

തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് സീല്‍ പതിച്ച സര്‍ക്കുലര്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ വിതരണംചെയ്ത സംഭവത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെയുള്ള നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കമീഷന്റെ ആവശ്യപ്രകാരമാണ് പൊലീസ് നോട്ടീസ് അയച്ചതെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
ഒരു ജനാധിപത്യ രാജ്യത്ത്, ഇത്തരം സംഭവങ്ങള്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവയ്ക്കും. വിമര്‍ശനങ്ങള്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയോ, അപകീര്‍ത്തികരമാവുകയോ, വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് കാരണമാവുകയോ ചെയ്യാത്തിടത്തോളം കാലം, അവയെ അഭിപ്രായ പ്രകടനങ്ങളായി വേണം കാണാന്‍. തെരഞ്ഞെടുപ്പ് കമീഷന്‍പോലെയുള്ള ഭരണഘടനാ സ്ഥാപനത്തിന്റെ ബഹുമാന്യത എക്കാലവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍, കമീഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നടപടികളില്‍ സമ്പൂര്‍ണമായ രാഷ്ട്രീയ നിഷ്പക്ഷത പ്രതിഫലിക്കേണ്ടതുണ്ട്. അങ്ങനെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് കമീഷന് അര്‍ഹമായ ബഹുമാന്യത ആര്‍ജ്ജിക്കാന്‍ സാധിക്കുകയുള്ളൂ.
തെരഞ്ഞെടുപ്പ് കമീഷന്റെ സര്‍ക്കുലറില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫീസ് സീല്‍ പതിപ്പിച്ച് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറിയത് വെറുമൊരു ഉദ്യോഗസ്ഥന്റെ പിഴവായി മാത്രംകണ്ട് നിസ്സാരവല്‍ക്കരിക്കാന്‍ കഴിയില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധിക്കാതെ ഇത്തരം പ്രധാനപ്പെട്ട ആശയവിനിമയങ്ങള്‍ പുറത്തേക്ക് അയക്കുന്നത് അബദ്ധമായോ യാദൃശ്ചികമായ വീഴ്ചയായോ തള്ളിക്കളയാനാകില്ല. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തലത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് കേരളത്തിലെ സിഇഒ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ രാഷ്ട്രീയ പാര്‍ട്ടികളെയും പൗരന്മാരെയും അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates