

തിരുവനന്തപുരം: മുൻ കാലങ്ങളെ അപേക്ഷിച്ച് ക്രിസ്ത്യൻ സമൂഹം സിപിഎമ്മുമായി ഇപ്പോഴാണ് കൂടുതൽ അടുത്തതെന്ന് മന്ത്രി സജി ചെറിയാൻ. ലത്തിൻ കത്തോലിക്ക മത്സ്യത്തൊഴിലാളി സമൂഹം എൽഡിഎഫ് സർക്കാരിനു എതിരാണെന്ന ധാരണ ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വിഴിഞ്ഞം സമരത്തിനു ശേഷമുള്ള തെറ്റിദ്ധാരണ മാത്രമാണ് ലത്തീൻ കത്തോലിക്ക മത്സ്യത്തൊഴിലാളി സമൂഹം എൽഡിഎഫ് സർക്കാരിനു എതിരാണെന്ന പ്രചാരണം. തിരുവനന്തപുരം അതിരൂപതയിൽ സർക്കാരിനെതിരെ പരാതിയുള്ളവർ ചുരുക്കമാണ്. സത്യത്തിൽ അവരുടെ ദുരിതത്തിനു ഉത്തരവാദി ഉമ്മൻ ചാണ്ടി സർക്കാരാണ്. ഞങ്ങൾ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ചെയ്തത്.
എന്റെ അച്ഛൻ കോൺഗ്രസുകാരനായിരുന്നു. ഞാൻ എസ്എഫ്ഐയിൽ ചേർന്നപ്പോൾ അദ്ദേഹം ശക്തമായി എതിർത്തു. ഞാൻ വേട്ടയാടപ്പെട്ടു. എന്നാൽ ഒടുവിൽ അച്ഛനും കമ്മ്യൂണിസ്റ്റായി. പല ക്രസ്ത്യൻ ഭവനങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിമോചന സമര ലോബി പടച്ചുവിട്ട നുണകൾ വിദ്യാസമ്പന്നരായ യുവ തലമുറയ്ക്ക് കാണാൻ കഴിഞ്ഞു. അവർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇരു കൈയും നീട്ടി സ്വീകരിച്ചു.
ഞങ്ങൾ ബിഷപ്പുമാരെ കണ്ടു, പള്ളികളുമായി അടുത്തു പ്രവർത്തിച്ചു, പള്ളികളിലെ ചടങ്ങുകളിൽ പങ്കെടുത്തു ഇതെല്ലാം സിപിഎമ്മിനെക്കുറിച്ചുള്ള വിശ്വാസികളുടെ തെറ്റിദ്ധാരണ മാറ്റി. തിരുവിതാംകൂറിൽ നേരത്തെ പാർട്ടിക്ക് സ്ഥാനാർത്ഥിയെ കണ്ടെത്തുക ബുദ്ധിമുട്ടായ കാര്യമായിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സീറ്റുകൾ സിപിഎമ്മിനാണ്. അത് ക്രിസ്ത്യൻ സമൂഹത്തിനു സിപിഎമ്മിലുള്ള വിശ്വാസമാണു കാണിക്കുന്നത്.
സിപിഎമ്മിനും ക്രിസ്ത്യൻ സഭയ്ക്കുമിടയിലെ പാലമൊന്നുമല്ല താനെന്നു അദ്ദേഹം പറയുന്നു. കമ്മ്യൂണിസ്റ്റുകൾ സഭയ്ക്കെതിരാണെന്ന തെറ്റിദ്ധാരണ മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാ ബിഷപ്പുമാരുമായും വ്യക്തിപരമായ ബന്ധമുണ്ട്. മറ്റു മത മേധാവികളുമായും വ്യക്തിപരമായി നല്ല ബന്ധമുണ്ട്. ഇപ്പോൾ സിപിഎം നേതാക്കളെല്ലാം സഭയുമായി നല്ല ബന്ധത്തിലാണ്.
കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്നു ക്രിസ്ത്യൻ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്ലീം ലീഗും പ്രതിസന്ധിയിലാണ്. അടുത്ത തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഇടതുപക്ഷത്തിനു കൂടുതൽ സീറ്റ് ലഭിക്കും. ന്യൂനപക്ഷങ്ങൾക്കിടയിലെ കോൺഗ്രസ് സ്വാധീനം ഇനിയുണ്ടാകില്ല. ഉമ്മൻ ചാണ്ടിയുടെ അഭാവവും അവർക്ക് തിരിച്ചടിയാകും. സമാധാനപരമായ സാഹചര്യം ഉറപ്പാക്കാൻ ഇടതുപക്ഷം അനിവാര്യമാണെന്നു രണ്ട് ന്യൂനപക്ഷ സമുദായങ്ങളും തിരിച്ചറിയുന്നു.
ബിജെപിക്ക് ക്രിസ്ത്യൻ സമൂഹത്തിൽ സ്വീകാര്യത എന്നത് അവരുടെ അവകാശവാദം മാത്രമാണ്. അവരെ സമാധാനിപ്പിക്കാൻ മാത്രമാണ് സമുദായത്തിലെ ഇത്തരം ചർച്ചകൾ. ന്യൂനപക്ഷങ്ങൾക്ക് ആർഎസ്എസ്- ബിജെപി എന്താണെന്നു അറിയാം. മണിപ്പൂരിലേക്ക് നോക്കു. കേരളത്തിൽ ഇടതുപക്ഷ ഭരണത്തിൻ കീഴിൽ ന്യൂനപക്ഷങ്ങൾ ഏറ്റവും സുരക്ഷിതരാണെന്നു അവർക്ക് നല്ലതു പോലെ അറിയാമെന്നും മന്ത്രി പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates