക്കാര്‍ ചിക്കന്‍ കഴിക്കും. ചില ആള്‍ക്കാര്‍ പോത്തിറച്ചി കഴിക്കും. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടമാണ്. വ്യക്തിപരമായ ഇഷ്ടത്തെയും ഭക്ഷണരുചിയെയും കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല. ചില ആള്‍ക്കാര്‍ക്ക് അലര്‍ജി ഉണ്ടാവാമെന്നും ശിവന്‍കുട്ടി പറഞ്ഞു. പിണറായി വിജയന്‍ വിലക്കൂടിയ മത്സ്യമേ കഴിക്കൂ എന്ന സി ദിവാകരന്റെ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഓര്‍മ്മക്കുറവ് കൊണ്ട് ആയിരിക്കാം ദിവാകരന്‍ അങ്ങനെ പറഞ്ഞത് എന്നാണ് ശിവന്‍കുട്ടി മറുപടി നല്‍കിയത്. പിണറായി വിജയന്‍ വളരെ കുറച്ച് മാത്രമേ കഴിക്കൂ. രാവിലെ ഒന്നോ രണ്ടോ ദോശയോ ഇഡ്ഡലിയോ. പുറത്തുനിന്ന് വാരിവലിച്ച് കഴിക്കുന്ന ഏര്‍പ്പാട് ഇല്ല. പുസ്തകമാകുമ്പോള്‍ എരിവും പുളിയും വേണ്ടേ അങ്ങനെ കണ്ടാല്‍ മതി ദിവാകരന്റെ പരാമര്‍ശത്തെ എന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
ജീവ ആനന്ദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
ഭക്ഷണത്തിന്റെ രാഷ്ട്രീയം
പാര്‍ടിയുടെ തലമുതിര്‍ന്ന സഖാക്കള്‍ ഇ.എം.എസ്സും ബി.ടി.ആറും തുടങ്ങി സാധാരണ സഖാക്കളും നാട്ടുകാരുമൊക്കെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. വിശപ്പിന്റെ വില നന്നായി അറിയുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അതുകൊണ്ടു തന്നെ കിട്ടുന്ന ഭക്ഷണം കഴിക്കും. പരാതി പറഞ്ഞതായി ഇന്നു വരെ കേട്ടിട്ടില്ല. അമ്മയ്ക്ക് ഭക്ഷണവും മരുന്നാണ്.. ഇതു വീട്ടില്‍ വരുന്ന പല സഖാക്കള്‍ക്കും അറിയാം. പലപ്പോഴും ഗുണമുള്ള മലക്കറി സൂപ്പും പലധാന്യ കുറുക്കുമെല്ലാം രുചിയില്ലെങ്കിലും ഗുണത്തെ ഓര്‍ത്തു പലരും കുടിച്ചിട്ടുണ്ട്.
സഖാവ് ഇ.എം.എസ് കഴിക്കുന്ന ഭക്ഷണ രീതി കണ്ടും കേട്ടുമാണ് വളര്‍ന്നിട്ടുള്ളത്. ഭക്ഷണം കഴിച്ചു കഴിഞ്ഞ പാത്രത്തില്‍ കളയാന്‍ ഒന്നും കാണില്ല. എല്ലാം കഴിച്ചു പാത്രത്തില്‍ എന്തെങ്കിലും പറ്റിയിരുന്നാല്‍ അതും എടുത്തു കഴിച്ച് ക്ലീന്‍ ആക്കി വയ്ക്കും. ഞങ്ങള്‍ കഴിക്കുമ്പോള്‍ ഒരു ചോറു താഴെ പോയാല്‍ അതെടുത്ത് കഴിച്ചേ മതിയാകൂ. കളയാന്‍ അമ്മ സമ്മതിക്കില്ല. ചോറു താഴെ പോയാല്‍ അപ്പോള്‍ സഖാവ് ഇ.എം.എസ്. ഭക്ഷണം കഴിക്കുന്ന രീതി പറഞ്ഞു തരും.
തെരഞ്ഞെടുപ്പു കാലങ്ങളിലും പാര്‍ടി സമ്മേളനങ്ങള്‍ നടക്കുമ്പോഴും നേതാക്കള്‍ ചിറയിന്‍കീഴ് വരുമ്പോള്‍ ഭക്ഷണം തയ്യാറാക്കാറുണ്ടായിരുന്നു. നേതാക്കള്‍ക്ക് ഭക്ഷണത്തില്‍ എന്തെങ്കിലും പ്രത്യേകത ഉണ്ടെങ്കില്‍ അതു എ.കെ.ജി. സെന്ററില്‍ നിന്നും വിളിച്ചറിയിക്കും. സ. ഇ.എം.എസ്സിനു കറികളില്‍ ഉപ്പും എരിവും പുളിയുമൊന്നും പാടില്ല. തേങ്ങാപ്പാലില്‍ മീന്‍ വേവിച്ച് അതില്‍ ഒരു തക്കാളി അരിഞ്ഞു ഇടും. അങ്ങിനെയാണ് സ. ഇ.എം.എസ്. കഴിക്കുന്നത്. ബി.ടി.ആറിനും എരിവും ഉപ്പും പാടില്ല. ബി.ടി.ആറിനു തയ്യാറാക്കിയ ഭക്ഷണം പാത്രത്തിലാക്കി പ്രത്യേകം പേരെഴുതി ഒട്ടിച്ചു വച്ചിരുന്നു എന്നു അമ്മ ഓര്‍ക്കുന്നു.
സ. ഗൌരിയമ്മയ്ക്ക് പൊടിയരി കഞ്ഞിയും കായ് കൊണ്ടുള്ള അവിയലും. അതില്‍ കടുക് വറുക്കാന്‍ പാടില്ല. കുഞ്ഞന്മാര്‍ക്ക് കൊടുത്തോടൊ എന്നു ചോദിച്ചിട്ടേ സ. ഗൗരിയമ്മ കഴിക്കൂ... സുശീല സഖാവിനു എന്തു കൊടുത്താലും കഴിക്കും.. അതു കൊണ്ടു തന്നെ അമ്മയ്ക്ക് ടെന്‍ഷനുമില്ല.
അമ്മയ്ക്ക് ഇപ്പോഴും വിഷമമുള്ളത് ഒരു ദിവസം ഉച്ചയ്ക്ക് ഊണു നേരം കഴിഞ്ഞ ശേഷം അച്ഛന്‍ പിരപ്പന്‍കോട് മുരളി സഖാവിനെയും കൊണ്ടു വന്നപ്പോള്‍ ചോറും കുറച്ച് നെത്തോലിക്കറിയും മാത്രമാണ് ഉണ്ടായിരുന്നത്. കൊടുത്ത ഭക്ഷണം കഴിച്ചു സഖാവ് സന്തോഷത്തോടെ പോയി.
നായനാര്‍ സഖാവ് പല പ്രാവശ്യം വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. സഖാവ് വി.എസ്. ഒരിക്കല്‍ എത്തുമെന്ന് പറഞ്ഞ ദിവസം വന്നില്ല. പക്ഷെ പിന്നൊരിക്കല്‍ വന്നപ്പോള്‍ കൂവരക് കാച്ചിയത് കുടിച്ചു, ഒരു പഴവും കഴിച്ചു. മറ്റു ഭക്ഷണമൊന്നും കഴിച്ചില്ല.
കാട്ടായിക്കോണം സഖാവ് എല്ലാ അശ്വതി-ഭരണി ഉത്സവത്തിനും അശ്വതി ദിവസം ആശാരി സഖാവും ആയി എത്തുമായിരുന്നു. ആല്‍ത്തറമൂട് കരയില്‍ തിരുവിഴ ജയശങ്കറിന്റെ നാഗസ്വരവും വളയപ്പെട്ടി സുബ്രഹ്മണ്യത്തിന്റെ തകിലും കേള്‍ക്കാന്‍. അപ്പോള്‍ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കും.
പിണറായി സഖാവ് ഒരിക്കല്‍ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ മുഖമുയര്‍ത്തി നോക്കി നില്‍ക്കുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്റെ ഭാര്യ എന്നു ചോദിച്ചു. അപ്പോള്‍ അടുത്ത നിന്ന അമ്മയെ ചൂണ്ടി അച്ഛന്‍ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് അന്നു പോയത്.
കരിമീനും പരിച്ചിലുമായിരിക്കും മിക്കവാറും നേതാക്കള്‍ വരുമ്പോള്‍ ഉള്ള സ്‌പെഷ്യല്‍. നാട്ടിലെ സഖാക്കളാണ് മീന്‍ എത്തിക്കുന്നത്. നക്‌സല്‍ മാമന്‍, തുളസി മാമന്‍ എന്നിവരൊക്കെ. ഭക്ഷണം പാചകം ചെയ്യാന്‍ അമ്മയെ സഹായിക്കാനായി ഭാരതി അമ്മ വരും. ഭാരതി അമ്മ സൂപ്പറായി മീന്‍കറി വയ്ക്കും. അമ്മ ചപ്പാത്തി ഉണ്ടാക്കും. അതിനു മാവു കുഴയ്ക്കാനും മറ്റും ഞങ്ങളും സഹായിക്കും. ഒരിക്കല്‍ കൊഞ്ച് നുള്ളിയെടുത്തത് ഞാനായിരുന്നു.. ഭക്ഷണം വിളമ്പാന്‍ സഹായിക്കുന്നത് കനകന്‍ മാമന്‍ (സ. കനകദാസ്) ആണ്. മാമന്‍ ആകുമ്പോള്‍ എല്ലാര്‍ക്കും വിളമ്പി എത്തിക്കും.
മേല്‍പ്പറഞ്ഞവര്‍ മാത്രമല്ല, മുതിര്‍ന്ന സഖാക്കളും മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം പലപ്പോഴും വീട്ടില്‍ വന്നിട്ടുണ്ട്, ഭക്ഷണം കഴിച്ചിട്ടുമുണ്ട്. 2016, 2017 ഓണത്തിനുള്ള വള്ളംകളിക്കു പക്ഷേ വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണമല്ലായിരുന്നു. പുറത്തു നിന്നും വരുത്തി നല്കുകയായിരുന്നു.
അച്ഛന്‍ എം.എല്‍.എ ആയിരുന്ന കാലഘട്ടത്തിലൊക്കെ അവധി ദിവസങ്ങളില്‍ അച്ഛനെ കാണാന്‍ വരുന്നവരൊക്കെ പോയി അച്ഛനും ഇറങ്ങിയ ശേഷമായിരുന്നു ഞാന്‍ ഭക്ഷണം കഴിച്ചിരുന്നത്. കാരണം വരുന്നവരില്‍ ചിലരോടെങ്കിലും ഭക്ഷണം കഴിച്ചോ എന്നു അച്ഛന്‍ ചോദിക്കുമ്പോള്‍ കഴിച്ചില്ല എന്നു പറഞ്ഞാല്‍ ലൈലേ... കാപ്പി കൊടുക്കൂ എന്ന് വിളിച്ചു പറയും. ഉണ്ടാക്കിയ ഭക്ഷണം തീര്‍ന്നു പോയാല്‍ അമ്മയ്ക്ക് അങ്കലാപ്പാകും. ഇതു മനസ്സിലാക്കി ഞാന്‍ അത്തരം ദിവസങ്ങളില്‍ ആളൊഴിഞ്ഞ ശേഷം ഉച്ചയോടെ ആയിരിക്കും രാവിലത്തെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുള്ളൂ..
ഇതൊന്നും പറയണമെന്ന് വിചാരിച്ചതല്ല..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates