'ക്രിസ്തീയ ഭക്തിഗാനം പാടിയതില്‍ ഒരു തെറ്റുമില്ല, ദേശവിളക്കിന് ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്'; നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് ക്ഷേത്ര കമ്മിറ്റി

ക്ഷേത്രോത്സവത്തിലെ സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി
Nandagovindam Bhajans
Nandagovindam BhajansFILE
Updated on
2 min read

കോട്ടയം: ക്ഷേത്രോത്സവത്തിലെ സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി. നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തി ഗാനം പാടിയതില്‍ ഒരു തെറ്റും കാണുന്നില്ലെന്ന് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാര്‍ദപരമായാണ് ജീവിക്കുന്നതെന്നും ഇത്തരത്തിലുള്ള വിവാദം ഇളക്കിവിട്ട് നിലവിലുള്ള അവസ്ഥയെ തകര്‍ക്കരുതെന്നും ക്ഷേത്ര കമ്മിറ്റി അഭ്യര്‍ഥിച്ചു.

ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം:

നന്ദഗോവിന്ദം ഭജന്‍സ് നടത്തിയ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഈ സാഹചര്യത്തില്‍ ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ, അതും പ്രത്യേകിച്ച് ക്ഷേത്രത്തെ സംബന്ധിച്ചാകുമ്പോള്‍. നന്ദഗോവിന്ദം ഭജന്‍സ് കഴിഞ്ഞ പതിനാലാം തീയതി ഒരു പ്രോഗ്രാം ഞങ്ങളുടെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. ക്ഷേത്ര പുനര്‍നിര്‍മാണം നടക്കുന്നതു കൊണ്ട് അതിന് ഒരു പ്രചാരണമെന്ന രീതിയില്‍ നന്ദഗോവിന്ദം ഭജന്‍സ് സൗജന്യം ആയി ക്ഷേത്രത്തിനു വേണ്ടി നടത്തിയ പ്രോഗ്രാമാണ്. അത് കുറച്ചു പേര്‍ വളരെയധികം വിവാദത്തില്‍ എത്തിച്ചിരിക്കുകയാണ്.

ഒരു കാര്യം പ്രത്യേകമായി പറയാനുള്ളത് ഒന്നാമതായി ഈ പ്രോഗ്രാം നടന്നത് ക്ഷേത്ര മതില്‍ക്കെട്ടിനകത്തല്ല. അതിനുള്ളില്‍ സ്ഥലമില്ലാതിരുന്നതു കൊണ്ട് വെളിയില്‍ ഒരു സ്ഥലം അതിനു വേണ്ടി ഒരുക്കി എടുക്കുകയാണ് ചെയ്തത്. തന്നെയുമല്ല ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും അതിന് ഇന്ന മതം എന്നൊന്നുമില്ല, എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത്.

നന്ദഗോവിന്ദത്തിന്റെ സ്വന്തം തട്ടകം, അവര്‍ വളര്‍ന്നത് ഇവിടെ നിന്നാണ്, നവീന്‍ എല്‍കെജി മുതല്‍ പഠിച്ചത് ഇവിടത്തെ പള്ളി സ്‌കൂളിലാണ്. പഠിപ്പിച്ചതില്‍ എല്ലാ വിഭാഗത്തിലുമുള്ള ടീച്ചര്‍മാരുമുണ്ട്. അതിനാല്‍ത്തന്നെ പ്രോഗ്രാം കേള്‍ക്കാന്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു. ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീ പാസ്സോടു കൂടിയാണ് പ്രോഗ്രാം കണ്‍ട്രോള്‍ ചെയ്തത്. ഈ നാട്ടിലുള്ള എല്ലാവര്‍ക്കും പ്രോഗ്രാം കാണുന്നതിനും കേള്‍ക്കുന്നതിനും ജാതിമതഭേദമന്യേ പാസുകള്‍ വീട്ടിലെത്തിച്ചിരുന്നു. എല്ലാവരും വരികയും പ്രോഗ്രാം കേള്‍ക്കുകയും ചെയ്തു.

ഈ അമ്പലത്തില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്. ഇവിടത്തെ ദേശവിളക്കിന് നമ്മള്‍ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോള്‍ അവര്‍ വഴിയരികില്‍ തിരി തെളിയുന്നതുമെല്ലാം വര്‍ഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും.

അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോള്‍ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു. അപ്പോള്‍ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല. അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാര്‍ദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാര്‍ദത്തെ എല്ലാവരുംകൂടി തകര്‍ക്കരുത് എന്ന് മാത്രമേ ഈ അവസരത്തില്‍ പറയാനുള്ളൂ.

കഴിഞ്ഞ ദിവസമാണ് കോട്ടയം നട്ടാശ്ശേരിയിലെ ക്ഷേത്ര പരിപാടിയില്‍ നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത്. യേശുദാസിന്റെ സ്വരമാധുരിയില്‍ പിറന്ന 'ഈ പരദേവനഹോ' എന്ന ഗാനമാണ് സംഘം ആലപിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ക്കായി ഒരു ഗാനം ആലപിക്കട്ടെ എന്ന് ചോദിക്കുമ്പോള്‍ കാണികള്‍ കയ്യടിച്ച് സ്വീകരിക്കുന്നത് നന്ദഗോവിന്ദം ഭജന്‍സ് പുറത്തുവിട്ട വിഡിയോയില്‍ കാണാം. തുടര്‍ന്നാണ് ഇവര്‍ ഭക്തിഗാനം ആലപിച്ചത്.

Nandagovindam Bhajans
'എന്തിനാണ് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങള്‍'; വെടിക്കെട്ട് അപകടത്തില്‍ ആര്‍ ശ്രീലേഖ

'ഞാന്‍ എല്‍കെജി മുതല്‍ പഠിച്ചത് ഇവിടെ പള്ളി സ്‌കൂളിലാണ്, ഹോളി ഫാമിലി സ്‌കൂളിലാണ്. എന്റെ കുറേ സുഹൃത്തുക്കളൊക്കെ ഇവിടെയുണ്ട്. ഈ പരിപാടിക്കുവേണ്ടി പാര്‍ക്കിങ് സൗകര്യങ്ങളൊക്കെ ഒരുക്കിതന്നത് ഇവിടത്തെ പള്ളി ഗ്രൗണ്ടിലാണ്. ദേശവിളക്ക് നടക്കുന്ന സമയത്ത് ഇവിടെയുള്ള പള്ളിയിലും വിളക്ക് തെളിയിക്കും. അങ്ങനെ പോകുന്നൊരു നാടാണ്. ഈയൊരു കാലഘട്ടത്തില്‍ മതസൗഹാര്‍ദമെന്ന് പറയുന്നത് എന്തൊക്കെയോ പ്രശ്‌നമുള്ള കാര്യംപോലെയാണ് ഇപ്പോള്‍. അതൊന്നും അറിയാത്ത കാലത്തും സൗഹാര്‍ദത്തോടെ ജീവിച്ച മനുഷ്യരാണ് ഞങ്ങള്‍. ഭജന കേള്‍ക്കാന്‍ ഇന്ന് തിരുവനന്തപുരത്തു നിന്ന് ക്രിസ്ത്യാനികളായ എന്റെ ചില അധ്യാപകര്‍ ഇവിടെ വന്നിട്ടുണ്ട്. അവരിവിടെ ഉണ്ടാകും. ഒരു കാര്യങ്ങളിലും വ്യത്യാസമൊന്നും കാണാത്ത നാടാണ്. നമുക്ക് ഇത്രയും സൗകര്യങ്ങളൊക്കെ ചെയ്തു തന്ന അവര്‍ക്കു വേണ്ടി ഒരു പാട്ട് നമുക്ക് പാടാമല്ലോ അല്ലെ?'- ഗാനം ആലപിക്കുന്നതിന് മുന്‍പ് നവീന്‍ പറഞ്ഞ വാക്കുകള്‍.

വിഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ എതിര്‍പ്പുമായി ഒരുവിഭാഗം പ്രത്യക്ഷപ്പെടുകയായിരുന്നു. ക്ഷേത്രത്തിന്റെ പരിപാടിയില്‍ ക്രിസ്തീയഭക്തി ഗാനം പാടിയത് ശരിയായില്ല എന്നായിരുന്നു ഇവരുടെ വാദം. ഇതിനെതിരെയാണ് ഇപ്പോള്‍ ക്ഷേത്ര കമ്മിറ്റി തന്നെ മുന്നോട്ട് വന്നിരിക്കുന്നത്. വിഷയത്തില്‍ നന്ദഗോവിന്ദം ഭജന്‍സും നിലപാട് വ്യക്തമാക്കിയിരുന്നു.

ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശ്യം ഒരിക്കലും ഉണ്ടായിരുന്നില്ല. ഇത് ആരെയെങ്കിലും അസ്വസ്ഥരാക്കി എന്നുണ്ടെങ്കില്‍ ആ വികാരത്തെ മാനിക്കുന്നു എന്ന് നന്ദഗോവിന്ദം ഭജന്‍സ് സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

'നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി നിലകൊണ്ടതാണ്. അത് മാറിയിട്ടില്ല. സംഗീതം നന്ദിയും ആദരവും ബന്ധവും പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ശക്തിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു അതായിരുന്നു ആ നിമിഷത്തിന് പിന്നിലുള്ള ഏക ചിന്ത. '- പോസ്റ്റില്‍ പറയുന്നു.

Nandagovindam Bhajans
തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം
Summary

chrsitian song controversy: temple committee supports nandagovindam bhajans

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com