എനിക്ക് ഒരു സങ്കടമുണ്ട്, മഴ പെയ്യുന്നില്ല, രണ്ടു മൂന്ന് കുഴപ്പമൊക്കെ കാണിച്ചു; പഠനക്കാലത്ത് അച്ഛന്‍ രണ്ടുതവണ മാത്രമാണ് സ്‌കൂളില്‍ വന്നത്'

സംസ്ഥാനതല പ്രവേശനോത്സവ വേദിയില്‍ പഠനകാലത്തെ ഓര്‍മ്മകളും കാലത്തിന് അനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് പുതിയ സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന മാറ്റങ്ങളും പങ്കുവെച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍
Chief Minister VD Satheesan
മുഖ്യമന്ത്രി വി ഡി സതീശന്‍
Edited By:
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാനതല പ്രവേശനോത്സവ വേദിയില്‍ പഠനകാലത്തെ ഓര്‍മ്മകളും കാലത്തിന് അനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് പുതിയ സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന മാറ്റങ്ങളും പങ്കുവെച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇത് വിജ്ഞാന വിസ്‌ഫോടനത്തിന്റെ കാലമാണ്. വിദ്യാര്‍ഥികള്‍ അറിവ് നേടാനുള്ള ശ്രമം നടത്തണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം പട്ടം ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാഭ്യാസത്തിനുള്ള ഡെസ്റ്റിനേഷന്‍ പോയിന്റ് ആക്കി കേരളത്തെ മാറ്റും. വിദേശരാജ്യങ്ങളില്‍ നിന്ന് പോലും വിദ്യാഭ്യാസത്തിന് വിദ്യാര്‍ഥികള്‍ കേരളത്തില്‍ എത്തുന്ന മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കേരളത്തില്‍ ഉണ്ടാവുമെന്ന് വാക്ക് നല്‍കുന്നു. പുറത്തേയ്ക്ക് ഒന്നും പോകാതെ മാതാപിതാക്കള്‍ക്കൊപ്പം ജീവിച്ച് ഇവിടെ ഏറ്റവും നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള സൗകര്യം ഒരുക്കും. ലോകം മാറുന്നതിന് അനുസരിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും കേരളത്തില്‍ ഉണ്ടാവും. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവാണ് ശാസ്ത്രബോധത്തെ കുറിച്ച് ആദ്യം പറഞ്ഞത്. കൂടുതല്‍ ശാസ്ത്ര ബോധം ഉണ്ടാക്കാന്‍ നെഹ്‌റുവിന്റെ നാമധേയത്തില്‍ ഉന്നത കേന്ദ്രങ്ങള്‍ ആരംഭിക്കും. കുഞ്ഞുങ്ങളാണ് നിക്ഷേപം. മയക്കുമരുന്നിന് എതിരായി ശക്തമായ നിലപാട് കുട്ടികള്‍ സ്വീകരിക്കണം. കൂട്ടുകാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ പിന്തിരിപ്പിക്കണം. കുട്ടികളാണ് എല്ലാവരുടെയും സ്വപ്നം. മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് പുറമേ സമൂഹത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും സംഭാവന നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് സതീശന്‍ തുടങ്ങിയത്. 'ഇവിടെ നില്‍ക്കുമ്പോള്‍ എന്റെ മനസില്‍ മുഴുവന്‍ ഗൃഹാതുരത്വം നിറഞ്ഞ എന്റെ കുട്ടിക്കാലമായിരുന്നു. എന്നാല്‍ എനിക്ക് ഒരു സങ്കടമുണ്ട്. കാരണം മഴ പെയ്യുന്നില്ല എന്നതാണ് സങ്കടം. ഞങ്ങളൊക്കെ പഠിക്കുമ്പോള്‍ സ്‌കൂള്‍ തുറക്കുന്ന ദിവസം ഉറപ്പായി മഴ പെയ്യുമായിരുന്നു. നിങ്ങളില്‍ ഭൂരിഭാഗം പേരും സ്‌കൂള്‍ ബസിലാണ് വരുന്നത്. ഞങ്ങളെല്ലാവരും നടന്നാണ് സ്‌കൂളിലേക്ക് പോയിരുന്നത്. വെള്ളം തട്ടി തെറിപ്പിച്ച്, കുറെ മഴക്കൊണ്ട്, കുടയുണ്ടെങ്കില്‍ കുട മാറ്റിപ്പിടിച്ച്, അങ്ങോട്ടും ഇങ്ങോട്ടും കളിച്ച് വരുന്ന വരവുണ്ട്. മഴയില്ലാത്തതിന്റെ വിഷമം എനിക്ക് തോന്നുന്നു. കാലാവസ്ഥ വ്യതിയാനം കാരണം മഴ ഒരാഴ്ച വൈകുമെന്നാണ് പറയുന്നത്. മണ്‍സൂണ്‍ വന്നാല്‍ പിന്നെ മഴയാണ്. സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ മഴയെ കണ്ടിരുന്നത്.നിങ്ങളുടെ മാതാപിതാക്കള്‍ക്ക് നിങ്ങളെ കുറിച്ച് ഒരു പാട് സ്വപ്‌നങ്ങളുണ്ട്. എന്നെ ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ വേണ്ടിയാണ് എന്റെ അച്ഛന്‍ സ്‌കൂളില്‍ വന്നത്. പിന്നെ പ്രീഡിഗ്രിക്ക് ചേര്‍ക്കാന്‍ വേണ്ടിയാണ് അച്ഛന്‍ വന്നത്. അല്ലാതെ ഞാന്‍ പത്തുകൊല്ലം പഠിച്ച സ്‌കൂളിലും 12 വര്‍ഷം കോളജില്‍ പഠിച്ചതിന്റെയും ഇടയില്‍ ആരും എന്നെ അന്വേഷിച്ച് വീട്ടില്‍ നിന്ന് വന്നിട്ടില്ല. രണ്ടു മൂന്ന് കുഴപ്പമൊക്കെ കാണിച്ചപ്പോള്‍ വീട്ടില്‍ നിന്ന് ആളെ വിളിച്ച് കൊണ്ടുവരാന്‍ പറഞ്ഞെങ്കിലും ഞാന്‍ അത് അങ്ങ് കൈകാര്യം ചെയ്തു.' - വി ഡി സതീശന്‍ ഓര്‍മ്മിച്ചു.

Chief Minister VD Satheesan
പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരായി

'ഇപ്പോള്‍ അമ്മമാര്‍ക്ക് മക്കളുടെ കാര്യത്തില്‍ എന്ത് ശ്രദ്ധയാണ്. കെജിയില്‍ ചേര്‍ക്കുമ്പോള്‍ തന്നെ രാവിലെ തയ്യാറായി കുട്ടികളെ അണിയിച്ചൊരുക്കി ബസില്‍ അല്ലെങ്കില്‍ സ്‌കൂളില്‍ കൊണ്ടുപോയി ചേര്‍ക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതിയില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ളത് കേരളത്തിലെ അമ്മമാരാണ്. അവരുടെ കുഞ്ഞുങ്ങളോടുള്ള ശ്രദ്ധ, പഠനക്കാര്യത്തിലുള്ള ശ്രദ്ധ. ഇപ്പോള്‍ പിടിഎ യോഗം വിളിച്ചാല്‍ 80 ശതമാനം സ്ത്രീകളായിരിക്കും. കുട്ടികളുടെ പഠനക്കാര്യത്തില്‍ അമ്മമാരാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. അധ്യാപകരും കുഞ്ഞുങ്ങളുടെ മാതാപിതാക്കളും തമ്മില്‍ ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കണം. നല്ല സൗഹൃദം ഉണ്ടാക്കണം. കുട്ടികളുടെ ചെറുപ്പത്തില്‍ അവരുടെ കഴിവുകള്‍ പുറത്തുവരും. ചിലപ്പോള്‍ വീട്ടില്‍ വച്ചായിരിക്കാം, ചിലപ്പോള്‍ സ്‌കൂളില്‍ വച്ചായിരിക്കും. ഇത് കണ്ടാല്‍ അധ്യാപകരും മാതാപിതാക്കളും പരസ്പരം പങ്കുവെയ്ക്കണം. കുഞ്ഞുങ്ങളെ നിങ്ങള്‍ ജീവിക്കുന്നത് പുതിയ ഒരു കാലത്താണ്. എന്താണ് ഈ കാലത്തിന്റെ പ്രത്യേകത? വിജ്ഞാന വിസ്‌ഫോടനം. പണ്ടും അറിവുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അറിവുകള്‍ ഉണ്ടാവുന്നതിന്റെ വേഗം കൂടി. എന്‍ജിനിയറിങ് വിദ്യാഭ്യാസം കഴിഞ്ഞ് ഒരു കുട്ടി പുറത്തുവരുമ്പോള്‍ പഠിച്ച കാര്യങ്ങള്‍ കാലഹരണപ്പെട്ട് പോകുകയാണ്. പുതിയ കാര്യങ്ങള്‍ വരികയാണ്. എല്ലാ തലത്തിലും പുതിയ കണ്ടുപിടിത്തങ്ങള്‍ ഉണ്ടാവുന്നു. അറിവുകള്‍ തേടി പിടിക്കുക. നിര്‍മ്മിതിബുദ്ധിയുടെ കാലമാണ്. മനുഷ്യന്റെ ബുദ്ധിശക്തിയേക്കാള്‍ ബുദ്ധി ശക്തിയുള്ള ഒന്നായി നിര്‍മ്മിതബുദ്ധി മാറിയിരിക്കുകയാണ്. അറിവ് നേടാനുള്ള ശ്രമം നടത്തണം'- വി ഡി സതീശന്‍ വ്യക്തമാക്കി.

Chief Minister VD Satheesan
സിഎംആര്‍എല്ലിന് തിരിച്ചടി; എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല
Summary

Chief Minister VD Satheesan shared memories of his school days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com